ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ തോറ്റുമടങ്ങാനായിരുന്നു അര്‍ജന്റീനയുടെ വിധി. ഇതിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് സാംപോളി വിരമിക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ സാംപോളി വിരമിച്ചാല്‍ അര്‍ജന്റീനക്ക് പുതിയ പരിശീലകനെ തേടി അലയേണ്ടി വരില്ല. അര്‍ജന്റീനയെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ നായകനും മുൻ പരിശീലകനുമായ ഡീഗോ മാറഡോണ. അതും സൗജന്യമായി. 

വെനസ്വേലന്‍ ടിവി നെറ്റ്​വര്‍ക്കായ ടെലെസറിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അര്‍ജന്റീനയുടെ പരിശീലകനായി തിരിച്ചെത്താനുള്ള ആഗ്രഹം മാറഡോണ പങ്കുവെച്ചത്. അതിനായി താനൊന്നും തിരിച്ച് ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ അര്‍ജന്റീനയെ പരിശീലിപ്പിച്ചത് മാറഡോണയായിരുന്നു. അന്ന് ക്വാര്‍ട്ടറില്‍, കരുത്തരായ ജര്‍മനിയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് അര്‍ജന്റീന മടങ്ങിയത്. ഇത്തവണ യോര്‍ഗെ സാംപോളിയുടെ കീഴില്‍ അവസാന എട്ടില്‍ പോലും എത്താതെ മടങ്ങാനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയുടെ വിധി. 

ഈ ലോകകപ്പിലെ മികച്ചവരെന്ന് പോലും താന്‍ കരുതാത്ത ടീമിനോട് തോറ്റ് തന്റെ ടീം പുറത്താകുന്നത് കാണേണ്ടി വന്നെന്നും മാറഡോണ വ്യക്തമാക്കി. ലോകകപ്പിനിടെ മാധ്യമങ്ങള്‍ മാറഡോണയെ ചിത്രീകരിക്കുന്ന രീതിയെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരണം ഇതായിരുന്നു; ''അവര്‍ കരുതുന്നത് ഞാന്‍ സന്തോഷവാനാണെന്നാണ്, എന്നാല്‍ എന്റെ ഹൃദയം വേദനിക്കുന്നുണ്ട് ''.

മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്ന ബ്രസീല്‍ ടീമിന്റെ പരിശീലകന്‍ ടിറ്റെയെ പ്രശംസിക്കാനും മറഡോണ മറന്നില്ല. ബ്രസീലിനെ കിരീടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടേയെന്നും മറഡോണ ആശംസിച്ചു.

Content Highlights: Diego Maradona offers to coach Argentina for free after World Cup exit