ബ്രസല്‍സ്: ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് രാജ്യത്തിന്റെ പ്രസിഡന്റും മന്ത്രിമാരും ഒന്നടങ്കം. സെമി യില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നത് ക്രൊയേഷ്യന്‍ ടീം അംഗങ്ങള്‍ പ്രസിഡന്റ് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ചിനൊപ്പം ആഘോഷിക്കുന്ന വീഡിയോ വൈറലായിരുന്നു. 

ഫ്രാന്‍സിനെതിരെയുള്ള ഫൈനല്‍ മത്സരം കാണാനും കാളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച് റഷ്യയിലെത്തും. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന നാറ്റൊ ഉച്ചക്കോടിയില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയാണിപ്പോള്‍ അവര്‍. ഉച്ചക്കോടിക്കിടയിലും അവര്‍ ഫുട്‌ബോള്‍ ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കും ഉച്ചക്കോടിക്കിടെ ക്രൊയേഷ്യന്‍ ടീമിന്റെ ജഴ്‌സി നല്‍കുകയുണ്ടായി കാളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച്.

ക്രൊയേഷ്യന്‍ ടീമിന്റെ ചുവപ്പും വെള്ളയും ചേര്‍ന്ന ജഴ്‌സികളില്‍ അവരുടെ പേരുകളെഴുതിയാണ് കൈമാറിയത്. സ്‌ട്രൈക്കര്‍ ആന്ദ്രെ ക്രാമരിച്ചിന്റെ ഒമ്പതാം നമ്പര്‍ ജഴ്‌സിയാണ് ട്രംപിന് നല്‍കിയത്. 1998-ല്‍ ക്രൊയേഷ്യയെ ലോകകപ്പ് സെമിഫൈനല്‍ വരെ എത്തിച്ച ഇതിഹാസ താരം ഡേവിഡ് സക്കറും ഒമ്പതാം നമ്പര്‍ ജഴ്‌സിയാണ് അണിഞ്ഞിരുന്നത്.

ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിന്റെ 10-ാം നമ്പര്‍ ജഴ്‌സിയാണ് തെരേസാ മേയ് നല്‍കിയത്. ഇരുവര്‍ക്കും ജഴ്‌സി കൈമാറുന്നതിന്റെ ചിത്രങ്ങള്‍ കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച് സമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.  ഇംഗ്ലണ്ടിനോട് സെമിഫൈനലില്‍ ഏറ്റമുട്ടുന്നതിന് മുമ്പായിരുന്നു ഈ ജഴ്‌സി കൈമാറ്റം.