ഇംഗ്ലീഷ് മാധ്യമങ്ങളും പണ്ഡിതന്മാരും ക്രൊയേഷ്യയെ വിലകുറച്ച് കണ്ടെന്നും അവിടെയാണ് തെറ്റ് പറ്റിയതെന്നും നായകന്‍ ലൂക്ക മോഡ്രിച്ച്. തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളാണ് ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരം വിജയിക്കാന്‍ തനിക്കും സഹകളിക്കാര്‍ക്കും പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.

"സെമിയില്‍ ഇംഗ്ലണ്ടിന് അനായാസ വിജയം ഉണ്ടാവുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങളും മുന്‍താരങ്ങളും പ്രവചനം നടത്തി. ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകരും പണ്ഡിതന്മാരും ടിവിയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇതെല്ലാം ഞങ്ങള്‍ കാണുന്നും കേള്‍ക്കുന്നുണ്ടായിരുന്നു."

ആരാണ് തളര്‍ന്ന് പോകുന്നതെന്ന് മത്സരത്തില്‍ കാണാം എന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. ഞങ്ങള്‍ തളര്‍ന്നില്ലെന്ന് ഒരിക്കല്‍ക്കൂടി കാണിച്ചുകൊടുത്തു. മത്സരത്തില്‍ മാനസികമായും ശാരീരികമായും ഞങ്ങള്‍ മേധാവിത്വം കാട്ടി. അവര്‍ക്ക് എതിരാളിയോട് കുറച്ചൂകൂടി വിനയവും ബഹുമാനവും കാണിക്കാമായിരുന്നുവെന്നും മോഡ്രിച്ച് പറഞ്ഞു.

ശ്രമിച്ചിരുന്നെങ്കില്‍ അധികസമയത്തിന് മുമ്പ് തന്നെ ഞങ്ങള്‍ക്ക് മത്സരം അവസാനിപ്പിക്കാമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത് മഹത്തായ നേട്ടമാണ്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നത്. ഞങ്ങള്‍ ഫൈനലിലെത്തി, ക്രൊയേഷ്യന്‍ ചരിത്രത്തില്‍ ഇതൊരു മഹാസംഭവമാണ്. ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു. 

Content Highlights : Luka Modric,Croatia,  FIFA World Cup 2018