മോസ്‌കോ: അഴിമതി ആരോപണവിധേയനായ ഫിഫയുടെ മുന്‍ തലവന്‍ സെപ് ബ്ലാറ്റര്‍ വിലക്ക് മറികടന്ന്  ലോകകപ്പ് കാണാനായി റഷ്യയിലെത്തും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുതിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും ബ്ലാറ്ററുടെ വാക്താവ് അറിയിച്ചു.

17 വര്‍ഷത്തോളം ഫിഫയുടെ അധ്യക്ഷ സ്ഥാനത്തിരുന്ന ബ്ലാറ്റര്‍ക്ക്‌ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് സ്ഥാനം നഷ്ടമായത്. സ്വിസ് പ്രോസിക്യൂട്ടറുടെ അന്വേഷണം നേരിടുന്ന 82-കാരനായ ബ്ലാറ്റര്‍ക്ക് 2016 മുതല്‍ ഫിഫ ആറു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഫുട്‌ബോളുമായി ബന്ധപ്പെട്ടുള്ള ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കരുതെന്നാണ് വിലക്ക്.

ഇത് ലംഘിച്ചാണ് അദ്ദേഹം റഷ്യയിലേക്ക് കളി കാണാനായി വിമാനം കയറിയിരിക്കുന്നത്. പുതിന്റെ ക്ഷണപ്രകാരമാണ് താന്‍ ലോകകപ്പ് കാണാൻ എത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഗ്രൂപ്പ് ബിയിലെ പോര്‍ച്ചുഗല്‍-മൊറോക്കോ, ഗ്രൂപ്പ് ഇ യിലെ ബ്രസീല്‍- കോസ്‌റ്ററീക്ക മത്സരങ്ങളാകും ബ്ലാറ്റര്‍ കാണുക. അതേസമയം ബ്ലാറ്റര്‍ റഷ്യയിലെത്തുന്നതിനോട് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.