ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ ട്രോളിക്കൊല്ലുകയാണ് വിമര്‍ശകര്‍. ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ നെയ്മര്‍ മൈതാനത്ത് വീണതിന് കണക്കില്ല. ഇതില്‍ അധികവും അഭിനയമാണെന്ന് സമൂഹമാധ്യമങ്ങളിലടക്കം നിരവധി ആക്ഷേപങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു.

ഇതിനിടെ ഈ ആക്ഷേപങ്ങള്‍ക്ക് ആക്കം കൂട്ടികൊണ്ട് കോസ്റ്ററീക്കയ്ക്കെതിരെയും നെയ്മര്‍ തന്റെ അഭിനയം തുടര്‍ന്നു. കോസ്റ്ററീക്കന്‍ ഡിഫന്‍ഡര്‍ ഗോണ്‍സലെസ് പിടിച്ച് തള്ളിയെന്ന വാദത്തില്‍ പിന്നിലേക്ക് മറിഞ്ഞ വീണ നെയ്മര്‍ പെനാല്‍റ്റിക്ക് വേണ്ടി അപ്പീല്‍ ചെയ്യുകയും റഫറി പെനാല്‍റ്റി കിക്ക് സമ്മാനിക്കുകയും ചെയ്തു. എന്നാല്‍ നെയ്മറിന്റെ ഈ കള്ളത്തരം വാര്‍ കയ്യോടെ കണ്ടുപിടിച്ചു. 

ഇപ്പോളിതാ നെയ്മറുടെ ഓരോ വീഴ്ചക്കും ഓരോ പെഗ് മദ്യം എന്ന ഓഫറുമായി എത്തിയിരിക്കുകയാണ് ഒരു ബാര്‍. ബ്രസീലിലെ  റിയോ ഡി ജെനെയ്‌റോയിലെ  സര്‍ വാള്‍ട്ടര്‍ പബ് ആണ് മദ്യപാനികളെ ആകര്‍ഷിക്കുന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. 

സംഭവം എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയി. ഇതോടെ സര്‍ വാള്‍ട്ടര്‍ പബ്ബിന്റെ ഈ ഓഫര്‍ ശ്രദ്ധയാകര്‍ഷിച്ചു. അടുത്ത കളിയില്‍ നെയ്മറിന്റെ വീഴ്ചകളുടെ എണ്ണം കൂടുമോയെന്ന് കാത്തിരുന്നു കാണാം.

Content Highlights : Brazil Bar,Neymars Falls, Rio de Janeiro, FIFA World Cup 2018