ഫിഫ ലോകകപ്പ് ഫുട്‌ബോളിനായി തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പ്രത്യേക പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. സുപ്രധാന മത്സരങ്ങിലെല്ലാം ഷൂട്ടൗട്ടിലെ തോല്‍വി ടീമിനെ വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് അതില്‍ തീവ്ര പരിശീലനം നടത്തുന്നത്. ഇംഗ്ലീഷ് ടീം ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. 

ഷൂട്ടൗട്ടിലേക്ക് നീണ്ട നിര്‍ണായകമായ ഏഴ് മത്സരങ്ങളില്‍ ആറിലും പരാജയമായിരുന്നു ഇംഗ്ലണ്ട് ടീമിന്. 1996-ല്‍ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനെതിരെ മാത്രമാണ് ഷൂട്ടൗട്ടിലൂടെ വിജയിച്ചത്. 

തിരശ്ശീലയ്ക്ക് പിന്നില്‍ ഞങ്ങള്‍ ഇത്തവണ ഒരുപാട് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയാം. പിക്‌ഫോര്‍ഡ് ഒരു ബ്രിട്ടീഷ് മാധ്യമത്തോടായി പറഞ്ഞു. നന്നായി പെനാല്‍റ്റി കിക്കെടുക്കുന്നവര്‍ ടീമിലുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ പരിശീലനത്തിലൂടെ അത്തരക്കാരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ലോകകപ്പില്‍ ഗ്രൂപ്പ് ജി യിലുള്ള ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം ടുണീഷ്യയോടാണ്. ജൂണ്‍ 18-നാണ് ആദ്യ മത്സരം.