മോസ്‌കോ: അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തോറ്റുപുറത്തായതിനു കാരണം സൂപ്പര്‍ താരം മെസ്സിക്ക് കൂടുതല്‍ സമ്മര്‍ദം നല്‍കിയതിനാലെന്ന് മുൻ നായകൻ ഡീഗോ മാറഡോണ. മെസ്സിയില്ലാത്ത ടീം ഒന്നുമല്ലെന്നും ടീമിന്റെ തോല്‍വിയില്‍ തനിക്ക് ഒട്ടും അത്ഭുതമില്ലെന്നും മാറഡോണ പറഞ്ഞു. ടീമിന്റെ എല്ലാ മത്സരങ്ങളിലും ഗ്യാലറിയിലെ സജീവ സാന്നിധ്യമായിരുന്നു മാറഡോണ.

''നേരത്തേ പ്രഖ്യാപിക്കപ്പെട്ട മരണം നേരിട്ടു കാണാനാണ് ഞങ്ങള്‍ എത്തിയത്. ഒരു ലോകകപ്പുകൂടി കഴിഞ്ഞിരിക്കുന്നു. ഒന്നുമില്ലാതെ അര്‍ജന്റീന ടീം അവശേഷിക്കുന്നു. സ്ഥിരതയുള്ളൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയാതെപോയിരിക്കുന്നു'' -മാറഡോണ പറഞ്ഞു. പരിശീലകന്റെ കളിയാസൂത്രണങ്ങളെക്കുറിച്ചും മാറഡോണ അതൃപ്തി പ്രകടിപ്പിച്ചു.

'എങ്ങനെ ആക്രമിക്കണമെന്ന് അര്‍ജന്റീനക്ക് അറിയില്ല. പന്ത് കാലിലെത്തുമ്പോള്‍ എന്തു ചെയ്യണമെന്ന് പോലും അറിയില്ല. മറ്റൊരു ലോകകപ്പില്‍ കൂടി ഇങ്ങനെയൊരു ദുരന്തം സംഭവിച്ചതില്‍ സങ്കടമുണ്ട്. സ്ഥിരതയുള്ള ടീമാകാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞില്ല. ഫോര്‍മേഷന്‍ നോക്കിയാല്‍ തന്നെ ഇത് മനസ്സിലാക്കാം. ഫ്രഞ്ച് പ്രതിരോധത്തിനെതിര ആക്രമണത്തിന്റെ ചുമതല മെസ്സിക്കും പവണും ഡി മരിയക്കുമായിരുന്നു. ബോക്‌സിനുള്ളില്‍ എങ്ങനെ ആക്രമിച്ചു കളിക്കണമെന്ന് അവര്‍ക്കറിയുമെന്ന് എനിക്ക് തോന്നുന്നില്ല' സ്പാനിഷ് മാധ്യമമായ മാഴ്‌സയുടെ ഒരു പരിപാടിക്കിടയില്‍ സംസാരിക്കുകയായിരുന്നു മാറഡോണ. 

Content Highlights: Diego Maradona criticises Lionel Messi led Argentina