നികുതി വെട്ടിപ്പിന് ക്രിസ്റ്റ്യാനോ രണ്ടു വര്‍ഷം തടവും കൂറ്റന്‍ സംഖ്യ പിഴയും ഒടുക്കാന്‍ വിധി വന്നത് സ്പെയിനിനെതിരായ പോര്‍ച്ചുഗലിന്റെ മത്സരത്തിന് അഞ്ചു മണിക്കൂര്‍ മുന്‍പാണ്. ക്രിസ്റ്റ്യാനോ പക്ഷേ, ഈ വാര്‍ത്തയോട് പ്രതികരിച്ചത് സോച്ചിയിലെ പുല്‍ത്തകിടിയിലാണ്. റെക്കോഡുകള്‍ ഒന്നൊന്നായി തിരുത്തിക്കൊണ്ടുള്ള സ്വര്‍ണവര്‍ണമുള്ള ഒരു ഹാട്രിക്ക് കൊണ്ട്. കളവും കളിയും അടക്കിവാണ സ്പെയിൻ മത്സരം സ്വന്തമാക്കുമെന്ന് ഉറപ്പിച്ചപ്പോഴായിരുന്നു ഈ ഹാട്രിക്കിലൂടെ ക്രിസ്റ്റ്യാനോ പോർച്ചുഗലിനെ ഒറ്റയ്ക്ക് തോളിലേറ്റി സമനിലയിലെത്തിച്ചത്.
ലോകകപ്പിന്റെ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ പോര്‍ച്ചുഗീസ് താരമാണ് ക്രിസ്റ്റ്യാനോ. 1966ല്‍ കൊറിയന്‍ റിപ്പബ്ലിക്കിനെതിരെ നാലു ഗോള്‍ നേടിയ ഇതിഹാസതാരം യൂസേബിയോയും 2002ല്‍ പോളണ്ടിനെതിരെ മൂന്ന് തവണ നിറയൊഴിച്ച പൗലേറ്റയുമാണ് ക്രിസ്റ്റിയാനോയുടെ മുന്‍ഗാമികള്‍.
ഈ ഹാട്രിക് നേട്ടത്തോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഹംഗേറിയന്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്കാസിനൊപ്പമെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. മൊത്തം ഗോള്‍ നേട്ടത്തില്‍ ഇറാന്റെ അലി ദെയ്ക്ക് പിറകില്‍ രണ്ടാമതും. ക്രിസ്റ്റ്യാനോയ്ക്കും പുഷ്കാസിനും എണ്‍പത്തിനാല് അന്താരാഷ്ട്ര ഗോളുകള്‍ വീതമുണ്ട്. അലി ദെയിക്ക് 109 ഗോളുകളും. 151 കളികളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ 84 ഗോളുകള്‍ സ്കോര്‍ ചെയ്തത്.
ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടി താരം എന്ന രസകരമായ ഒരു നാഴികക്കല്ല് കൂടി താണ്ടിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. സ്പാനിഷ് വലയില്‍ എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ അടിച്ചുകയറ്റുമ്പോള്‍ 33 വയസ്സും 130 ദിവസവുമാണ് ക്രിസ്റ്റ്യാനോയുടെ പ്രായം.
മൂന്ന് ലോകകപ്പുകളിലും ലോകകപ്പ് അടക്കം എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലും സ്കോര്‍ ചെയ്ത താരം എന്ന ബഹുമതിയും ക്രിസ്റ്റിയാനോ സ്വന്തമാക്കി. 2004, 2008, 2012, 2016 യൂറോ കപ്പ്, 2006, 2010, 2014, 2018 ലോകകപ്പ് എന്നിവയിലെല്ലാം ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനുവേണ്ടി സ്കോര്‍ ചെയ്തുകഴിഞ്ഞു.
സോചിയില്‍ ക്രിസ്റ്റ്യാനോ നേടിയത് ക്ലബുകള്‍ക്കും രാജ്യത്തിനും വേണ്ടിയുള്ള തന്റെ കരിയറിലെ 51-ാം ഹാട്രിക്കായിരുന്നു. സന്ദര്‍ഭവശാല്‍ ലോകകപ്പിലെ 51-ാം ഹാട്രിക് കൂടിയാണിത്.
Content Highlights: cristiano ronaldo hat trick in world cup 2018 Portugal vs Spain