കുഞ്ഞുങ്ങള്‍ നാലായെങ്കിലും ഇതുവരെ ഒരു പെണ്‍കുട്ടിക്കും തന്റെ ജീവിതത്തില്‍ ഭാര്യയുടെ സ്ഥാനം ക്രിസ്റ്റ്യാനൊ റൊണാൾഡോ നല്‍കിയിട്ടില്ല. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ നാലാമത്തെ കുഞ്ഞ് അലാന മാര്‍ട്ടിനയുടെ അമ്മയും ക്രിസ്റ്റ്യാനോയുടെ കാമുകിയുമായ ജോര്‍ജിന റോഡ്രിഗസ് ആ സ്ഥാനത്തേക്കെത്തുമെന്നാണ് സൂചനകള്‍. മൊറോക്കോയ്ക്കെെതിരായ മത്സരത്തിന് ശേഷമാണ് ആരാധകര്‍ അതിനുള്ള സാധ്യത കണ്ടെത്തിയത്. 

ക്രിസ്റ്റ്യാനോയുടേയും ജോര്‍ജിനയുടേയും വിവാഹനിശ്ചയം കഴിഞ്ഞിട്ടുണ്ടത്രെ! കാരണം മറ്റൊന്നുമല്ല, മൊറോക്കോയ്‌ക്കെതിരായ പോര്‍ച്ചുഗലിന്റെ കളി കാണുന്നതിനിടെ ജോര്‍ജിന വിരലിലണിഞ്ഞ വജ്രമോതിരം ഉയര്‍ത്തിക്കാട്ടുകയായിരുന്നു. ഇതോട ആരാധകരുടെ ചര്‍ച്ച മുഴവന്‍ ആ വഴിക്കായി. പലരും ക്രിസ്റ്റ്യാനോ നേടിയ ആ ഹെഡ്ഡര്‍ ഗോള്‍ പോലും മറന്നു. 

മത്സരത്തിന് മുമ്പ് ക്രിസ്റ്റ്യാനോയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ജോര്‍ജിന താരത്തിന്റെ ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ് ഗാലറിയിലെത്തിയത്. കളിയുടെ നാലാം മിനിറ്റില്‍ തന്നെ സൂപ്പര്‍താരം ഗോളടിച്ചതോടെ ജോര്‍ജിന പോര്‍ച്ചുഗലിന്റെ പതാകയുമേന്തി സുഹൃത്തുക്കള്‍ക്കൊപ്പം ആര്‍പ്പുവിളിച്ചു.

ജോര്‍ജിന മെസ്സിയുടെ നാട്ടുകാരിയായതിനാല്‍ തന്നെ തനിക്ക് മെസ്സിയേയും അര്‍ജന്റീനയേയും ഇഷ്ടമാണെന്ന് നേരത്തെ ക്രിസ്റ്റ്യാനൊ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിനിടെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ക്രിസ്റ്റ്യാനോയുടെ ഈ ഉത്തരം. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് കിരീടം നേടിയപ്പോഴും ക്രിസ്റ്റ്യാനോടൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാന്‍ ജോര്‍ജിനയുണ്ടായിരുന്നു. 

Georgina Rodriguez
മത്സരം കാണാനെത്തിയ ജോര്‍ജിന   ഫോട്ടോ: റോയിട്ടേഴ്‌സ്

Content Highlights : Cristiano Ronaldo, Georgina Rodriguez, World Cup