മോസ്‌ക്കോ: റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്ക് കര്‍ശന താക്കീതുമായി ഫിഫ. കാണികള്‍ക്കിടയില്‍ നിന്ന് സ്ത്രീകളെ തിരഞ്ഞു പിടിച്ച് സൂം ചെയ്യുന്നത് കുറയ്ക്കണമെന്നാണ് ഫിഫയുടെ നിര്‍ദേശം. ലോകകപ്പിനിടെ ലൈംഗിക അതിക്രമകങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നിര്‍ദേശം.

ഇതുവരെ ഇത്തരത്തിലുള്ള മുപ്പതോളം കേസുകളാണ് ഫിഫയുടെ വിവേചന വിരുദ്ധ സമിതിക്ക് മുമ്പാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്നും ഫിഫ സമിതി വിലയിരുത്തുന്നു. റഷ്യയുടെ പൊതുനിരത്തുകളിൽ പോലും സ്ത്രീകള്‍ അതിക്രമം നേരിടുന്നു. കളി കാണാനെത്തിയ വിദേശികള്‍ തടഞ്ഞുനിര്‍ത്തി ശാരീരികമായി ആക്രമിക്കുന്നുവെന്നും ഫിഫ വ്യക്തമാക്കുന്നു. രജിസ്റ്റര്‍ ചെയ്ത കേസുകളേക്കാള്‍ പത്ത് മടങ്ങ് അധികമാണ് റഷ്യയിലെ ലൈംഗിക അതിക്രമമെന്നും ഫിഫയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും രക്ഷയില്ല. റിപ്പോര്‍ട്ടിങ്ങിനിടെ ശാരീരികമായി ശല്ല്യം ചെയ്യുകയും ചുംബിക്കുകയും ചെയ്ത നിരവധി കേസുകളുണ്ടെന്നാണ് ഫിഫ സമിതിയുടെ കണ്ടെത്തല്‍. 

ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ റഷ്യന്‍ പൊലീസുമായും പ്രാദേശിക ഏജന്‍സികളുമായും സഹകരിച്ചാണ് ഫിഫ കുറ്റവാളികളെ കണ്ടെത്തുന്നത്. ഫാന്‍ ഐഡികള്‍ ഇല്ലാത്തവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. 

ഗെറ്റി ഇമേജസിലെ ആരാധകരുടെ ചിത്രങ്ങളടങ്ങിയ ഗാലറിയും ഫിഫയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചു. സ്ത്രീ ആരാധകരുടെ നിരവധി ചിത്രങ്ങളാണ് ഈ ഫാന്‍ ഗാലറിയിലുണ്ടായിരുന്നത്. 

Content Highlights: Fifa warns broadcasters about focusing on women