മോസ്‌ക്കോ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരശേഷം റഷ്യക്കെതിരേ ദോമഗോജ് വിദക്കൊപ്പം മുദ്രാവാക്യം വിളിച്ച ക്രൊയേഷ്യന്‍ സഹപരിശീലകനായ  ഒഗ്ജെന്‍ വുക്കോജെവിച്ചിനെ പുറത്താക്കി.

മത്സരശേഷം വിദ മുന്‍ ക്രൊയേഷ്യന്‍ താരംകൂടുയായ ഒഗ്ജെന്‍ വുക്കോജെവിച്ചുമായി ചേര്‍ന്ന് 'ഗ്ലോറി ടു യുക്രൈന്‍' എന്ന് പറഞ്ഞിട്ട വീഡിയോ വിവാദമായിരുന്നു. യുക്രൈനിലെ ആന്റി റഷ്യന്‍ നാഷണലിസ്റ്റുകളുടെ മുദ്രാവാക്യമാണ് ഇവര്‍ ഉപയോഗിച്ചത്. യുക്രൈന്‍ ക്ലബ്ബായ ഡൈനാമോ കീവിനുവേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്.

രാഷ്ട്രീയപരമായ ആംഗ്യങ്ങളോ മറ്റ് പ്രയോഗങ്ങളോ നടത്തിയാന്‍ സസ്‌പെന്‍ഷന്‍ വരെ നല്‍കാമെന്നാണ് ഫിഫയുടെ ചട്ടം. ഇതിനിടെയാണ് ഒഗ്ജെന്‍ വുക്കോജെവിച്ചിനെ ലോകകപ്പ് ടീം ക്യാമ്പില്‍ നിന്ന് നീക്കം ചെയ്തതായി ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചത്. സംഭവത്തില്‍ ഇരുവരും പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ഒഗ്ജെന്‍ വുക്കോജെവിച്ചിനെതിരേ മാത്രമാണ് നടപടിയുണ്ടായിരിക്കുന്നത്.

കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഫിഫയുടെ വിലക്കും ഉണ്ടായേക്കാം.. തമാശയായാണ് ഞാന്‍ അങ്ങനെ പറഞ്ഞതെന്നും റഷ്യക്കാരോട് എനിക്ക് സ്‌നേഹമാണെന്നുമാണ് വിദ റഷ്യന്‍ മാധ്യമത്തോട് വ്യക്തമാക്കിയത്.

ക്വാര്‍ട്ടറില്‍ റഷ്യയെ പരാജയപ്പെടുത്തിയ ക്രൊയേഷ്യ സെമിയില്‍ ഇംഗ്ലണ്ടുമായിട്ടാണ് ഏറ്റുമുട്ടുക.

Content Highlights: Croatia remove Vukojevic from World Cup coaching staff after ‘glory to Ukraine’ video