മോസ്‌ക്കോ: ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യയോട് തോറ്റതിന്റെ നിരാശ മറച്ചുവെയ്ക്കാതെ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍. ക്രൊയേഷ്യക്കെതിരെ ആദ്യം ലീഡെടുത്ത ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ കീഴടങ്ങല്‍.

'' ഞങ്ങളാകെ തകര്‍ന്നിരിക്കുകയാണ്, ഇത് ഞങ്ങളെ വേദനിപ്പിക്കുന്നു, ഒരുപാട് '', ലുസ്‌നിക്കിയിലെ മത്സരശേഷം കെയ്ന്‍ പ്രതികരിച്ചു. ഈ വേദന കുറച്ചുനേരത്തേക്കുണ്ടാകും. എങ്കിലും ഞങ്ങള്‍ക്ക് തല ഉയര്‍ത്തി തന്നെ നടക്കാം, കെയ്ന്‍ കൂട്ടിച്ചേര്‍ത്തു. 

ഇതൊരു ഒന്നാന്തരം യാത്രയായിരുന്നു. മറ്റാരേക്കാളും മുന്നേറാനും ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നു. ഈ ഒരു നിലയില്‍ എത്തിയതു തന്നെ വലിയ കാര്യമാണ്. എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് ഉറപ്പുണ്ട്. എങ്കിലും ഞങ്ങള്‍ക്ക് മുന്നോട്ടു പോകണമായിരുന്നു, ലോകകപ്പ് വിജയിക്കണമായിരുന്നു-കെയ്ന്‍ പറഞ്ഞു. 

1966-ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫിഫ റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനക്കാരായ  ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തുന്നത്.

അഞ്ചാം മിനിറ്റില്‍ തന്നെ കീറന്‍ ട്രിപ്പിയറുടെ ഫ്രീകിക്ക് ഗോളില്‍ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. എന്നാല്‍, അറുപത്തിയെട്ടാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ സമനില പിടിച്ച ക്രൊയേഷ്യ, അധികസമയത്തിന്റെ 109-ാം മിനിറ്റില്‍ മരിയോ മന്‍സൂക്കിച്ചിലൂടെ വിജയഗോള്‍ കുറിച്ചു.

Content Highlights: fifa world cup 2018, harry kane, england, croatia