ഫുട്‌ബോള്‍ എന്നാല്‍ സാധ്യതകളുടെ കളിയാണ്. ഏതു ടീം എപ്പോള്‍ അടിതെറ്റി വീഴുമെന്ന് പറയാനാകില്ല. അതല്ലെങ്കില്‍ ഏത് ടീം അപ്രതീക്ഷിതമായി വിജയിക്കുമെന്നും പ്രവചിക്കാനാകില്ല. റഷ്യയിലെ ലോകകപ്പിലും അതു തന്നെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ജര്‍മനിയെ തോല്‍പ്പിച്ച് മെക്‌സിക്കോ ഞെട്ടിച്ചപ്പോള്‍ അതിലും ശക്തിയുള്ള ഞെട്ടലാണ് ക്രൊയേഷ്യ അര്‍ജന്റീനയുടെ ആരാധകര്‍ക്ക് 'സമ്മാനിച്ചത്'.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെട്ടുപോയ കെണിയില്‍ തന്നെ അര്‍ജന്റീന വീണ്ടും വീണിരിക്കുന്നു. അന്ന് ഇ്ക്വഡോറിനെതിരെ മെസ്സി അവതരിച്ചതോടെ സാംപോളിയും സംഘവും റഷ്യയിലേക്ക് വിമാനം കയറി. ഇപ്പോള്‍ റഷ്യയിലെത്തിയപ്പോഴും കാര്യങ്ങള്‍ ത്രിശങ്കുവില്‍ തന്നെയാണ്. ഐസ്‌ലൻഡിനോട് സമനിലയില്‍ തുടങ്ങിയ അര്‍ജന്റീന ക്രൊയേഷ്യക്ക് മുന്നില്‍ നാണംകെട്ടിരിക്കുന്നു. അതും മൂന്നു ഗോളിന്. ഇനി ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറണമെങ്കില്‍ മെസ്സിപ്പടയ്ക്ക് കുറച്ച് വിയര്‍പ്പൊന്നുമല്ല ഒഴുക്കേണ്ടത്.

ഗ്രൂപ്പ് ഡിയിലെ അവസ്ഥ എങ്ങനെയെന്നും അര്‍ജന്റീനയുടെ സാധ്യതകള്‍ എങ്ങനെയെന്നും നോക്കാം. രണ്ട് മത്സരങ്ങള്‍ വിജയിച്ച് മികച്ച ഗോള്‍ശരാശരിയില്‍ ആറു പോയിന്റുമായി ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഒരു തോല്‍വിയും ഒരു സമനിലയുമുള്ള അര്‍ജന്റീന ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള ഐസ്‌ലന്‍ഡ് ഒരു പോയിന്റുമായി രണ്ടാമതുണ്ട്. നൈജീരിയക്ക് പോയിന്റൊന്നുമില്ലെങ്കിലും രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. 

പ്രീ ക്വാര്‍ട്ടര്‍ സ്ഥാനത്തിനായി അര്‍ജന്റീനക്ക് അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിക്കണം. അതോടെ അര്‍ജന്റീനയുടെ അക്കൗണ്ടില്‍ നാല് പോയിന്റാകും. പക്ഷേ അതു മാത്രം പോര. ഐസ്‌ലന്‍ഡിന്റിന്റേയും നൈജീരിയയുടേയും ജയപരാജയങ്ങളും അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനത്തില്‍ നിര്‍ണായകമാകും.

വെള്ളിയാഴ്ച്ച ഐസ്‌ലന്‍ഡും നൈജീരിയയും തമ്മിലാണ് മത്സരം. ഇതില്‍ ഏത് ടീം വിജയിച്ചാലും അത് അര്‍ജന്റീനക്ക് ഭീഷണിയാകും. നൈജീരിയ വിജയിച്ച് പിന്നീട് അടുത്ത മത്സരത്തില്‍ അര്‍ജന്റീനയോട് തോറ്റാല്‍ അര്‍ജന്റീനക്ക് സാധ്യതയുണ്ട്. ഐസ്‌ലന്‍ഡ് വിജയിച്ചാല്‍ അവര്‍ക്ക് നാല് പോയിന്റാകും. അത് അര്‍ജന്റീനയെ ബാധിക്കും. ഇനി നൈജീരിയയും ഐസ്‌ലന്‍ഡും സമനിലയില്‍ പിരിഞ്ഞാല്‍ നൈജീരിയക്ക് ഒരു പോയിന്റും ഐസ്‌ലന്‍ഡിന് രണ്ട് പോയിന്റുമാകും. അപ്പോഴും ഐസ്‌ലന്‍ഡ് അര്‍ജന്റീനയ്ക്ക് ഭീഷണിയാകും. പിന്നീട് ബാക്കിയുള്ള നൈജീരിയയും അര്‍ജന്റീനയും, ക്രൊയേഷ്യയും ഐസ്‌ലന്‍ഡും തമ്മിലുള്ള മത്സരഫലങ്ങളാണ് കാര്യങ്ങള്‍ നിര്‍ണയിക്കുക. 

Content Highlights: Argentina Isn’t Eliminated After Loss To Croatia, But They Now Need Help