മോസ്‌കോ: ഇഞ്ചുറി ടൈമിൽ തിരിച്ചുവന്ന കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. സ്വീഡനാണ് അവസാന എട്ടിലെ അവരുടെ എതിരാളി. ഷൂട്ടൗട്ടിൽ  മൂന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നിശ്ചിത സമയത്തും എക്സ്ട്രാടൈമിലും ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്‌.

കൊളംബിയക്കുവേണ്ടി ഫാൽക്കാേവോ, ക്വാഡ്രാഡോ, മുറിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് മടങ്ങുകയും കാര്‍ലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലീഷ് ഗോളി ജോർദൻ പിക്ക്ഫോർഡ് തടയുകയും ചെയ്തു. ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്ൻ, റാഷ്ഫോർഡ്, ട്രിപ്പിയർ, ഡീർ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹെൻഡേഴ്സന്റെ കിക്ക് കൊളംബിയൻ ഗോളി ഓസ്പിന തടഞ്ഞിട്ടു.

ഇംഗ്ലണ്ടിന്റെ ഹെന്‍ഡേഴ്‌സണിന്റെ കിക്ക് ഒസ്പിന തടഞ്ഞതോടെ കൊളംബിയക്ക് ഷൂട്ടൗട്ടില്‍ മുന്‍തൂക്കം ലഭിച്ചതാണ്. എന്നാല്‍ അവസാന രണ്ട് കിക്കുകള്‍ പാഴാക്കി കൊളംബിയ അതു കളഞ്ഞുകുളിച്ചു. ഇംഗ്ലണ്ടാകട്ടെ പെനാല്‍റ്റി ഷൂട്ടൗട്ടെന്ന ശാപം മായ്ച്ചു കളഞ്ഞു. ലോകകപ്പില്‍ മൂന്നു തവണ ഷൂട്ടൗട്ടില്‍ പുറത്തായ ഇംഗ്ലണ്ട് നാലാം തവണ അതിജീവിക്കുകയായിരുന്നു.

ഒരു ഗോളിന്റെ ലീഡ് വഴങ്ങിയ കൊളംബിയയെ ഇഞ്ചുറി ടൈമിൽ മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത് യെറി മിനയാണ്. 93-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് ബാഴ്‌സലോണ ഡിഫന്‍ഡര്‍ പോസ്റ്റിലേക്ക് ഉയര്‍ന്നുചാടി കുത്തിയിടുകയായിരുന്നു. ഇംഗ്ലീഷ് ഗോളി ഡൈവ് ചെയ്തപ്പോഴേക്കും പന്ത് വലയിലെത്തിയിരുന്നു. ഇതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. ഈ ലോകകപ്പില്‍ യെറി മിനയുടെ മൂന്നാം ഗോളാണിത്.

57-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഇംഗ്ലണ്ട് ലീഡെടുത്തത്‌. കെയ്‌നിനെ ബോക്‌സില്‍ വെച്ച് കാര്‍ലോസ് സാഞ്ചസ് വീഴ്ത്തിയതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഒപ്പം സാഞ്ചസിന് മഞ്ഞക്കാര്‍ഡും. ജപ്പാനെതിരെ ഗ്രൂപ്പ് മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ സാഞ്ചസ് വീണ്ടും ഇംഗ്ലണ്ടിനെതിരേയും ഫൗള്‍ ആവര്‍ത്തിക്കുകയായിരുന്നു.

പെനാല്‍റ്റിയെടുക്കാന്‍ പതിവുപോലെ കെയ്‌നെത്തി. ഗോള്‍കീപ്പര്‍ ഒസ്പിന കാലു കൊണ്ട് പന്ത് തടയാന്‍ ശ്രമിച്ചെങ്കിലും കെയ്‌നിന്റെ പെനാല്‍റ്റിയെ പരീക്ഷിക്കാന്‍ അതിനാകുമായിരുന്നില്ല. ഇംഗ്ലണ്ട് മുന്നില്‍ 1-0.  ഈ ലോകകപ്പില്‍ കെയ്‌നിന്റെ ആറാം ഗോളാണിത്. ഇംഗ്ലണ്ടിന് ലഭിക്കുന്ന അഞ്ചാം പെനാല്‍റ്റിയും.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായിരുന്നു. തുടക്കത്തിലെ ആധിപത്യം ഇംഗ്ലണ്ടിന് കളിയിലുടനീളം സ്ഥാപിക്കാനായില്ല. അതേ സമയം ഇംഗ്ലീഷ് പ്രതിരോധനിരയുടെ കരുത്ത് പ്രകടമാവുകയും ചെയ്തു. ഫാല്‍ക്കവോയുടേയും ക്വിന്റെറോയുടേയും ക്വാഡ്രാഡോയുടെ മുന്നേറ്റത്തിന് പലപ്പോഴും ഇംഗ്ലീഷ് ബോക്‌സ് വരെ മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ. മറുഭാഗത്ത് ഹാരി കെയിനും സ്‌റ്റെര്‍ലിങിനും തുടരെ തുടരെ അവസരങ്ങള്‍ തേടിയെത്തി. പന്ത് വലയിലെത്തിയില്ലെന്ന് മാത്രം. മത്സരത്തിനിടെ പലതവണ കൊളംബിയന്‍ ഇംഗ്ലീഷ് താരങ്ങള്‍ വാക് തര്‍ക്കത്തിലേര്‍പ്പെടുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. കൊളംബിയന്‍ താരങ്ങള്‍ക്ക് ആറും ഇംഗ്ലണ്ട് താരങ്ങള്‍ക്ക് രണ്ടും മഞ്ഞ കാര്‍ഡുകളാണ് വാങ്ങിയത്.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS
 

.