ന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകുന്നത് പ്രകൃതി നിയമം. ഒരു കൂട്ടരുടെ ദുരന്തം മറ്റൊരു കൂട്ടര്‍ക്ക് ചരിത്രം നിമിഷമാകുന്നതാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ കണ്ടത്.

ഗോള്‍രഹിതമായി അവസാനിക്കേണ്ടതായിരുന്നു മത്സരം. അവസാന വിസിലിന് നിമിഷങ്ങള്‍ മാത്രം. എഹ്‌സാന്‍ ഹാജി സാഫിയുടെ ഫ്രീകിക്ക് ബോക്‌സിലേയ്ക്ക് പറന്നിറങ്ങുന്നു. ഒരുപക്ഷേ, മറ്റു നിരവധി ഫ്രീകിക്കുകളെയും പോലെ അലക്ഷ്യമായി പോകേണ്ട ഒരു കിക്ക്. പക്ഷേ, പോസ്റ്റിന് തൊട്ടു മുന്നില്‍ നിലകൊണ്ട ബൗഹാദൗസ് അത് കുത്തിയകറ്റാന്‍ പറന്നു ശ്രമിക്കുന്നു. പക്ഷേ, ബൗഹാദൗസിന്റെ തലയിലിടിച്ച് പന്ത് സ്വന്തം പോസ്റ്റിലേയ്ക്ക് വെടിയുണ്ട കണക്ക് പായുമ്പോള്‍ ഗോള്‍കീപ്പര്‍ക്ക് കാഴ്ചക്കാരനായിരിക്കാനേ കഴിഞ്ഞുള്ളൂ. കളി അടക്കിവാണിട്ടും തോറ്റ മൊറോക്കന്‍ ടീം ഒന്നടങ്കം ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍ അടുത്ത മിനിറ്റില്‍ റഫറിയുടെ നീണ്ട വിസില്‍ മുഴങ്ങിക്കഴിഞ്ഞു.

തോല്‍വിയറിയാത്ത തുടര്‍ച്ചയായ പതിനെട്ട് മത്സരങ്ങള്‍ക്കുശേഷമുള്ള ആദ്യ തോല്‍വിയെ തുടര്‍ന്ന് ദുരന്തഭൂമിയിലെന്നപോലെ സര്‍വവും തകര്‍ന്ന് മൊറോക്കന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ കുമ്പിട്ടിരുന്ന് തേങ്ങുമ്പോള്‍ ഇറാന്‍ നിരയില്‍ ആഘോഷത്തിന്റെ അമിട്ട് പൊട്ടുകയായിരുന്നു. ദുരന്തഭൂമിയില്‍ നിന്ന് വീണുകിട്ടിയെങ്കിലും ലോകകപ്പിന്റെ ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ വിജയമായിരുന്നു ഇതവര്‍ക്ക്.

1998 ജൂണ്‍ ഇരുപത്തിയൊന്നിനായിരുന്നു ഇറാന്റെ ആദ്യ ലോകകപ്പ് ജയം. രാഷ്ട്രീയപരമായി ശത്രുപക്ഷത്തുള്ള അമേരിക്കയെ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു അന്നവര്‍ തോല്‍പിച്ചത്. പക്ഷേ, ഫ്രാന്‍സിനുശേഷം നാലു ലോകകപ്പ് കഴിഞ്ഞു. ഇരുപത് വര്‍ഷവും. അതിനുശേഷമാണ് ഇറാന്‍ ലോകകപ്പില്‍ ഒരു ജയം നേടുന്നത്.

ലോകകപ്പില്‍ ഒരു മൊറോക്കന്‍ താരം വഴങ്ങുന്ന രണ്ടാമത്തെ സെല്‍ഫ് ഗോള്‍ കൂടിയാണിത്. ഇറാന്‍ അവസാനമായി ജയിച്ച 1998ലെ ഫ്രാന്‍സ് ലോകകപ്പില്‍ തന്നെയായിരുന്നു മൊറോക്കോയുടെ ആദ്യ സെല്‍ഫ് ഗോളും. യൂസെഫ് ചിപ്പോയുടെ വകയായിരുന്നു ആ ഗോള്‍.

2010 ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാന്‍ ഡെന്‍മാര്‍ക്കിനെ തോല്‍പിച്ചതിനുശേഷം ഇതാദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ലോകകപ്പില്‍ ഒരു മത്സരം വിജയിക്കുന്നത്. 2010 ജൂണ്‍ 24ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജപ്പാന്റെ ജയം. അന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയ ജപ്പാന്‍ പാരഗ്വായോട് ടൈബ്രേക്കറില്‍ തോറ്റു.

2014 ബ്രസീല്‍ ലോകകപ്പില്‍ ജപ്പാനും ദക്ഷിണ കൊറിയക്കും പുറമെ ഓസ്‌ട്രേലിയയും ഇറാനും കളിച്ചിരുന്നെങ്കിലും ഒരൊറ്റ ടീമിനും ഒരു ജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.

ഇക്കുറി വീണുകിട്ടിയതാണെങ്കിലും  മറ്റ് ഏഷ്യന്‍ ടീമുകള്‍ക്കും ഊര്‍ജം പകരുന്നതാണ് ഇറാന്റെ ജയം.

Content Highlights: Fifa World Cup 2018 Own Goal Iran Morocco Aziz Bouhaddouz