രോ മത്സരങ്ങള്‍ കഴിയുംതോറും അത്ഭുതവും അവേശവും ആവോളം സമ്മാനിക്കുകയാണ് റഷ്യന്‍ ലോകകപ്പ്. ഇത്രയും പ്രവചനാതീതമായ ഒരു ലോകകപ്പ് മുൻപുണ്ടായിട്ടില്ല എന്നു തന്നെയാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ അഭിപ്രായം. 1970-നു ശേഷം ആതിഥേയരായ റഷ്യ അവസാന എട്ടു ടീമുകളിലൊന്നാകുന്നതിനും ഇംഗ്ലണ്ട് ഷൂട്ടൗട്ട്‌ ശാപം മറികടക്കുന്നതിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

ലോകകപ്പ് അതിന്റെ അവസാനത്തിലെത്തി നില്‍ക്കെ ലോകകപ്പിലെ കണക്കിലെ കളികളില്‍ റഷ്യ മാറ്റം വരുത്തിയത് എങ്ങനെയെന്നു നോക്കാം. 

28- റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ റഫറി വിധിച്ചത് 28 പെനാല്‍റ്റികളാണ്. ബ്രസീല്‍ ലോകകപ്പില്‍ ഇത് വെറും 13 എണ്ണം മാത്രമായിരുന്നു. 2002 ലോകകപ്പിലെ 18 ഗോളുകളായിരുന്നു ഇക്കൂട്ടത്തിലെ റെക്കോര്‍ഡ്. ഇത്തവണ റഷ്യ ആ റെക്കോര്‍ഡും മറികടന്നു.

23- 23 ഗോളുകളാണ് റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ അധികസമയത്ത് സ്‌കോര്‍ ചെയ്തത്. 1998-ലെ 10 ഗോളുകളായിരുന്നു ഇതിനു മുന്‍പുണ്ടായിരുന്നു റെക്കോര്‍ഡ്. അതിന്റെ ഇരട്ടിയിലേറെ ഗോളുകള്‍ അധികസമയത്ത് റഷ്യയില്‍ പിറന്നു.

11- റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ പിറന്ന സെല്‍ഫ് ഗോളുകള്‍ 11. 1998-ലെ ഫ്രാന്‍സ് ലോകകപ്പില്‍ പിറന്ന 6 ഗോളുകളായിരുന്നു ഇക്കൂട്ടത്തിലെ റെക്കോഡ്.

7- റഷ്യന്‍ ലോകകപ്പിലെ ശരാശരി ഇന്‍ജുറി ടൈം ഏഴു മിനിറ്റാണ്. മൂന്നു മിനിറ്റായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്.

3- ഇത്തവണത്തെ ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ മൂന്നു മത്സരങ്ങളിലും വിജയികളെ നിശ്ചയിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു. കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ 2 പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ചതായിരുന്നു ഇതിനു മുന്‍പത്തെ റെക്കോഡ്.

99- കഴിഞ്ഞ ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരായ പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ യാരി മിന ഹെഡറിലൂടെ നേടിയ ഗോള്‍ അധികസമയത്ത് പിറന്ന 99-ാമത്തെ ഗോളായിരുന്നു.

1966- ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ മത്സരത്തില്‍ രണ്ടുഗോള്‍ പിന്നില്‍ നിന്ന ശേഷം 90 മിനിറ്റിനുള്ളില്‍ തന്നെ മത്സരം ജയിക്കുന്ന രണ്ടാമത്തെ ടീമായി ബെല്‍ജിയം. ജപ്പാനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ രണ്ടു ഗോള്‍ പിന്നില്‍ നിന്ന ശേഷം 3-2 നായിരുന്നു അവരുടെ വിജയം. 1966 ലോകകപ്പില്‍ സൗത്ത് കൊറിയക്കെതിരെ രണ്ടു ഗോള്‍ പിന്നില്‍ നിന്ന ശേഷം 5-3 ന് മത്സരം ജയിച്ച പോര്‍ച്ചുഗലാണ് ഈ പട്ടികയില്‍ ആദ്യ സ്ഥാനക്കാര്‍.

39- 1954-ല്‍ ഇംഗ്ലണ്ടിന്റെ സ്റ്റാന്‍ലി മാത്യൂസിനു ശേഷം ഒരു ലോകകപ്പ് നോക്കൗട്ട് മത്സരം കളിക്കുന്ന പ്രായം കൂടിയ താരമാണ് മെക്‌സിക്കോയുടെ റാഫേല്‍ മാര്‍ക്വസ്. ബ്രസീലിനെതിരേ പ്രീക്വാര്‍ട്ടര്‍ കളിക്കുമ്പോള്‍ 39 വര്‍ഷവും 139 ദിവസവുമായിരുന്നു റാഫേലിന്റെ പ്രായം. 1954-ല്‍ യുറഗ്വായ്‌ക്കെതിരേ കളിക്കുമ്പോള്‍ സ്റ്റാന്‍ലി മാത്യൂസിന്റെ പ്രായം 39 വര്‍ഷവും 145 ദിവസവുമായിരുന്നു.

5- കഴിഞ്ഞ ആറു ലോകകപ്പുകളില്‍ അഞ്ചു തവണയും ആതിഥേയ രാജ്യങ്ങള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം നേടിയിട്ടുണ്ട്. 1998-ല്‍ ഫ്രാന്‍സ്, 2002-ല്‍ ദക്ഷിണ കൊറിയ, 2006-ല്‍ ജര്‍മനി, 2014-ല്‍ ബ്രസീല്‍, 2018-ല്‍ റഷ്യ.

2- 1966-ല്‍ ബള്‍ഗേറിയക്കു ശേഷം ലോകകപ്പില്‍ ഒന്നിലേറെ സെല്‍ഫ് ഗോളുകള്‍ വഴങ്ങുന്ന ആദ്യ ടീമാണ് റഷ്യ. ഇരുവരും രണ്ടു സെല്‍ഫ് ഗോളുകളാണ് വഴങ്ങിയത്.

38- ലോകകപ്പില്‍ സെല്‍ഫ് ഗോള്‍ വഴങ്ങുന്ന ഏറ്റവും പ്രായം കൂടിയ താരമായി റഷ്യയുടെ സെര്‍ജി ഇഗ്നാഷെവിച്ച്. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനെതിരേ സെല്‍ഫ് ഗോള്‍ വഴങ്ങുമ്പോള്‍ 38 വര്‍ഷവും 352 ദിവസവുമായിരുന്നു ഇഗ്നാഷെവിച്ചിന്റെ പ്രായം.

1- സുപ്രധാന ടൂര്‍ണമെന്റുകളിലെ 430 മത്സരങ്ങള്‍ കളിച്ചതില്‍ മൂന്നു ഗോള്‍ നേടിയിട്ടും അര്‍ജന്റീന തോറ്റ ആദ്യത്തെ മത്സരമായിരുന്നു ഫ്രാന്‍സിനെതിരായ പ്രീക്വാര്‍ട്ടര്‍(4-3).

Content Highlights: FIFA World Cup 2018, statistical analysis