മോസ്‌കോ:  ലുഷ്‌നിക്കി സ്റ്റേഡിയത്തിൽ ലോകകപ്പിന്‌ ദീപം തെളിയുമ്പോൾ ഭൂമി പ്രകാശിക്കും. അതോടെ, പന്ത് ലോകത്തെ ഭ്രമണം ചെയ്തുതുടങ്ങും. അതിവേഗത്തിൽ കറങ്ങിത്തിരിഞ്ഞ്, എഴുന്നൂറ് കോടിയിലേറെ മനുഷ്യരെയും പഞ്ചമഹാസമുദ്രങ്ങളെയും ഭൂഖണ്ഡങ്ങളെയും കരകാണാക്കടലുകളെയും പൊള്ളും മരുഭൂമികളെയും അചുംബിത കൊടുമുടികളെയും അസ്പർശ ധ്രുവമഞ്ഞുപാളികളെയും താണ്ടി വിസ്മയ സഞ്ചാരത്തിന്റെ 31 ഭ്രമണദിനങ്ങൾ. 
ആ പന്ത് അടുത്തമാസം 15-ന് ഭ്രമണം പൂർത്തിയാക്കുമ്പോൾ ലോകഫുട്‌ബോളിന്റെ ആകാശത്ത് പുതിയൊരു സൂര്യൻ. അതാരാവും? ലോകം കാത്തിരിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ രാജ്യത്ത്, ഭൂമിയിലെ ഏറ്റവും വലിയ ജനപ്രിയ വിനോദമായ ഫുട്‌ബോളിന്റെ വലിയ പെരുന്നാളാകും. ലോകത്ത് ജനങ്ങൾ അധിവസിക്കുന്നതിന്റെ എട്ടിലൊരു ഭാഗവും റഷ്യയ്ക്ക് സ്വന്തം. ലോകത്ത് ഏറ്റവുമധികം ആണവായുധങ്ങൾ സംഭരിച്ചിട്ടുള്ള രാജ്യം. അവിടെ വലിയ വിസ്ഫോടനങ്ങൾക്ക് കാതോർക്കുക. ഫുട്‌ബോളിലെ ഈ യുദ്ധം ലോകത്തിന്റെ സമാധാനമാണ്. ലോകത്തിന്റെ മുറിവുണക്കാൻ ദൈവം ജീവൻ നൽകിയ തുകൽപ്പന്ത്. ആ പന്തിന്റെ സഞ്ചാരപഥങ്ങൾ ലോകം പ്രത്യാശയോടെയും സ്നേഹത്തോടെയും വിശ്വാസത്തോടെയും കാണുന്നു.

11 നഗരങ്ങളിലെ 12 വേദികൾ. 64 മത്സരങ്ങൾ. 32 ടീമുകൾ. നിലവിലെ ചാമ്പ്യൻമാരായ ജർമനി ഉൾപ്പെടെ കഴിഞ്ഞ ലോകകപ്പിൽ കളിച്ച 20 രാജ്യങ്ങൾ. ഐസ്‌ലൻഡിനും പാനമയ്ക്കും ഇത് പ്രവേശനോത്സവം. എല്ലാ ലോകകപ്പും കളിച്ച ഏക ടീമായ ബ്രസീലും ആരാധകർ ഏറെയുള്ള അർജന്റീനയും വിപ്ലവഭൂമിയിലുണ്ട്. പക്ഷേ, നാലുവട്ടം ചാമ്പ്യൻമാരായ ഇറ്റലിയും മൂന്നുതവണ ഫൈനൽ കളിച്ച ഹോളണ്ടും യോഗ്യത നേടാത്തത് ഈ ലോകകപ്പിന്റെ വേദനയാണ്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിൽ കളിച്ച ഘാനയും ഐവറി കോസ്റ്റുമില്ല. അമേരിക്കയുമില്ല.

2010 ഡിസംബറിൽ വേദിയായി നിശ്ചയിക്കപ്പെട്ടത് മുതൽ മോസ്‌കോയിലെ റെഡ്‌സ്ക്വയർ കാത്തിരിക്കുന്നു. വിപ്ലവത്തിന്റെ രണഭൂമിയിൽ ആദ്യ ലോകകപ്പാണിത്. ഇവിടം ഇപ്പോൾ സൂര്യനെപ്പോലെ. ലോകകപ്പിന്റെ ആകർഷണത്താൽ റഷ്യ ആകാശത്തേയ്ക്കുയർന്നിരിക്കുന്നു. സൂര്യനെപ്പോലെ പ്രകാശിക്കുന്നു. ഭൂമിയിലെ ഏത് ഭാഗത്തുനിന്ന് നോക്കിയാലും റഷ്യയെ കാണാം. ഒരു മാസം നീളുന്ന ആ വിസ്മയത്തിലേക്ക് മാതൃഭൂമിയുടെ പ്രിയപ്പെട്ട വായനക്കാരേ... സ്വാഗതം.