കസാന്‍: അര്‍ജന്റീനയുടെ ജഴ്‌സിയില്‍ ഇനി മഷരാനയുണ്ടാവില്ല. റഷ്യന്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടറിലേറ്റ തോല്‍വിക്ക് പിന്നാലെ മഷരാനോ ബൂട്ടഴിച്ചു. ഫ്രാന്‍സിനെതിരേ 4-3നായിരുന്നു അര്‍ജന്റീനയുടെ തോല്‍വി.

'ആ കഥ അവസാനിച്ചിരിക്കുന്നു. അവസാന നിമിഷം വരെ ഞങ്ങള്‍ പോരാടി. പരമാവധി ശ്രമിച്ചു. കൈയിലുള്ളതെല്ലാം നല്‍കി. തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്ക് പിഴച്ചു. പക്ഷേ പിന്നീട് ഞങ്ങള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. പക്ഷേ ഗോളടിക്കാനുള്ള അവരുടെ ഓരോ ശ്രമങ്ങളും ഞങ്ങളെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. അത് ടീമിനുണ്ടാക്കിയ തകരാര്‍ ചെറുതല്ല'-മത്സരശേഷം മഷരാനോ വ്യക്തമാക്കി.

'ഈ തകര്‍ച്ച ഞങ്ങള്‍ക്ക് വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജ്ജം നല്‍കും. ഈ നിമിഷം മുതല്‍ ഞാന്‍ അര്‍ജന്റീനയുടെ ഒരു ആരാധകന്‍ മാത്രമാണ്. എല്ലാം അവസാനിച്ചിരിക്കുന്നു. ആ മായാവലയം തകര്‍ന്നുവീണിരിക്കുന്നു.' മഷെരാനോ കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ ലോകകപ്പിന് ശേഷം അര്‍ജന്റീനയുടെ ജഴ്‌സി അഴിക്കുമെന്ന് മഷരാനോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സിനെതിരേ 90 മിനിറ്റും കളിച്ച 34കാരന്‍ അര്‍ജന്റീനക്കായി ആകെ 147 മത്സരങ്ങളാണ് കളിച്ചത്. 2003-ല്‍ യുറഗ്വായ്‌ക്കെതിരായ സൗഹൃദ മത്സരത്തിലൂടെയായിരുന്നു ദേശീയ ജഴ്‌സിയില്‍ മഷരാനോയുടെ അരങ്ങേറ്റം. 2014ല്‍ ലോകകപ്പ് ഫൈനലിലും 2015, 2016 കോപ്പ അമേരിക്ക ഫൈനലിലും കളിച്ച അര്‍ജന്റീന ടീമില്‍ മഷരാനോയും അംഗമായിരുന്നു.

സെന്റര്‍ ബാക്കിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിക്കുന്ന മഷെരാനോ 147 മത്സരങ്ങളില്‍ മൂന്നു ഗോളുകളടിച്ചിട്ടുണ്ട്. 2007 മുതല്‍ 2010 വരെ ലിവര്‍പൂളിന്റെ താരമായിരുന്ന മഷരാനോ 2010 മുതല്‍ എട്ടു വര്‍ഷം ബാഴ്‌സലോണയിലും കളിച്ചു. നിലവില്‍ ചൈനീസ് ക്ലബ്ബ് ഹെബെയ് ചൈന ഫോര്‍ച്യൂണ്‍ എഫ്.സിയുടെ താരമാണ്.

Content Highlights: Argentina's Javier Mascherano announces retirement from international football