ലിസ്ബണ്‍:  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അതേ പാതയിലൂടെ തന്നെയാണ് മകന്‍ റൊണാള്‍ഡോ ജൂനിയറിന്റേയും സഞ്ചാരം. റഷ്യയില്‍ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിന് ശേഷം റൊണാള്‍ഡോ ജൂനിയര്‍ നേടിയ ഗോളാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാ വിഷയം. അള്‍ജീരിയക്കെതിരായ സൗഹൃദ മത്സരത്തിന് ശേഷമാണ് റൊണാള്‍ഡോ ജൂനിയര്‍ ഗോളിലൂടെ ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.

അള്‍ജീരിയക്കെതിരെ ഏകപക്ഷീയമായ മൂന്നു ഗോളിന് പോര്‍ച്ചുഗല്‍ ജയിച്ചിരുന്നു. പിന്നീട് ഗ്രൗണ്ടിലേക്കെത്തിയ ജൂനിയര്‍ റൊണാള്‍ഡോ അച്ഛന്റെ സമ്മതത്തോടെ കിക്കെടുത്തു. ഏഴു വയസ്സുകാരന്‌റോ ഷോട്ട് ഗോള്‍കീപ്പറെ മറികടന്ന പോസ്റ്റിന്റെ വലത് കോര്‍ണറിലേക്കെത്തി. അച്ഛന്‍ ആദ്യം തെല്ലൊന്നമ്പരന്നെങ്കിലും പിന്നീട് മുഖത്ത് കൂസലില്ലാത്തൊരു ചിരി പടര്‍ന്നു. 

പോര്‍ച്ചുഗല്‍ ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'അവസാന വിസിലെന്നാല്‍ മത്സരം അവസാനിച്ചു എന്നല്ല. റൊണാള്‍ഡോ ജൂനിയര്‍ അച്ഛന്റെ വഴിയേ തന്നെയാണ്'  ഈ കുറിപ്പോടെയാണ് പോര്‍ച്ചുഗല്‍ ടീം ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. 

അള്‍ജീരിയക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിന് വേണ്ടി ഗോണ്‍സാലോ ഗുവേഡസ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഒരു ഗോള്‍ നേടി. ജൂണ്‍ പതിനഞ്ചിന് സ്‌പെയിനിനെതിരെയാണ് പോര്‍ച്ചുഗലിന്റെ ലോകകപ്പിലെ ആദ്യ മത്സരം.

Content Highlights: Cristiano Ronaldo Jr. impresses father with screamer after Portugal game