മോസ്‌കോ: ലോകകപ്പ് അരങ്ങേറ്റം കുറിച്ച വീഡിയോ അസിസ്റ്റന്റ് റഫറിമാര്‍(വി.എ.ആര്‍.)ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ മുഖ്യ റഫറിമാര്‍ക്കെതിരേയും ആരോപണങ്ങള്‍. ജര്‍മനിക്കെതിരായ നിര്‍ണായക മത്സരത്തില്‍ സ്വീഡന് അനുകൂലമായി റഫറി പെനാല്‍ട്ടി അനുവദിക്കുകയോ വാറിന്റെ സഹായം തേടുകയോ ചെയ്യാത്തതാണ് ഒടുവിലത്തെ സംഭവം.

കളിയുടെ 12-ാം മിനിറ്റില്‍ ജര്‍മന്‍ ബോക്‌സിനുള്ളില്‍ പന്തുമായെത്തിയ സ്വീഡിഷ് താരം മാര്‍ക്കസ് ബെര്‍ഗിനെ ജര്‍മന്‍ ഡിഫന്‍ഡര്‍ ബോട്ടെങ് വീഴ്ത്തിയിരുന്നു. ഫൗള്‍ അനുവദിക്കാനോ വാര്‍ സേവനം തേടാനോ റഫറി തയ്യാറായില്ല. വാര്‍ പരിശോധന നടത്തിയിരുന്നെങ്കില്‍ പെനാല്‍ട്ടി ലഭിക്കേണ്ട ഫൗളായിരുന്നു അത്. കളിയുടെ അവസാനം നേടിയ ഗോളിന് ജര്‍മനി ജയിക്കുകയും ചെയ്തു.

നേരത്തേ, റഷ്യക്കെതിരായ മത്സരത്തില്‍ റഫറി എന്റിക്വെ കാസറെസ് തങ്ങള്‍ക്കെതിരേ നിലകൊണ്ടുവെന്ന് ഈജിപ്ത് ഫിഫയ്ക്ക് ഔദ്യോഗികമായി പരാതിനല്‍കാന്‍ തീരുമാനിച്ചിരുന്നു. ആദ്യമത്സരത്തില്‍ യുറഗ്വായോടു േതാറ്റിരുന്ന ഈജിപ്ത് റഷ്യയോടും തോറ്റതോടെ ലോകകപ്പില്‍നിന്ന് പുറത്തായിരുന്നു.

ടുണീഷ്യയ്‌ക്കെതിരായ ആദ്യകളിയില്‍ തങ്ങള്‍ക്കനുകൂലമായ പെനാല്‍ട്ടി റഫറി അനുവദിക്കുകയോ വാര്‍ സഹായം തേടുകയോ ചെയ്തില്ലെന്ന് ഇംഗ്ലണ്ട് ആരോപണമുന്നയിച്ചിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ സമാനമായി തങ്ങള്‍ക്കും റഫറിയുടെയോ വാറിന്റെയോ സഹായം കിട്ടിയില്ലെന്ന് ബ്രസീലും പരാതിപ്പെട്ടിരുന്നു.