മോസ്‌കോ: നോക്കൗട്ട് മത്സരങ്ങള്‍ അധികസമയത്തേക്ക് നീണ്ടെങ്കിലും ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരേ ക്രൊയേഷ്യന്‍ താരങ്ങള്‍ കളിക്കാനിറങ്ങുക അധിക ഊര്‍ജത്തോടെയാകുമെന്ന് മിഡ്ഫീല്‍ഡര്‍ ഇവാന്‍ റാക്കിറ്റിച്ച്.

നോക്കൗട്ട് റൗണ്ടിലെ ക്രൊയേഷ്യയുടെ മൂന്നു മത്സരങ്ങളും അധികസമയത്തേക്ക് നീണ്ടിരുന്നു. ഡെന്‍മാര്‍ക്കിനും റഷ്യയ്ക്കുമെതിരായ പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അധികസമയവും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ക്രൊയേഷ്യയുടെ വിജയം. പോരാത്തതിന് ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ വിജയത്തിലും ക്രോട്ടുകള്‍ക്ക് 120 മിനിറ്റ് കളിക്കേണ്ടിവന്നു.

ഈ മത്സരത്തിനു പിന്നാലെ ക്രൊയേഷ്യന്‍ താരങ്ങളില്‍ ചിലര്‍ മൈതാനത്തു നിന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ തളര്‍ന്നുപോയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റാക്കിറ്റിച്ചിന്റെ പ്രതികരണം. ആരാധകരോട് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കൂടുതല്‍ ഊര്‍ജത്തോടെയായിരിക്കും ഫൈനല്‍ കളിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് വിജയത്തിനായി താന്‍ നേടിയ ട്രോഫികള്‍ വരെ പകരം നല്‍കാൻ തയ്യാറാണെന്നും റാക്കിറ്റിച്ച് പറഞ്ഞു. ലോകകപ്പ് വിജയിക്കുമെങ്കില്‍ അടുത്തദിവസം വിരമിക്കാനും തയ്യാര്‍. രാജ്യത്തിനായി എന്തും ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ക്ക് മാത്രമല്ല, ക്രോട്ടുകാരായ ഓരോരുത്തര്‍ക്കും ഇതൊരു ചരിത്രപ്രധാനമായ മത്സരമാണ്. 4.5 മില്ല്യന്‍ താരങ്ങള്‍ മൈതാനത്തുണ്ടാകും. അവര്‍ ഓരോരുത്തരും പകരുന്ന ഊര്‍ജ്ജം ഞങ്ങള്‍ക്കു കൂട്ടിനുണ്ടാകും. എല്ലാം ചെയ്തുകഴിഞ്ഞെന്ന് വിളിച്ചു പറഞ്ഞ് ഫുട്‌ബോള്‍ മൈതാനത്തു നിന്ന് തല ഉയര്‍ത്തിത്തന്നെ മടങ്ങണം', റാക്കിറ്റിച്ച് പറഞ്ഞു.  

'1998-ലെ ഫ്രാന്‍സിനെതിരായ തോല്‍വിയുടെ ഓര്‍മ്മകളെയും ഞങ്ങള്‍ക്ക് മറികടക്കണം. കഴിഞ്ഞത് കഴിഞ്ഞു. ലിലിയന്‍ തുറാമും അദ്ദേഹത്തിന്റെ രണ്ടുഗോളുകളും കുറേക്കാലം ഞങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു. ഞങ്ങള്‍ക്കതെല്ലാം മറക്കണം. അന്ന് അവര്‍ വിജയിച്ചു. ഞായറാഴ്ച ഞങ്ങള്‍ക്ക് വിജയം നേടണം', റാക്കിറ്റിച്ച് ഉറപ്പിച്ചു പറയുന്നു. 1998-ലെ ലോകകപ്പ് സെമിഫൈനലില്‍ ക്രൊയേഷ്യയെ 2-1 ന് തോല്‍പ്പിച്ചായിരുന്നു ഫ്രാന്‍സിന്റെ ഫൈനല്‍ പ്രവേശനം.

Content Highlights:croatia, rakitic