മോസ്‌കോ: ജപ്പാനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയ കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിന് വധഭീഷണി. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ സാഞ്ചസിനെ വധിക്കണമെന്ന ആഹ്വാനമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

സെല്‍ഫ് ഗോള്‍ വഴങ്ങിയതിനാണ് ആന്ദ്രേ എസ്‌കോബാര്‍ കൊല്ലപ്പെട്ടതെങ്കില്‍ സാഞ്ചസിനെയും വധിക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. സംഭവത്തില്‍ കൊളംബിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ലോകകപ്പിലെ ആദ്യ മത്സരത്തിന്റെ മൂന്നാം മിനിറ്റിലാണ് ഷിന്‍ജി കഗാവയുടെ ഗോളെന്നുറച്ച ഷോട്ട് കാര്‍ലോസ് സാഞ്ചസ് കൈ കൊണ്ട് തടഞ്ഞത്. നെറ്റിലേക്ക് നീങ്ങിയ കഗാവയുടെ ഷോട്ട് ബോക്‌സില്‍ വച്ച് സാഞ്ചസ് കൈകൊണ്ട് തട്ടുകയായിരുന്നു.

കാര്‍ലോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയപ്പോള്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ജപ്പാന്‍ ഗോള്‍ നേടി. മത്സരം തോറ്റതോടെ സാഞ്ചസ് പ്രതിസ്ഥാനത്തായി. 

അമേരിക്കക്കെതിരെ 1994 ലെ ലോകകപ്പില്‍ സെല്‍ഫ് ഗോള്‍ അടിച്ച ആന്ദ്രേ എസ്‌കോബാറിനെ വെടിവെച്ച് കൊന്നിരുന്നു. ലോകകപ്പ് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മയക്കുമരുന്നുമാഫിയയും വാതുവെപ്പുകാരും എസ്‌കോബാറിന്റെ ജീവനെടുക്കുകയായിരുന്നു.

Content Highlights : Colombia, Carlos Sanchez, death threats, FIFA World Cup 2018, Shinji Kagawa