മോസ്‌കോ: ലോകകപ്പിനിടെയാണ് ഡെന്മാര്‍ക്ക് ഫുട്ബോള്‍ താരം ജോനാസ് നൂഡ്സെന് നാട്ടില്‍ നിന്നൊരു സന്ദേശം വരുന്നത്- 'നിങ്ങളൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായിരിക്കുന്നു'. ആദ്യ മത്സരത്തില്‍ പെറുവിനോടു ജയിച്ചുനില്‍ക്കുകയായിരുന്ന ജോനാസിന് ആ വാര്‍ത്ത ഇരട്ടിമധുരമായി.

പക്ഷേ, നാട്ടിലെത്തി തന്റെ മകളെ കാണാന്‍ അദ്ദേഹത്തിന് അതിയായ മോഹമുണ്ടായി. യാത്രയും പണവുമൊക്കെ ഒരു പ്രശ്‌നമായതോടെ ജോനാസ് വിഷമത്തിലായി. അവിടെ ജോനാസിനെ സഹായിക്കാന്‍ ടീമംഗങ്ങളൊന്നാകെ ഒത്തുനിന്നു. പ്രത്യേക വിമാനത്തില്‍ നാട്ടിലേക്കു തിരിക്കാനുള്ള പണം സഹതാരങ്ങള്‍ വീതിച്ചെടുത്തു നല്‍കിയപ്പോള്‍ ജോനാസും കൂട്ടുകാരും ഒരുപോലെ ഹാപ്പി.

ജോനാസ് ലോകകപ്പിന് റഷ്യയിലെത്തിയ ശേഷമായിരുന്നു ഭാര്യ ട്രിനെയുടെ പ്രസവം. പ്രതീക്ഷിച്ചതിലും ആഴ്ചകള്‍ക്കുമുമ്പേയാണ് ട്രിനെ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.

Content Highlights: Denmark squad pay for private jet for Jonas Knudsen to fly home to see newborn daughter