മോസ്‌കോ: പോളണ്ടിനെ പറ്റിയല്ല, പോളിഷ് താരങ്ങളുടെ മണ്ടത്തരങ്ങളെക്കുറിച്ച് മിണ്ടാതിരിക്കാനാവില്ല. ലെവൻഡോവ്സ്കിയെപ്പോലൊരു വമ്പൻ താരമുണ്ടായിട്ടും സെനഗലിനോട് ഒന്നിനെതിരേ രണ്ട് ഗോളിന് തോറ്റതിന് പോളിഷ് ടീമിന് സ്വന്തം മണ്ടത്തരങ്ങളെയല്ലാതെ മറ്റൊന്നിനെയും കുറ്റപ്പെടുത്താനില്ല.

ആദ്യം ഒരു സെൽഫ് ഗോൾ വഴങ്ങി. പിന്നെ എതിർ ഏരിയയിൽ നിന്ന് സ്വന്തം ആളില്ലാത്ത സ്വന്തം ഏരിയയിലേയ്ക്ക് അനാവശ്യമായ ഒരു മൈനസ് പാസ്. സെനഗലിന് മുന്നിൽ കാലിടറാൻ പോളണ്ടിന് ഇത് രണ്ടും ധാരാളം. 

തിയാഗോ സിനോനെക്കിന്റെ കാലിൽ തട്ടി സ്വന്തം വലയിൽ ചെന്നു പതിച്ച പന്തിലാണ് സെനഗൽ ആദ്യം ലീഡ് നേടിയത്.

മുപ്പത്തിയേഴാം മിനിറ്റിലായിരുന്നു സെൽഫ് ഗോൾ. ബോക്സിന് വാരകൾ അകലെവച്ച് സാനെ ഇദ്രിസ ഗുയെയ്ക്ക് കൊടുത്തതാണ് പന്ത്. ഇദ്രിസ്സ ഗോളിലേയ്ക്ക് വെടിയുതിർക്കുകയും ചെയ്തു. എന്നാൽ, പന്ത് ഓടിയെത്തിയ സിനോനെക്കിന്റെ കാലിൽ തട്ടി നേരെ വലയിലേയ്ക്ക്. സെൽഫ് ഗോൾ. സെനഗൽ മുന്നിൽ. പോസ്റ്റിന് പുറത്തേയ്ക്ക് പോകുന്ന പന്താണ് സിനോനെക്കിന്റെ കാലിൽ തട്ടി വലയിലേയ്ക്ക് പാഞ്ഞത്. അതുകൊണ്ട് തന്നെയാണ് അത് സെൽഫ് ഗോളായി വിധിക്കപ്പെട്ടതും.

അറുപതാം മിനിറ്റിൽ കൈച്ചോവിയാക്കാണ് മൈതാനമധ്യത്തിൽ  അമ്പത് വാര അകലെ നിന്ന് സ്വന്തം ഏരിയയിൽ ബെഡ്നാറക്കിന് ഒരു ഒരു നീളൻ ലോബ് കൊടുത്തത്. എന്തിനായിരുന്നു അങ്ങനെയൊരു പാസ് എന്നെ ക്രൈചോവിയാക്കിന് മാത്രമേ അറിയൂ. എന്തായാലും ബെഡ്നാറക്കിന് പന്ത് കിട്ടിയില്ല. ഗോളി സെസ്സനി മധ്യനിര വരെ ഓടിക്കറിനോക്കിയെങ്കിലും പന്ത് കിട്ടിയ നിയാങ് അത് അനായാസമായി തന്നെ വലയിലാക്കി.

രണ്ടാം ഗോളിന് വഴിയൊരുക്കിയ  ക്രൈച്ചോവിയാക്കാണ് പോളണ്ടിന്റെ സമാശ്വാസ ഗോൾ നേടിയത്. എൺപത്തിയെട്ടാം മിനിറ്റിലായിരുന്നു ഗോൾ. ഗ്രോസിക്കിയെടുത്ത ഒരു ഫ്രീക്കിൽ നിന്നായിരുന്നു ഗോൾ. മാർക്ക് ചെയ്യപ്പെടാതെ നിന്ന  ക്രൈച്ചോവിയാക്കിന് ഖാദിം എൻഡിയായെ മറികടന്ന് പന്ത് നെറ്റിലെത്തിക്കാൻ ഒട്ടും ആയാസപ്പെടേണ്ടിവന്നില്ല.

മത്സരങ്ങളുടെ ലൈവ് അപ്ഡേറ്റ് വായിക്കാം

 

LIVE BLOG STATISTICS LINE-UPS

Loading Live Blog..

Content Highlights: World Cup 2018 Poland vs Senegal