ബ്യൂണസ് ഏറീസ്: റഷ്യന്‍ ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ അര്‍ജന്റീനയുടെ പരിശീലകന്‍ യോർഗെ  സാംപോളിയുമായുള്ള കരാര്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അവസാനിപ്പിച്ചു. സാംപോളിയെ പുറത്താക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും റഷ്യന്‍ ലോകകപ്പ് അവസാനിച്ചതോടെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

ചിലിയുടെയും സ്പാനിഷ് ക്ലബ്ബായ സെവിയ്യയുടേയും മുന്‍ പരിശീകനാണ് സാംപോളി. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 4-3 ന് പരാജയപ്പെട്ടാണ് അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിലും അര്‍ജന്റീന ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്.

സാംപോളിക്ക് പകരം പെറു പരിശീലകന്‍ റികാര്‍ഡോ ഗരേസയെ കൊണ്ടുവരാനാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 36 വര്‍ഷത്തിന് ശേഷം പെറുവിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തതാണ് റികാര്‍ഡോ ഗരേസയെ ലക്ഷ്യമിടുന്നതിന് പിന്നില്‍. മുന്‍ അര്‍ജന്റീനന്‍ താരം കൂടിയാണ് ഗരേസ എന്നതും അദ്ദേഹത്തിന് അനുകൂലമാണ്.

14 മാസക്കാലമാണ് സാംപോളി അര്‍ജന്റീനയുടെ പരിശീലക പദവിയിലിരുന്നത്. സാംപോളിക്ക് കീഴില്‍ 15 മത്സരങ്ങള്‍ കളിച്ചതില്‍ ഏഴ് മത്സരങ്ങളിലാണ് അര്‍ജന്റീനക്ക് ജയിക്കാനായത്. നാല് സമനിലകളും നാല് തോല്‍വികളും വഴങ്ങി.

Content Highlights: Argentina terminate Sampaoli's contract; Peru's coach Ricardo Gareca to replace Jorge Sampoli