സമാറ: യെറി മിന നേടി ഏക ഗോളില്‍ കൊളംബിയ റഷ്യന്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. സെനഗലിനെതിരെ വിജയിച്ച് ഗ്രൂപ്പ് എച്ചില്‍ ആറു പോയിന്റുമായി ചാമ്പ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഈ ഗ്രൂപ്പില്‍ നിന്ന് നാല് പോയിന്റുമായി ജപ്പാനും അവസാന പതിനാറിലെത്തി. സെനഗലിനും ജപ്പാനും നാല് പോയിന്റാണുള്ളതെങ്കിലും മഞ്ഞക്കാര്‍ഡ് വാങ്ങുന്നതില്‍ കുറവ് വരുത്തിയത് ജപ്പാനാണ്. ഇതോടെയാണ് ഏഷ്യന്‍ ടീമിന് പ്രീ ക്വാര്‍ട്ടറിലേക്കുള്ള വഴി തെളിഞ്ഞത്. 

74-ാം മിനിറ്റിലാണ് പ്രതിരോധ താരം യെറി മിന കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയായിരുന്നു മിനയുടെ ഗോള്‍. യുവാന്‍ ക്വിന്ററോ എടുത്ത കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യാതെ ബോക്‌സില്‍ നിന്നിരുന്ന മിന ഉയര്‍ന്നു ചാടി പന്ത് വലയിലേക്ക് കുത്തിയിടുകയായിരുന്നു മിന. ഈ ലോകകപ്പില്‍ മിനയുടെ രണ്ടാം ഗോളാണിത്. നേരത്തെ പോളണ്ടിനെതിരേയും മിന ഗോള്‍ നേടിയിരുന്നു.

മത്സരത്തിന്റെ 18-ാം മിനിറ്റില്‍ തന്നെ സെനഗലിന് അനുകൂലമായി റഫറി നല്‍കിയ പെനാല്‍റ്റി വാറിന്റെ ഇടപെടിലിലൂടെ കൊളംബിയക്ക് ആശ്വസം ലഭിച്ചു. ഡേവന്‍സന്‍ സാഞ്ചസ് ബോക്സില്‍ വെച്ച് സാദിയോ മാനെയെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി നല്‍കിയത്. എന്നാല്‍ കൊളംബിയന്‍ താരങ്ങളുടെ അപ്പീലില്‍ തീരുമാനം വാറിന് വിടുകയും വാര്‍ പെനാല്‍റ്റിയല്ലെന്ന് കണ്ടെത്തുകയുമായിരുന്നു.

നാല് പോയിന്റുള്ള സെനഗലിന് പ്രീ ക്വാര്‍ട്ടറിലെത്താന്‍ സമനില മാത്രം മതിയായിരുന്നു. കൊളംബിയക്ക് ജയം നിര്‍ബന്ധവുമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ സെനഗലാണ് മികച്ച് നിന്നതെങ്കില്‍ രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി. പരിക്കിനെ തുടര്‍ന്ന് ഹാമിഷ് റോഡ്രിഗസിനെ ആദ്യ മുപ്പത് മിനിറ്റ് പിന്നിട്ടതോടെ കോച്ച് ഹൊസെ പെക്കര്‍മാന്‍ പിന്‍വലിച്ചു. തന്നെ പിന്‍വലിച്ച തീരുമാനത്തില്‍ അനിഷ്ടം പ്രകടിപ്പിച്ചാണ് റോഡ്രിഗസ് കളംവിട്ടത്. ബെഞ്ചിലേക്ക് പോകാതെ നേരെ ഡ്രസിംഗ് റൂമിലേക്ക് പോയ അദ്ദേഹം അല്‍പസമയത്തിനുള്ളില്‍ ടീമിന് ആവേശം പകരാന്‍ തിരിച്ചെത്തി.

ഗ്രൂപ്പ് ജി യിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയക്ക് ഏറ്റമുട്ടേണ്ടി വരിക.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS

Loading Live Blog..

Content Highlights: Colombia vs Senegal Live Commentary Malayalam World Cup