മോസ്‌കോ: ഇംഗ്ലണ്ടിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊളംബിയയുടേത് പരുക്കന്‍ അടവുകളായിരുന്നു. പലപ്പോഴും റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. എക്‌സ്ട്രാ ടൈമും ഷൂട്ടൗട്ടും പിന്നിട്ട മത്സരത്തില്‍ ആറു മഞ്ഞക്കാര്‍ഡുകളാണ് കൊളംബിയന്‍ താരങ്ങള്‍ കണ്ടത്. 

ഹാരി കെയ്‌നിനെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന് അനുകൂലമായ പെനാല്‍റ്റിയും ലഭിച്ചു. എന്നാല്‍ കളിക്കാരില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഈ ഫൗള്‍ കളി. കൊളംബിയയുടെ കോച്ചിങ് സ്‌റ്റേഫിലേക്ക് വരെ എത്തി ഇക്കളി.

മത്സരം ഇടവേളക്ക് പിരിഞ്ഞപ്പോഴായിരുന്നു സംഭവം. കളിക്കാര്‍ ഗ്രൗണ്ടില്‍ നിന്ന് ടണലിലേക്ക് കയറുകയായിരുന്നു. ഇതിനിടയില്‍ സൈഡ് ലൈനില്‍ നിന്ന് കൊളംബിയയുടെ കോച്ചിങ് സ്റ്റാഫിലൊരാള്‍ സ്റ്റെര്‍ലിങ്ങിനെ കൈമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു. മന:പൂര്‍വ്വമായിരുന്നു ഈ ഇടി. ഒന്നു തിരിഞ്ഞുനോക്കിയ സ്‌റ്റെര്‍ലിങ് വീണ്ടും മുന്നോട്ടു നീങ്ങി. 

എന്നാല്‍ ഇത് റഫറി കാണുന്നുണ്ടായിരുന്നു. അപ്പോള്‍ തന്നെ അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ റഫറി മറന്നില്ല. സ്റ്റെര്‍ലിങ് വന്നിടിച്ചതെന്നായിരുന്നു കോച്ചിങ് സ്റ്റാഫിന്റെ ആരോപണം. ഷൂട്ടൗട്ടിനൊടുവില്‍ കൊളംബിയയെ മറികടന്ന് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 

Content Highlights: Colombia coaching staff appears to deliberately elbow Raheem Sterling as he jogs off for half time