സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ബ്രസീൽ ആവോളം മാത്രമല്ല, വേവോളം തന്നെ കാത്തു. ഒടുവിൽ നല്ല ഒന്നാന്തരം സദ്യ തന്നെ ഒരുക്കി ക്ഷമ കെട്ട്, ചങ്കിടിപ്പോടെ കാത്തുനിന്ന ആരാധകർക്ക്. തൊണ്ണൂറ് മിനിറ്റും ഗോൾ വീഴാതെ പോയ മത്സരത്തിൽ റഫറി അനുവദിച്ച അവസാന ഏഴ് മിനിറ്റിൽ നേടിയ രണ്ട് ഗോളിന് കോസ്റ്ററീക്കയെ തോൽപിച്ച മുൻ ചാമ്പ്യന്മാർ പ്രീക്വാർട്ടർ പ്രതീക്ഷ കെടാതെ കാത്തു.

തൊണ്ണൂറ്റി ഒന്നാം മിനറ്റിൽ കുട്ടീന്യോയും തൊണ്ണൂറ്റിയേഴാം മിനിറ്റിൽ നെയ്മറുമാണ് ബ്രസീലിന്റെ ആയുസ്സ് നീട്ടിക്കൊടുത്ത ഗോളുകൾ നേടിയത്.

ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങിയ ബ്രസീൽ ഈ ജയത്തോട് നാലു പോയിന്റുമായി ഗ്രൂപ്പ് ഇയിൽ ഒന്നാമതായിരിക്കുകയാണ്. ഇതോടെ ബ്രസീലിന് പ്രീക്വാർട്ടർ പ്രവേശനത്തിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. 

സമാനതകളുള്ള ഗാബ്രിയേല്‍ ജീസസിന്റെ തന്നെ രണ്ട്  പാസുകളില്‍ നിന്നാണ് കുട്ടീന്യോയും നെയ്മറും സ്‌കോര്‍ ചെയ്തത്. ഇടത് കോര്‍ണറില്‍ നിന്ന് ഗാബ്രിയേല്‍ ജീസസ് ബോക്‌സിന്റെ മധ്യത്തിലേക്ക് നീട്ടി നല്‍കിയ പന്തുകള്‍ പോസ്റ്റിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു കുട്ടിന്യോയും നെയമറും.

നിശ്ചിത സമയം വരെ ബ്രസീലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ പ്രതിരോധിച്ചും ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങള്‍ നടത്തിയും പോന്ന കോസ്റ്ററീക്കയ്ക്ക് ഇത് കണ്ണീരോടെയുള്ള മടക്കമായി. ആദ്യ മത്സരത്തിലും പരാജയപ്പെട്ട അവര്‍ക്കിനി ടുര്‍ണ്ണമെന്റില്‍ മുന്നോട്ട് പോകാനാകില്ല. 

ആദ്യ പകുതിയില്‍ ചെറിയ മുന്‍തൂക്കം മാത്രമുണ്ടായിരുന്ന ബ്രസീല്‍ രണ്ടാം പകുതിയിലാണ് വീര്യം തുറന്നുകാട്ടിയത്. കോസ്റ്ററീക്കന്‍ പോസ്റ്റില്‍ നിന്ന് പന്തിന് ഒഴിഞ്ഞ് പോവാനായില്ല രണ്ടാം പകുതിയില്‍. ഇതിനിടയില്‍ രണ്ട് തുറന്ന അവസരങ്ങള്‍ നെയ്മര്‍ പാഴാക്കുകയും ചെയ്തു.

79-ാം മിനില്‍ ബോക്‌സിനുള്ളില്‍ കോസ്റ്ററീക്കന്‍ ഡിഫന്‍ഡറുമായി കുട്ടിയിടിച്ച് നെയ്മര്‍ കൂട്ടിയിടിച്ച് വീണത് നാടകീയ സൃഷ്ടിച്ചു. ബ്രസീല്‍ താരങ്ങള്‍ പെനാല്‍റ്റി അപ്പീലുമായി സമീച്ചതോടെ റഫറി തീരുമാനം വാറിന് വിട്ടു. എന്നാല്‍ പെനാല്‍റ്റിക്ക് വകുപ്പില്ലെന്ന് വീഡിയോ റഫറി കണ്ടെത്തുകയായിരുന്നു. സെര്‍ബിയയോടാണ് ബ്രസീലിന് ഇനി മത്സരമുള്ളത്. ഇതില്‍ സമനില മാത്രം മതിയാകും ബ്രസീലിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍.

തത്സയമ വിവരണം വായിക്കാം

LIVE BLOG STATISTICS LINE-UPS

Loading Live Blog..