സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ആശങ്ക വേണ്ട, നെയ്മര്‍ വെള്ളിയാഴ്ച കളിക്കുമെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ. കോച്ചിന്റെ വാക്കില്‍ വിശ്വസിച്ച് ബ്രസീല്‍ വെള്ളിയാഴ്ച കോസ്റ്ററീക്കയ്‌ക്കെതിരേ. ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് സെയ്ന്റ്പീറ്റേഴ്സ്ബര്‍ഗിലാണ് ബ്രസീല്‍ കോസ്റ്ററീക്കയെ നേരിടുന്നത്.

ഗ്രൂപ്പ് ഇ യിലെ ആദ്യമത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയ ബ്രസീലിനും സെര്‍ബിയയോട് തോറ്റ കോസ്റ്ററീക്കയ്ക്കും ജയിച്ചാലേ മുന്നോട്ടുള്ള വഴി ഉറപ്പിക്കാനാകൂ. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടും യുറഗ്വായും ഇറ്റലിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് കറുത്ത കുതിരകളായി മുന്നേറി ക്വാര്‍ട്ടര്‍ വരെ എത്തിയ കോസ്റ്ററീക്കയെ നിസ്സാരമായി കാണാനാകില്ല.

ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയതുമാത്രമല്ല, സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറിന്റെ ശാരീരികക്ഷമതയും ബ്രസീലിന് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ നെയ്മര്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തിലൂടെ നാലുമാസത്തിനുശേഷം അന്താരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിനെതിരേ നെയ്മര്‍ 90 മിനിറ്റും കളിച്ചെങ്കിലും പരിപൂര്‍ണമായി സുഖം പ്രാപിച്ചോ എന്ന സംശയമുണര്‍ത്തി.

മത്സരത്തില്‍ പത്തുതവണ നെയ്മര്‍ ഫൗള്‍ചെയ്യപ്പെട്ടു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലോകകപ്പ് മത്സരത്തില്‍ ഒരാള്‍ നേരിടുന്ന ഏറ്റവും കടുത്ത ഫൗളാണിത്. ഇരുപതാം മിനിറ്റില്‍ കുടീന്യോയുടെ ഗോളിലൂടെ മുന്നിലെത്തിയ ബ്രസീലിനെ സ്യൂബറുടെ ഒരു ഗോളിലൂടെ സ്വിസ് ടീം സമനിലയില്‍പിടിക്കുകയായിരുന്നു.

ചൊവ്വാഴ്ച പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങിയതോടെ നെയ്മര്‍ വീണ്ടും പരിക്കിലാണെന്ന് വാര്‍ത്ത പരന്നു. സോച്ചിയില്‍ പരിശീലനത്തിനിറങ്ങിയ പത്തുമിനിറ്റിലേറെ പന്തുതട്ടിയശേഷം വലതുകാലില്‍ വേദന തോന്നിയ നെയ്മര്‍ മാധ്യമ പ്രവര്‍ത്തകര്‍ കണ്ടുനില്‍ക്കേ പരിശീലനം നിര്‍ത്തുകയായിരുന്നു. എന്നാല്‍, വ്യാഴാഴ്ച വീണ്ടും പരിശീലനത്തിനിറങ്ങിയതോടെ കോച്ചും ടീമും പ്രതീക്ഷയിലാണ്. യുവതാരങ്ങളുടെ വലിയ സംഘം ബ്രസീലിനുണ്ടെങ്കിലും നെയ്മര്‍ കൂടെയില്ലെങ്കില്‍ അത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമോ എന്ന ആശങ്ക പരിശീലകന്‍ ടിറ്റെയ്ക്കുണ്ട്. അതുകൊണ്ടുകൂടിയാണ് ആദ്യ മത്സരത്തില്‍ 90 മിനിറ്റും കളിപ്പിച്ചത്.

വെള്ളിയാഴ്ച നെയ്മര്‍ കളിച്ചില്ലെങ്കില്‍ പകരം അതേ പൊസിഷനില്‍ സെന്‍ട്രല്‍ സ്ട്രൈക്കറായി ഗബ്രിയേല്‍ ജീസസ് തുടരും. കുടീന്യോയുടെ സ്ഥാനത്തേക്ക് റെനാറ്റോ അഗസ്റ്റോ എത്തുമെന്നാണ് കണക്കുകൂട്ടല്‍. ടീമിനെ തിയാഗോ സില്‍വ നയിക്കും.

മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്ററീക്കയ്‌ക്കെതിരേ ബ്രസീലിന് മികച്ച റെക്കോഡുണ്ട്. കഴിഞ്ഞ 58 വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും ബ്രസീലിനെ തോല്‍പ്പിക്കാന്‍ അവര്‍ക്കായിട്ടില്ല. ഇതിനിടെ എട്ടുതവണ ബ്രസീല്‍ കോസ്റ്ററീക്കയെ തോല്‍പ്പിച്ചു. സെര്‍ബിയക്കെതിരേ കളിച്ചപ്പോള്‍ വലതുവിങ്ങില്‍ കളിച്ച ജോഹാന്‍ വെനേഗാസിനുപകരം ക്രിസ്റ്റ്യന്‍ ബൊലാനോസിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്.

പ്രതിരോധം അതിശക്തമാക്കിയതുകൊണ്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ബ്രസീലിനെ പിടിച്ചുകെട്ടിയത്. വെള്ളിയാഴ്ച കോസ്റ്ററീക്കയും ഇതേ മാര്‍ഗം അവലംബിക്കാന്‍ സാധ്യതയുണ്ടെന്ന് ക്യാപ്റ്റന്‍ ബ്രയാന്‍ റൂയിസ് പറയുന്നു.