''ഇതിലും ഭേദം ഞങ്ങള്‍ ബ്രസീലിനോടു തോല്‍ക്കുന്നതായിരുന്നു. ഫ്രാന്‍സ് നെഗറ്റീവ് ഫുട്‌ബോളാണ് കളിച്ചത്...'' ഫ്രാന്‍സിനെതിരായ സെമിഫൈനല്‍ തോല്‍വിക്കുശേഷം ബെല്‍ജിയം താരം ഈഡന്‍ ഹസാര്‍ഡ് വിലപിച്ചു. തോറ്റതിനേക്കാള്‍ തോറ്റ സാഹചര്യമാണ് ഹസാര്‍ഡിനെ സങ്കടപ്പെടുത്തിയത്‌. ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയെ ലോകകപ്പിന്റെ സെമിവരെയെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹസാര്‍ഡ് തോല്‍വിയില്‍ തലകുനിച്ചിരിക്കുമ്പോള്‍ ബെല്‍ജിയം ഒരേസ്വരത്തില്‍ പറയുന്നു, ഇല്ല, നിങ്ങള്‍ തോറ്റിട്ടില്ല.

സെമിവരെയുള്ള കുതിപ്പിന്റെ എല്ലാ ക്രെഡിറ്റും അവര്‍ ഹസാര്‍ഡിന് നല്‍കുന്നു. മധ്യനിരയില്‍ ഈഡന്‍ ഹസാര്‍ഡ് എന്ന മനുഷ്യന്റെ സാന്നിധ്യം തന്നെയാണ് ബെല്‍ജിയത്തെ ഇവിടംവരെ എത്തിച്ചത്. ലോകകപ്പില്‍ ഹസാര്‍ഡിന്റെ പേരിനുനേരെ തെളിയുന്ന കണക്കുകളും ആ പ്രതിഭയെ സാക്ഷ്യപ്പെടുത്തുന്നു.

രണ്ടു ഗോള്‍ നേടിയ ഹസാര്‍ഡ് മറ്റു രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കി. റഷ്യയില്‍ 428 മിനിറ്റ് ഹസാര്‍ഡ് രാജ്യത്തിനായി കളിച്ചു. റൊമേലു ലുക്കാക്കുവിന് പലവട്ടം ഗോളിലേക്കുള്ള വഴിതുറന്നുകൊടുത്ത ഹസാര്‍ഡ് മധ്യനിരയില്‍ പന്തടക്കത്തില്‍ അസാമാന്യ മികവുകാട്ടി.

അഞ്ചാം വയസ്സില്‍ റോയല്‍ ബ്രയ്നോയ്സിലൂടെ പന്തുതട്ടിത്തുടങ്ങിയ ഹസാര്‍ഡ് 2007-ല്‍ ഫ്രഞ്ച് ക്ലബ്ബ് ലിലെയിലൂടെയാണ് സീനിയര്‍ കരിയര്‍ തുടങ്ങുന്നത്. ലിലെക്കായി 147 മത്സരങ്ങളില്‍ 36 ഗോളുകള്‍ നേടി. 2012-ല്‍ ചെല്‍സിയിലെത്തിയ ഹസാര്‍ഡ് അന്നുമുതല്‍ ക്ലബ്ബിന്റെ എല്ലാമെല്ലാമാണ്. ചെല്‍സിക്കായി 208 മത്സങ്ങളില്‍ 69 ഗോളുകള്‍ നേടി. ബെല്‍ജിയത്തിനായി 91 മത്സരങ്ങളില്‍ 24 ഗോളുകള്‍ നേടി.

സെമിയില്‍ തോറ്റെങ്കിലും ലൂസേഴ്സ് ഫൈനല്‍ ജയിച്ച് മൂന്നാം സ്ഥാനവുമായി മടങ്ങണമെന്ന ആഗ്രഹത്തിലാണ് ഹസാര്‍ഡ് അടുത്തകളിയെ കാത്തിരിക്കുന്നത്. ലോകകപ്പിന്റെ താരം എന്ന ബഹുമതിക്കും ഹസാര്‍ഡ് അര്‍ഹനായേക്കാം.

Content Highlights:Eden Hazard hit out at anti football France