ബ്യൂണസ് ഏറീസ്: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന പുറത്തായതിന് പിന്നാലെ പരിശീലകന്‍ യോര്‍ഗെ സാംപോളിയേയും കോച്ചിങ് സ്റ്റാഫിനേയും അവഗണിച്ച് സെര്‍ജിയോ അഗ്യുറോ. സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞ് അഗ്യുറോ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിലാണ് ഈ അവഗണന. 

പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 4-3നണ് അര്‍ജന്റീന പരാജയപ്പെട്ടത്. പകരക്കാരനായി ഇറങ്ങി ഇഞ്ചുറി ടൈമില്‍ അഗ്യൂറോ ഒരു ഗോള്‍ നേടിയിരുന്നു. പക്ഷേ അര്‍ജന്റീനക്ക് വിജയത്തിന് ആ ഗോള്‍ മതിയാകുമായിരുന്നില്ല. ഐസ്‌ലന്‍ഡിനെതിരേ സമനിലയും ക്രൊയേഷ്യക്കെതിരേ മൂന്നു ഗോള്‍ തോല്‍വിയും ഏറ്റുവാങ്ങിയ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.

ഇത് നന്ദി പറയാനുള്ള സമയമാണ്. എന്റെ മകനും കുടുംബത്തിനും കൂട്ടുകാര്‍ക്കും നന്ദി പറയുന്നു. റഷ്യയിലേക്ക് വന്ന് എനിക്ക് പിന്തുണ തന്നവരേയും മറക്കാനാവില്ല. അര്‍ജന്റീനയിലുള്ളവര്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലുള്ളവരും ഒപ്പം തന്നെയുണ്ടായിരുന്നു. അര്‍ജന്റീനയെന്ന ഒറ്റ വികാരമായിരുന്നു എല്ലാവരിലുമുണ്ടായിരുന്നത്. അതിനെല്ലാമപ്പുറം എന്റെ സഹതാരങ്ങള്‍, ഓരോ മത്സരവും അവര്‍ തങ്ങള്‍ക്കാകുംവിധം കളിച്ചു.' അഗ്യൂറോ പോസ്റ്റില്‍ പറയുന്നു.

'ഒപ്പം മെഡിക്കല്‍ സംഘത്തോടും ഫിസിയോയോടും ടീമിനൊപ്പമുണ്ടായിരുന്ന പാചകക്കാരോടും നന്ദി അറിയിക്കുന്നു. ഒരുമിച്ചുള്ള പോരാട്ടം ഇനിയും തുടരും. അര്‍ജന്റീന, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു'. പോസ്റ്റ് ഇങ്ങനെയാണ് അഗ്യൂറോ അവസാനിപ്പിക്കുന്നത്.

aguero post

Content Highlights: Aguero ignores Argentina coach Sampaoli in World Cup thank you message