ലോകകപ്പില്‍ റഷ്യയെ മറികടന്ന് സൈമിഫൈനലിലേക്ക് ക്രൊയേഷ്യ മുന്നേറിയത് ആഘോഷിക്കുന്ന ക്രൊയേഷ്യന്‍ പ്രസിഡന്റിന്റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകുന്നു. റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവിന്റെ സാന്നിദ്ധ്യത്തില്‍ വിജയം ആഘോഷിക്കുന്ന ക്രൊയേഷ്യയുടെ വനിതാ പ്രസിഡന്റ് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ചിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

സ്‌റ്റേഡിയത്തിലെ വിഐപി ബോക്സില്‍ ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോവിനേയും സാക്ഷിയാക്കിയാണ് കിറ്ററോവിച്ച് ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന് പിന്നാലെ ദേശീയ ടീമിന് ഒപ്പം നൃത്തം ചെയ്തും ഇവര്‍ രാജ്യത്തിന്റെ ആഘോഷിച്ചു. 

പ്രസിഡന്റ് ആണെന്നത് കണക്കിലെടുക്കാതെയുള്ള കിറ്ററോവിച്ചിന്റെ വിജയാഘോഷത്തിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ഡെന്‍മാര്‍ക്കിന് എതിരായ മത്സരത്തിലും ടീമിന് പിന്തുണ അറിയിച്ച് സ്റ്റേഡിയത്തില്‍ എത്തിയ പ്രസിഡന്റിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനില പാലിച്ചതിനെ തുടര്‍ന്ന് ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ റഷ്യയെ മറികടന്നത്. ക്രൊയേഷ്യ നാല് കിക്കുകള്‍ വലയിലെത്തിച്ചപ്പോള്‍ റഷ്യക്ക് മൂന്നെണ്ണമേ ഗോളാക്കാന്‍ കഴിഞ്ഞുള്ളു. 1998ന് ശേഷം ഇത് ആദ്യമായാണ് രാജ്യം ലോകകപ്പിന്റെ സെമിയില്‍ കടക്കുന്നത്.