croatiaക്രൊയേഷ്യ ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത തീയതിയാവും 1998 ജൂലായ് 08. അന്നാണവര്‍ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ സെമിഫൈനല്‍ കളിക്കാന്‍ 76,000 കാണികള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡി ഡി ഫ്രാന്‍സ് മൈതാനത്തിറങ്ങിയത്. വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലാതെ ആദ്യമായി ലോകകപ്പിനെത്തിയ ആ ടീം സെമിഫൈനല്‍വരെയെത്തിയത് ഏവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. സെമിയില്‍ അന്ന് എതിരാളിയായിവന്നത് ആതിഥേയരായ ഫ്രാന്‍സ്. ക്രൊയേഷ്യ സുകേറിലൂടെ ആദ്യഗോള്‍ നേടിയപ്പോള്‍ സ്റ്റേഡിയം മൂകം.

എന്നാല്‍, ഒരു മിനിറ്റ് ആയുസ്സ് മാത്രമേ ക്രോട്ടുകളുടെ ആഘോഷത്തിനുണ്ടായിരുന്നുള്ളൂ. തുറാമിലൂടെ ഉടന്‍ ഫ്രാന്‍സ് തിരിച്ചടിച്ചപ്പോള്‍ പിന്നീട് തിരിച്ചുവരാന്‍ ക്രൊയേഷ്യയ്ക്കായില്ല. 69-ാം മിനിറ്റില്‍ തുറാം തന്നെ രണ്ടാംഗോള്‍ നേടിയതോടെ ക്രോട്ടുകള്‍ പയ്യേ കീഴടങ്ങി.

ജര്‍മനിയെന്ന വന്‍വെല്ലുവിളിയെ തോല്‍പ്പിച്ചായിരുന്നു അന്ന് ക്രോയേഷ്യയുടെ പടയോട്ടം. ഹോളണ്ടിനെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനമെന്ന ചരിത്രനേട്ടത്തോടെയാണ് ആദ്യമായി ലോകകപ്പിനെത്തിയ ക്രൊയേഷ്യ അന്ന് ഫ്രാന്‍സ് വിട്ടത്. ഒപ്പം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനുള്ള സുവര്‍ണപാദുകം കൈക്കലാക്കി ഡാവര്‍ സുകേറും. ലോകകപ്പ് കഴിഞ്ഞിറങ്ങി ഫിഫ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനമെന്ന നേട്ടവും അന്ന് ക്രൊയേഷ്യയെ തേടിയെത്തി.

ഇന്നിതാ പകരംവീട്ടാനുള്ള സുവര്‍ണാവസരമാണ് ക്രൊയേഷ്യയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നത്. 1998-ലെ ഫ്രാന്‍സിനെതിരായ തോല്‍വിയുടെ ഓര്‍മകളെ ഞങ്ങള്‍ക്ക് മറികടക്കണമെന്ന് ക്രൊയേഷ്യന്‍ താരം റാക്കിട്ടിച്ച് പറഞ്ഞതോടെ സൂപ്പര്‍ ഫൈനലാവും ലുഷ്‌നിക്കിയില്‍ കാണാന്‍കഴിയുക.