സമാറ: ഹാരി കെയ്‌നിന്റെയും കൂട്ടരുടെയും കാത്തിരിപ്പ് വിഫലമായില്ല. ഇരുപത്തിയെട്ട് വര്‍ഷത്തിനുശേഷം ഇംഗ്ലീഷ് പട വീണ്ടും ലോകകപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.

ഇംഗ്ലണ്ട് പൂര്‍ണമായും ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് സ്വീഡനെ തോല്‍പിച്ചത്. മുപ്പതാം മിനിറ്റില്‍ ഹാരി മഗ്യൂറാണ് ആദ്യം ലീഡ് നേടിയത്. വീണ്ടും സെറ്റ് പീസില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍.

ആഷ്‌ലി യങ് എടുത്ത കോര്‍ണര്‍ ബോക്‌സില്‍ ഉയര്‍ന്നു ചാടി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു ലസ്റ്റര്‍ സിറ്റിയുടെ ഡിഫന്‍ഡറായ മഗ്യൂര്‍. ഗോളി റോബി ഓള്‍സന് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.

അമ്പത്തിയൊന്നാം മിനിറ്റില്‍ ഡെലി അലിയാണ് ലീഡുയര്‍ത്തിയത്. ബോക്‌സിന്റെ പുറത്ത് നിന്ന് ലിങ്ഗാര്‍ഡ് നല്‍കിയ ക്രോസ് അലി ഹെഡ്ഡ് ചെയ്താണ് വലയിലിട്ടത്. പോസ്റ്റിനുള്ളില്‍ മാര്‍ക്ക് ചെയ്യാതെ നിന്ന അലി നിഷ്പ്രയാസമാണ് പന്ത് വലയിലെത്തിച്ചത്. 

ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോണ്ടിന്റെ തകര്‍പ്പന്‍ പ്രകടനവും സ്വീഡന്റെ തോല്‍വിക്ക് പ്രധാനകാരണമായി. മാര്‍ക്‌സ് ബെര്‍ഗിന്റെ തന്നെ ഗോളെന്നുറച്ച രണ്ടു ഷോട്ടുകള്‍ അവിശ്വസനീയാംവിധം സേവ് ചെയ്തതടക്കം പിക്ക്‌ഫോണ്ടിന്റെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായി. ആദ്യ പകുതിക്ക് ശേഷം കൂടുതല്‍ കരുത്തോടെ കളി തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയില്‍ മൈതാനത്തെത്തിയ സ്വീഡന്‍ രണ്ടാം ഗോളും വഴങ്ങിയതോടെ വീണ്ടും സമ്മര്‍ദ്ദത്തിനടിമപ്പെട്ടു. രണ്ടു ഗോളുകള്‍ ലീഡായതോടെ ഇംഗ്ലണ്ടും പ്രതിരോധം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് ഫൈനല്‍ വിസില്‍ വരെ ഇഗ്ലീഷ് പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കാന്‍ സ്വീഡന് ആയില്ല.

റഷ്യ-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ ജേതാക്കളുമായിട്ടാണ്  സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് ഏറ്റുമുട്ടേണ്ടി വരിക. 1990ല്‍ ഇറ്റലിയിലാണ് ഇംഗ്ലണ്ട് അവസാനമായി ലോകകപ്പിന്റെ സെമിഫൈനല്‍ കളിച്ചത്. 1994-ല്‍ മൂന്നാം സ്ഥാനക്കാരായതിന് ശേഷം ഇപ്പോഴാണ് സ്വീഡന്‍ ലോകകപ്പില്‍ ആദ്യ ക്വാര്‍ട്ടര്‍ കളിച്ചത്. 

മത്സരത്തിന്റെ തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS