1986-നു ശേഷം ഒരിക്കല്‍ക്കൂടി അര്‍ജന്റീന കപ്പടിക്കുന്നത് കാണാനാകും എന്ന പ്രതീക്ഷയിലാണ് നീലപ്പടയുടെ ആരാധകര്‍ ഓരോ ലോകകപ്പിനുമായി കാത്തിരിക്കുന്നത്. എന്നാല്‍, ഇവരില്‍ പലര്‍ക്കും അറിയാത്തൊരു കഥയുണ്ട്. 1978-ല്‍ അര്‍ജന്റീന ആദ്യമായി ലോകകപ്പ് സ്വന്തമാക്കിയത് കളിക്കളത്തിലെ മാത്രം പ്രകടനത്തിലൂടെയല്ലെന്ന ആരോപണം ഇപ്പോഴും ചുരുളഴിയാതെ കിടക്കുന്നു.

അന്ന് രാജ്യത്ത് അധികാരം കൈയാളിയിരുന്ന ഏകാധിപതി ജനറല്‍ യോര്‍ഗെ വിഡെലെയുടെ ഒത്തുകളിയിലൂടെയാണ് മരിയോ കെംപസിന്റെ നേതൃത്വത്തില്‍ ടീം ലോകകപ്പ് നേടിയതെന്ന ആരോപണത്തില്‍ പില്‍ക്കാലത്തും വലിയ അന്വേഷണമോ ചര്‍ച്ചയോ നടന്നില്ല. ജനറല്‍ വിഡെലയുടെ ക്ഷണപ്രകാരം പെറുവിനെതിരായ മത്സരം കാണാനെത്തിയ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഡോ. ഹെന്‍ റി കിസ്സിംഗറുടെ സാന്നിധ്യമാണ് ഈ ഒത്തുകളി ആരോപണത്തിന്റെ അടിസ്ഥാനം. അഴിമതിയുടെയും കാട്ടിക്കൂട്ടിയ ക്രൂരതകളുടെയും പേരില്‍ വിഡെലയ്ക്ക് പിന്നീട് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു.
 
ശക്തമായ ആഭ്യന്തരയുദ്ധം നടക്കുമ്പോഴാണ് അര്‍ജന്റീന ലോകകപ്പിന് വേദിയാകുന്നത്. ഭരണകൂടത്തിനെതിരേ പൊരുതുന്ന ആയിരക്കണക്കിന് ഇടതുപ്രക്ഷോഭകാരികള്‍ അക്കാലത്ത് അപ്രത്യക്ഷരായിരുന്നു. ഇതിനെല്ലാം മറയിട്ട് രാജ്യത്തിന് പുതിയ മുഖച്ഛായ നല്‍കാന്‍ ലോകകപ്പ് വിജയംപോലെ എന്തെങ്കിലും അത്യന്താപേഷിതമായിരുന്നു. അന്ന് പെറുവില്‍ ഭരണം കൈയാളിയിരുന്ന സൈനിക പ്രസിഡന്റ് മൊറാലസ് ബെര്‍മുഡെസിന്, സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകാരികളെ പീഡിപ്പിക്കാനായി അര്‍ജന്റീനയിലേക്ക് പറഞ്ഞയയ്ക്കാനുള്ള പദ്ധതിയുണ്ടായിരുന്നു. ഇതിനുള്ള പ്രത്യുപകാരമായി അവര്‍ ലോകകപ്പിലെ നിര്‍ണായകമായ മത്സരം തോറ്റുകൊടുക്കും.

എഴുപതുകളുടെ അവസാനം ജോസ് വലെസ്‌ക്വസിനെപ്പോലുള്ളവര്‍ അണിനിരക്കുന്ന ശക്തമായ ടീമായിരുന്നു പെറുവിന്റെത്. എന്നാല്‍, അര്‍ജന്റീനയ്ക്കെതിരായ രണ്ടാം റൗണ്ട് മത്സരത്തിന്റെ പാതിവഴിയില്‍ വെലസ്‌ക്വസിനെ പിന്‍വലിച്ചു. മുന്‍നായകന്‍ ഹെക്ടര്‍ ചുംപിറ്റാസിനും ബെഞ്ചിലിരിക്കേണ്ടിവന്നു. ടീം മടക്കമില്ലാത്ത ആറു ഗോളിന് തോല്‍ക്കുകയും ചെയ്തു. 

ഈ മത്സരഫലമാണ് മികച്ച ഗോള്‍ശരാശരിയുടെ മികവില്‍ ബ്രസീലിനെ മറികടന്ന് ഗ്രൂപ്പ് ബി ജേതാക്കളായി മുന്നേറാന്‍ അര്‍ജന്റീനയെ സഹായിച്ചത്. സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ചായിരുന്നു പെറുവിന്റെ ഈ തോല്‍വിയെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. വെലസ്‌ക്വസ് തന്നെ പില്‍ക്കാലത്ത് ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. അര്‍ജന്റീന ഒത്തുകളിച്ചു നേടിയ ലോകകപ്പ് തിരിച്ചുകൊടുക്കണമെന്ന് പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായ ജെനറോ ലെഡെസ്മ ആവശ്യപ്പെട്ടിരുന്നു.

പെറുവിന്റെ ഡ്രസ്സിങ് റൂമില്‍വരെ കയറിയിറങ്ങിയിരുന്ന യു.എസ്. സ്റ്റേറ്റ് സെക്രട്ടറി കിസ്സിംഗര്‍ ഈ ഇടപാടിലെ ഇടനിലക്കാരനാണെന്നും ആരോപണമുയര്‍ന്നു. കളിക്കാരുടെ ഡ്രസ്സിങ് റൂമില്‍ കയറുന്നൊരു പതിവ് അന്ന് യോര്‍ഗെ വിഡെലയ്ക്കുമുണ്ടായിരുന്നു. കളിക്കാര്‍ക്ക് മാത്രമല്ല, രാജ്യഭരണം കൈയാളുന്ന ആള്‍ക്കും ജയത്തില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു എന്ന ആരോപണത്തിന് ഇതെല്ലാം തെളിവായി. പക്ഷേ, അതേക്കുറിച്ച് പിന്നെ അന്വേഷണങ്ങളൊന്നും നടന്നില്ല. ഫിഫയുടെയും ലോകകപ്പിന്റെയും നിഗൂഢതകള്‍ക്കൊപ്പം ഇതും ഉത്തരമില്ലാതെ അവശേഷിച്ചു...

Content Highlights: Mystery Behind Argentina Worl Cup Win 1986