റോസ്തോവ്: ഇതാണ് ചുവന്ന ചെകുത്താന്മാരുടെ യഥാർഥ പോരാട്ടവീര്യം. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം അവിശ്വസനീയമാംവണ്ണം തിരിച്ചുവന്ന ബെൽജിയം അവസാനശ്വാസത്തിൽ നേടിയ ഗോളിനാണ് ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ജപ്പാനെ മറികടന്നത്. പകരക്കാരുടെ കരുത്തിൽ രണ്ടിനെതിരേ മൂന്ന് ഗോളിനായിരുന്നു ബെൽജിയത്തിന്റെ ജയം. 1970 നുശേഷം ഇതാദ്യമായാണ് ഒരു ടീം നോക്കൗട്ട് റൗണ്ടിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം തിരിച്ചുവരുന്നത്. ക്വാർട്ടർഫൈനലിൽ ബ്രസീലാണ് ഇവരുടെ എതിരാളി.

അമ്പത്തിരണ്ട് മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ജപ്പാൻ. 48-ാം മിനിറ്റിൽ ഹരാഗുച്ചിയും 52-ാം മിനിറ്റി ഇന്യൂയിയുമാണ് ബെൽജിയത്തെ ഞെട്ടിച്ചത്. എന്നാൽ, നാലു മിനിറ്റിൽ രണ്ട് ഗോൾ മടക്കി ബെൽജിയം തിരിച്ചുവന്നു. 69-ാം മിനിറ്റിൽ വെർട്ടോൻഗനും 74-ാം മിനിറ്റിൽ പകരക്കാരൻ ഫെല്ലെയ്നിയുമാണ് ബെൽജിയത്തെ ഒപ്പമെത്തിച്ചത്. മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ മറ്റൊരു പകരക്കാരൻ ചാഡ്​ലി വിജയഗോൾ നേടി ജയമൊരുക്കി.

ഒരു കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു വിജയഗോളിന്റെ പിറവി. തോമസ് മ്യൂനിയറുടെ ബോക്‌സിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി വലത് മൂലയില്‍ നിന്ന് ഇടത്തോട്ട് നല്‍കിയ ചെറിയൊരു ക്രോസ് ലുക്കാക്കു അറ്റന്‍ഡ് ചെയ്യാതെ ചാഡ്‌ലിയുടെ കാലിലേക്ക് വിട്ട് നല്‍കുകയായിരുന്നു. ചാഡ്‌ലയത് കൃത്യമായി വലയിലെത്തിക്കുകയും ചെയ്തു.

നേരത്തെ പ്രതിരോധത്തില്‍ വരുത്തിയ പിഴവിന് മഴവില്ല് പോലൊരു ഹെഡ്ഡറിലൂടെ വെര്‍ട്ടോഗന്‍ മറുപടി നല്‍കുകയായിരുന്നു. കോര്‍ണര്‍ കിക്കില്‍ ജപ്പാന്റെ ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്തിയ പന്ത് ബോക്‌സിന്റെ ഇടത് മൂലയില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന വെര്‍ട്ടോഗന്‍ ഹെഡ്ഡ് ചെയ്തു. കറങ്ങിതിരിഞ്ഞ്  പന്ത്  പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് താഴ്ന്നിറങ്ങി. 

65-ാം മിനിറ്റില്‍ മെര്‍ട്ടെന്‍സിനെ പിന്‍വലിച്ച് ഫെല്ലെയ്‌നിയെ ഇറക്കിയ കോച്ചിന്റെ തന്ത്രം ഫലിക്കുന്നതാണ് 74-ാം മിനിറ്റില്‍ കണ്ടത്. ക്യാപ്റ്റന്‍ ഹസാര്‍ഡ് ഇടതു വിങ്ങില്‍ നിന്ന് നല്‍കിയ പന്ത് പോസ്റ്റിലേക്ക് കുത്തിയിടുകയായിരുന്നു ഫെല്ലെയ്‌നി. ബെല്‍ജിയം ഒപ്പം പിടിച്ചു. 

നാലു മിനിറ്റിനുള്ളില്‍ രണ്ട് ഗോളടിച്ചാണ് ഏഷ്യയുടെ ഏക പ്രതിനിധിയായ ജപ്പാന്‍ ആദ്യം ബെല്‍ജിയത്തെ ഞെട്ടിച്ചത്. നാൽപത്തിയെട്ടാം മിനിറ്റിൽ ഗെംഗി ഹരാഗുച്ചിയാണ് ആദ്യം ഗോൾ നേടിയത്. മധ്യനിരയിൽ നിന്ന് ഷിബാസാക്കി ബെൽജിയൻ പ്രതിരോധത്തിന്റെ വിള്ളലിലൂടെ കൊടുത്ത ബുദ്ധിപരമായ ത്രൂപാസ് പിടിച്ചാണ് ഹരാഗുച്ചി ഗോളിയെ തോൽപിച്ച് വലയിലാക്കിയത്. ഷിബാസാക്കിയുടെ പാസ് തടയുന്നതിൽ സെന്റർ ബാക്ക് വെർട്ടോഗൻ വരുത്തിയ ഗുരുതരമായ പിഴവാണ് ഹരാഗുച്ചിക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. 

ഗോൾ വീണ അടുത്ത ക്ഷണത്തിൽ തന്നെ ബെൽജിയം ഒന്നാന്തരം പ്രത്യാക്രമണം നടത്തി. ഗോൾ മടക്കുമെന്ന് ദൃഢനിശ്ചയത്തോടെയായിരുന്നു അവരുടെ അടുത്ത നീക്കങ്ങൾ. എന്നാൽ, സംഭവിച്ചത് ഒരു ആന്റി ക്ലൈമാക്സ്. നാല് മിനിറ്റിനുള്ളിൽ ജപ്പാൻ വീണ്ടും വല കുലുക്കി. തകാഷി ഇനുയിയാണ് സ്കോറർ. കഗാവ കൊടുത്ത കൊടുത്ത പന്ത് ബോക്സിന് മുകളറ്റത്ത് വച്ച് സമയമെടുത്ത് ഇന്യുയി നിറയൊഴിച്ചപ്പോൾ വെറുതെ ഡൈവ് ചെയ്യാനേ ഗോളിക്ക് കഴിഞ്ഞുള്ളൂ. പന്തിൽ കാലിൽ വച്ച് ഉന്നം പിടിക്കാനുള്ള സമയം യഥേഷ്ടം അനുവദിച്ചു ബെൽജിയൻ പ്രതിരോധക്കാർ.

എന്നാല്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇരട്ടപ്രഹരത്തില്‍ തളരാതെ അവിശ്വസനീയാംവിധം ഗംഭീരതിരിച്ചുവരവ് നടത്താന്‍ അവര്‍ക്കായി. തുടക്കം മുതലേ അവസരങ്ങള്‍ യഥേഷ്ടം ലഭിച്ച ബെല്‍ജിയത്തിന് പലപ്പോഴും ഫിനിഷിങ് നടത്തനായില്ല. ഹസാര്‍ഡും ലുക്കാക്കുവും തുടരെ തുടരെ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും വലയില്‍ മാത്രം പന്ത് കയറ്റാനായില്ല തുടക്കത്തില്‍.

സമനില പിടിച്ചതിന് ശേഷവും ബെല്‍ജിയത്തിന് ഇരട്ട സുവര്‍ാവസരം നഷ്ടമാകുന്ന കാഴ്ചയും കണ്ടു.  ഗോള്‍ കീപ്പര്‍ എയ്ജി കവാഷിമയുടെ ഗംഭീര സേവിങ്ങാണ് ജപ്പാനെ രക്ഷിച്ചത്. ചാഡ്‌ലിയുടേയും ലൂക്കാക്കുവിന്റെയും ഹെഡറുകള്‍ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കവാഷിമ തടഞ്ഞിട്ടത്. എന്നാല്‍ മത്സരം തീരാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ബെല്‍ജിയം നടത്തിയ മിന്നാലാക്രമണം തടയാന്‍ കവാഷിമക്കും കഴിഞ്ഞില്ല.

 

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS