കൊച്ചി: അർജന്റീനിയൻ മുന്നേറ്റത്തിന്റെ കുന്തമുനകളിലൊരാളായ എയ്ഞ്ചൽ ഡി മരിയയുടെ മുഖച്ഛായയുമായി ഒരു കൊച്ചിക്കാരൻ ശ്രദ്ധയാകർഷിക്കുന്നു. നെട്ടൂർ സ്വദേശി ഷിൽറ്റൺ പീറ്ററിനാണ് ഡി മരിയയുമായി സാമ്യം. ഇപ്പോൾ ആൻഡമാനിൽ ഷിപ്പിൽ ജോലിചെയ്യുന്ന ഷിൽറ്റണ് ഏകദേശം ഡി മരിയയുടെ തന്നെ ഉയരവും നിറവുമാണ്. 2010 ലോകകപ്പ് നടക്കുമ്പോഴാണ് ഷിൽറ്റണിൽ ഡി മരിയയുടെ സമാനതകൾ തിരിച്ചറിയുന്നത്.

അന്ന് ഷിൽറ്റൺ എറണാകുളം സെയ്ന്റ് ആൽബർട്‌സ് കോളേജിൽ പഠിക്കുകയായിരുന്നു. കൂട്ടുകാരാണ് ഡി മരിയിയുമായുള്ള സമാനതകൾ ഷിൽറ്റണെ ചൂണ്ടിക്കാണിച്ചത്. അപ്പോഴാണ് ഷിൽറ്റണും സംഭവം ശരിയാണല്ലോ എന്നു തോന്നിയത്. പിന്നീട് ഡി മരിയയുടെ രീതിയിൽ മുടിയും വെട്ടിയതോടെ സാമ്യം കൂടി.

വിവരമറിഞ്ഞ് നാട്ടുകാരെല്ലാം കുറച്ചുകൂടി തന്നെ തിരിച്ചറിയാൻ തുടങ്ങി. കളിയിഷ്ടപ്പെടുന്ന കുട്ടികൾ പലരും തന്നെ കാണാനെത്തിയിരുന്നു. മറ്റു ടൂർണമെന്റുകളിൽ കളിക്കാൻ പോകുമ്പോൾ താരങ്ങളിൽ ചിലരും ഈ മുഖസാമ്യം തിരിച്ചറിഞ്ഞ് പരിചയപ്പെട്ടിട്ടുണ്ട് -ഷിൽറ്റൺ പറഞ്ഞു.

പക്ഷേ, മുഖച്ഛായ മാത്രമേ ഡി മരിയയുടേതുള്ളു. അർജന്റീനയുടെ ‘കട്ടഫാൻ’ ആണെങ്കിലും കളിയിൽ ഡി മരിയയുടേത് പോലെ വിങ്ങിലൂടെ മുന്നേറുന്ന താരമല്ല ഷിൽറ്റൺ. പകരം വെടിയുണ്ടകൾ പോലെ ഗോൾ പോസ്റ്റിലേക്കെത്തുന്ന ഷോട്ടുകൾ തടയുന്ന ഗോളിയാണ്.

ഗോൾ കീപ്പിങ്ങിൽ പ്രചോദനം നെതർലൻഡ്‌സിന്റെ ബ്രാൻഡെസാറും. പക്ഷേ, ഇഷ്ടതാരങ്ങൾ മെസിയും ഡി മരിയയും തന്നെയാണ്. ചെറുപ്പം മുതലേ കളിക്കാൻ തുടങ്ങിയതാണ്. കളിയാരംഭിച്ചതു മുതൽ അർജന്റീന തന്നെയാണ് മനസ്സിൽ. ഈവർഷം ലോകകപ്പിൽ നിന്നും തോറ്റ് പുറത്തായതിൽ വിഷമമുണ്ട്. എങ്കിലും അർജന്റീനയോടുള്ള ഇഷ്ടത്തിന് ഒരു കുറവും വരില്ലെന്ന് ഷിൽറ്റൺ പറയുന്നു. ജോലിസ്ഥലത്തും ‘ഡി മരിയയ്ക്ക്’ പ്രോത്സാഹനം ഏറെയാണ്. ഇടയ്ക്കിടെ കളിക്കാൻ കിട്ടുന്ന അവസരത്തിൽ അവിടെയും കളിക്കാറുണ്ട്. അച്ഛൻ പീറ്ററും അർജന്റീന ഫാൻ തന്നെയാണ്. ഇപ്പോൾ ഒരൽപ്പം തടിച്ചെങ്കിലും ഡി മരിയ ഷിൽറ്റണിന്റെ മുഖത്തു തന്നെയുണ്ട്.