ത്രുപാളയത്തില്‍ അകപ്പെട്ടുപോയ രാജകുമാരിയെ രക്ഷിക്കാന്‍ കുതിരപ്പുറത്ത് വരുന്ന രാജകുമാരന്‍മാരുടെ കഥകള്‍ കുട്ടിക്കാലത്തെ നിറമുള്ള ഓര്‍മ്മയാണ്. രാജകുമാരിയേയും കുതിരപ്പുറത്തിരുത്തി ഏഴാം കടലിനുള്ളിലെ കൊട്ടാരത്തിലേക്ക് പറക്കുന്ന രാജകുമാരന്‍മാര്‍. എന്നാല്‍ കഥയിലൂടെ മാത്രം കേട്ട ആ രാജകുമാരനെ ഈജിപ്തിലെ ജനങ്ങള്‍ നേരിട്ടുകണ്ടു, 2017 ഒക്ടോബര്‍ പത്തിന്‌.. പക്ഷേ അവന്‍ രക്ഷിച്ചത് ഒരു രാജകുമാരിയെ മാത്രമായിരുന്നില്ല, ഒരു രാജ്യത്തിന്റെ അഭിമാനമായിരുന്നു. അവനെ മിസ്‌റിലെ രാജകുമാരനെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിച്ചു. 27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഈജിപ്തിന് റഷ്യന്‍ ലോകകപ്പിലേക്കുള്ള ടിക്കറ്റെടുത്തു കൊടുത്ത മുഹമ്മദ് സലാഹാണ് മിസ്‌റിലെ ആ രാജകുമാരന്‍.

കോംഗോയെന്ന ശത്രുപാളയത്തിനെതിരെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തിനിറങ്ങിയതായിരുന്നു ഈജിപ്്ഷ്യന്‍ ടീം. അവരുടെ പ്രതീക്ഷ മുഴുവന്‍ സലാഹെന്ന ഒറ്റയാനിലായിരുന്നു. മത്സരത്തിന്റെ 63-ാം മിനിറ്റില്‍ ആരാധകര്‍ തന്നിലര്‍പ്പിച്ച വിശ്വാസം സലാഹ് കാത്തു. പക്ഷേ ആ സന്തോഷത്തിന് അധികമായുസ്സുണ്ടായിരുന്നില്ല. 23 മിനിറ്റിന്റെ ഇടവേളക്ക് ശേഷം അര്‍നോള്‍ഡ് ബോക്ക കോംഗോയെ ഒപ്പമെത്തിച്ചു. ആ ഗോള്‍ ഈജിപ്തുകാരുടെ നെഞ്ച് പിളര്‍ത്തിയാണ് വലയില്‍ പതിച്ചത്. സ്റ്റേഡിയമൊന്നാകെ തലയില്‍ കൈവെച്ചു. ഗോള്‍ കാണാനാവാതെ സലാഹ് മുഖം പൊത്തി ഗ്രൗണ്ടില്‍ കിടന്നു. പക്ഷേ ആ വീഴ്ച്ച ഉയര്‍ത്തെഴുന്നേല്‍പ്പിലേക്കാണെന്ന് സലാഹിന് അറിയില്ലായിരുന്നു.

ഒടുവില്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ ഈജിപ്തിനെ ഭാഗ്യം തേടിയെത്തി. 95-ാം മിനിറ്റിലെ ആ പെനാല്‍റ്റിയെടുക്കാന്‍ നിയോഗിക്കപ്പെട്ടത് സലാഹായിരുന്നു. കിക്കിന് മുമ്പ് സലാഹ് പന്തില്‍ ചുംബിക്കുമ്പോള്‍ ബോര്‍ഗ് അല്‍ അറബ് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ 85000ത്തോളം ഈജിപ്തുകാര്‍ ശ്വാസമടക്കിപ്പിടിച്ചു നിന്നു. അവര്‍ ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി ദൈവത്തെ വിളിച്ചു. കമന്ററി പറയുന്നവരും ദൈവത്തെ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. 

27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിക്കാന്‍ ആ ഒരൊറ്റ നിമിഷം ഈജിപ്തിന് മറികടക്കണം. ആ നിമിഷത്തില്‍ നമ്മള്‍ ദൈവത്തെയല്ലാതെ മറ്റാരെയാണ് ഓര്‍ക്കുക. ഒടുവില്‍ ആ ഗാലറിയിലെ പ്രാര്‍ഥനയ്ക്കും കമന്ററി പറയുന്നവരുടെ ദൈവസ്തുതിക്കും ഫലം കണ്ടു. പന്ത് ലക്ഷ്യം തെറ്റാതെ കോംഗോയുടെ ഗോള്‍വല ചുംബിച്ചപ്പോള്‍ മുഹമ്മദ് സലാഹ് മിസ്റിലെ രാജകുമാരനായി മാറി. ഈജിപ്ത് ആ സ്വപ്നനിമിഷത്തില്‍ മതിമറന്നാടി. 2018ല്‍ റഷ്യയിലെ മഞ്ഞുപെയ്യുന്ന മൈതാനങ്ങളില്‍ പന്തു തട്ടാന്‍ ഞങ്ങളുമുണ്ടാവുമെന്ന ഈജിപ്തിന്റെ പ്രഖ്യാപനമായിരുന്നു അത്. 1990ന് ശേഷം ഈജിപ്തിന്റെ ലോകകപ്പ് പ്രവേശനം. 

ഗോളടിക്കാന്‍ വേണ്ടി കരഞ്ഞ പതിനൊന്നുകാരന്‍

വടക്കന്‍ കെയ്റോയിലെ നെഗറീഗില്‍ ജനിച്ച സലാഹ് ചെറുപ്പം മുതലെ നാട്ടിലെ സ്റ്റാറായിരുന്നു. പ്രാദേശിക ടൂര്‍ണമെന്റുകളിലും ലോക്കല്‍ ക്ലബ്ബുകളിലും കളിച്ച് ചെറുപ്പത്തിലേ മികവ് തെളിയിച്ച സലാഹ് നാട്ടുകാരുടെ പ്രിയപ്പെട്ടവനായി. അവനിലൂടെ ആ ഗ്രാമത്തിനും സൂപ്പര്‍ സ്റ്റാര്‍ പദവി ലഭിച്ചു. 

ചെറുപ്പത്തിലേ യൂറോപ്പില്‍ പോയി കളിക്കണമെന്നായിരുന്നു കുഞ്ഞുസലാഹിന്റെ സ്വപ്നം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മത്സരങ്ങളില്‍ ഒന്നുപോലും വിടാതെ അവന്‍ കണ്ടു. തന്റെ മുന്നിലും ഒരിക്കല്‍ ആ വാതിലുകള്‍ തുറക്കുമെന്ന പ്രതീക്ഷയോടെ. വീട്ടിലെ ചുമരുകളിലെല്ലാം സിനദിന്‍ സിദാന്റെയും ലൂയി ഫിഗോയുടെയും ചിത്രങ്ങള്‍ കുഞ്ഞു സലാഹ് ഒട്ടിച്ചുവെച്ചു. അവന്റെ ഇഷ്ടതാരങ്ങളായിരുന്നു അവര്‍ രണ്ടുപേരും. 

യൂറോപ്പില്‍ അറബ് കോണ്‍ട്രാക്ടേഴ്സ് എന്നറിയപ്പെടുന്ന അല്‍ മൊകാവ്ലൂന്‍ ക്ലബ്ബിന്റെ ഭാഗമായത് സലാഹിന്റെ ജീവിതത്തില്‍ നിര്‍ണായകമാകുകയായിരുന്നു. ഒരു സിനിമയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ട്വിസ്റ്റ് പോലെയായിരുന്നു അത്. ഒരു കരച്ചില്‍ വഴി മാറ്റിയ ജീവിതം. 

mohamed salah
Photo:Twitter

അല്‍ മൊകാവ്ലൂന്‍ ക്ലബ്ബിലേക്ക് സലാഹ് എത്തിയത് കടുത്ത പരീക്ഷണങ്ങള്‍ക്കൊടുവിലായിരുന്നു. ടീമില്‍ ഇടം നേടാന്‍ അവന് കടുത്ത മത്സരങ്ങള്‍ തന്നെ നേരിടേണ്ടി വന്നു. പക്ഷേ അവന്‍ കൊതിച്ച സ്ട്രൈക്കറുടെ പൊസിഷനായിരുന്നില്ല സലാഹിനെ കാത്തിരുന്നത്. വിങ് ബാക്കായും ലെഫ്റ്റ് ബാക്കായും മാറിമാറി കളിക്കേണ്ടി വന്നു കുഞ്ഞുസലാഹിന്. ദേശീയ ടീമിന്റെ വിജയഫോര്‍മുലയായ 3-5-2 പൊസിഷനിലായിരുന്നു മൊകാവ്ലൂന്‍ കളിച്ചിരുന്നത്. 

ഈജിപ്ഷ്യന്‍ ലീഗില്‍ കളി തുടര്‍ന്നുകൊണ്ടിരിക്കെ ഇന്‍പിക്കെതിരായ മത്സരം സലാഹിനെ ഒരു സ്ട്രൈക്കറാക്കി മാറ്റുകയായിരുന്നു. എതിരില്ലാത്ത നാല് ഗോളിന് ഇന്‍പിയെ തോല്‍പ്പിച്ച് മൊകാ വ്ലൂന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ വിജയാഹ്ളാദം പ്രകടിപ്പിക്കുമ്പോള്‍ പതിനൊന്നുകാരന്‍ സലാഹ് കരയുകയായിരുന്നു. അത് സന്തോഷക്കണ്ണീരായിരുന്നില്ല. ചരിത്ര വിജയത്തില്‍ തനിക്ക് ഗോളടിക്കാന്‍ പറ്റിയില്ല എന്ന വിഷമമായിരുന്നു ആ കരച്ചിലിന് കാരണം. അന്ന് സലാഹ് ഒരു സ്ട്രൈക്കറാകാന്‍ നിയോഗിക്കപ്പെട്ടവനാണെന്ന് പരിശീലകന്‍ സയ്യിദ് അല്‍ ശേഷേനി തിരിച്ചറിയികുയായിരുന്നു. ലെഫ്റ്റ് ബാക്കില്‍ നിന്ന് എതിരാളിയുടെ ഗോള്‍വല വരെയുള്ള ദൂരം താണ്ടാന്‍ പലപ്പോഴും സലാഹ് കഷ്ടപ്പെട്ടിരുന്നു. പ്രതിരോധത്തില്‍ കളിക്കുമ്പോഴു അവന്റെ മനസ്സുനിറയെ ഗോള്‍ അടിക്കുന്നതിനെ കുറിച്ചാണുണ്ടായിരുന്നതെന്ന് അല്‍ ശേഷേനി ഇന്നും ഓര്‍ക്കുന്നു.

'സലാഹിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു അത്. മത്സരത്തിന് ശേഷം ഞാന്‍ അവന്റെ അടുത്തു പോയിരുന്നു. ഞാന്‍ പൊസിഷന്‍ മാറ്റാന്‍ പോകുകയാണെന്നും അവന്റെ വേഗതയും ഗോളടിക്കാനുള്ള അടങ്ങാത്ത ദാഹവും കളിക്കളത്തില്‍ ഉപയോഗപ്പെടുത്താന്‍ പോകുകയാണെന്നും പറഞ്ഞു. അത് ഒരു നിര്‍ണായക നിമിഷമായിരുന്നു. കാരണം മുന്നേറ്റനിരയിലെത്തിയതോടെ സലാഹ് അണ്ടര്‍-16, അണ്ടര്‍-17 ടീമിനൊപ്പം ഒരൊറ്റ സീസണില്‍ 35 ഗോളടിച്ചുകൂട്ടി.'  ശേഷേനി ഓര്‍ത്തെടുക്കുന്നു. 

mohammed salah
Photo:Twitter

എതിരാളിയോട് ധിക്കാരത്തോടെ സംസാരമില്ല, പകരം ഗോളടിച്ചുള്ള മറുപടി

സൂപ്പര്‍ താരപദവിയിലെത്തിയിട്ടും ജീവിതത്തില്‍ ലാളിത്യം കൈവിടാതെ സലാഹ് ഒപ്പംകൊണ്ടുനടന്നു. ഒരിക്കല്‍ പോലും കളിക്കളത്തിലും പുറത്തും ധിക്കാരത്തോടെ സംസാരിച്ചില്ല. എതിരാളികള്‍ പ്രകോപിപ്പിക്കാന്‍ വരുമ്പോഴും അവര്‍ക്ക് മുഖം കൊടുക്കാതെ ഗോളിലൂടെ മറുപടി നല്‍കാനാണ് സലാഹ് ഇഷ്ടപ്പെട്ടത്. മൊകാവ്ലൂന്റെ സീനിയര്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയതു മുതല്‍ സലാഹ് അങ്ങിനെയായിരുന്നു. വിജയത്തിലേക്ക് കുറുക്കുവഴിയില്ലെന്നും ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്നും സലാഹ് വിശ്വസിച്ചു.  

മൊകാവ്ലൂന്‍ സീനിയര്‍ ടീമിന്റെ പരിശീലകനായ മുഹമ്മദ് അബ്ദുല്‍ അസീസ് സലാഹിനെ ഓര്‍ക്കുന്നത് അച്ചടക്കമുള്ള ഒരു കളിക്കാനയാണ്. പരിശീലനത്തിന് കൃത്യമായ സമയത്തിനെത്തുന്ന അച്ചടക്കമുള്ള താരം. സിസോ എന്ന പേരിലറിയപ്പെടുന്ന അസീസ് പറയുന്നു. 

'മുഹമ്മദ് റസ്വാനെന്ന പരിശീലകനും ഞാനും സലാഹിന് പ്രത്യേക പരിശീലനം നല്‍കി. അവന്റെ വേഗതയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നാലോചിച്ചായിരുന്നു അത്. തുടക്കത്തില്‍ അവന്‍ കൂടുതല്‍ നേരം പന്ത് കൈവശംവെയ്ക്കുമായിരുന്നു. അതു പലപ്പോഴും പ്രതിരോധതാരങ്ങള്‍ക്ക് അവനെ ഗോളടിക്കുന്നതില്‍ നിന്ന് തടയാനുള്ള സമയം നല്‍കി. കുറേ പരിശീലനത്തിന് ശേഷം ഞങ്ങള്‍ അത് മാറ്റിയെടുത്തു. ഒരു വിജയസീസണ് ശേഷം ടീമിലെ അവിഭാജ്യതാരമായി സലാഹ് മാറി. അവന്‍ ചെറുപ്പമാണെന്ന കാര്യം പോലും എല്ലാവരും വിസ്മരിച്ചിരുന്നു. കാരണം ഒരു സീനിയര്‍ താരത്തിന്റെ എല്ലാ പക്വതയും അവന്റെ ബൂട്ടുകള്‍ക്കുണ്ടായിരുന്നു. ഒരിക്കല്‍ ഞാനും ടീം ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ അഖാബാവിയും അവനോട് സംസാരിച്ചു. ടീമിന്റെ ഹീറോ ആയി അവന്‍ മാറേണ്ട സമയമാണിതെന്നും ലോക്കല്‍ ക്ലബ്ബുകളായ സമലേക്കിലും അല്‍ അഹ്ലിയിലും കളിക്കുന്നതിന് പകരം സ്വപ്നമായ യൂറോപ്യന്‍ ലീഗിലെത്തണമെന്നും അവനെ ഉപദേശിച്ചു. എന്റെ വാക്കുകള്‍ അവന് ഊര്‍ജ്ജം നല്‍കി.' യൂറോപ്പിന്റെ കളിമുറ്റത്ത് സലാഹെത്തിയതിന്റെ തുടക്കം സിസോയുടെ ഈ വാക്കുകള്‍ തന്നെയായിരുന്നു. 

യൂറോപ്പിന്റെ കളിമുറ്റത്ത്

സ്വിസ് ക്ലബ്ബ് എഫ്.സി ബേസലിലൂടെയായിരുന്നു സലാഹിന്റെ യൂറോപ്യന്‍ അരങ്ങേറ്റം. പോര്‍ട്ട് സയ്യിദ് സ്റ്റേഡിയത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം ബേസലുമായി ഈജിപ്ത് അണ്ടര്‍-23 ടീം ഒരു സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. രണ്ടാം പകുതിയില്‍ കളത്തിലറങ്ങിയ സലാഹിന്റെ ഇരട്ടഗോള്‍ മികവില്‍ ഈജിപ്ത് 4-3ന് വിജയിച്ചു. ഇതോടെ സലാഹിന് ബേസലിലേക്കുള്ള വഴി തുറക്കുകയായിരുന്നു. ഒരാഴ്ച്ചത്തെ പരിശീലനത്തിനായി സ്വിറ്റസര്‍ലന്‍ഡില്‍ സലാഹിനോട് തങ്ങാന്‍ പറഞ്ഞ ബേസല്‍ ടീം അധികൃതര്‍ പിന്നീട് അവനെ തിരിച്ച് നാട്ടിലേക്ക് വിട്ടില്ല. അങ്ങനെ 2012 ഏപ്രില്‍ പത്തിന് ബേസലുമായി സലാഹ് കരാറൊപ്പിട്ടു. ചാമ്പ്യന്‍സ് ലീഗില്‍ നോര്‍വീജിയന്‍ ക്ലബ്ബ് മോള്‍ഡിനെതിരെയായിരുന്നു ബേസലിനായുള്ള സലാഹിന്റെ അരങ്ങേറ്റം. തുടര്‍ന്ന് രണ്ടു സീസണില്‍ സലാഹ് ബേസലിനായി കളി തുടര്‍ന്നു.

യൂറോപ്പിന്റെ കളിമുറ്റത്ത് സലാഹിന്റെ വസന്തം അവിടെ തുടങ്ങുകയായിരുന്നു. ബേസലിലൂടെ യൂറോപ്പിലെ കളി പഠിച്ച സലാഹിന്റെ അടുത്ത തട്ടകം ചെല്‍സിയുടെ നീലക്കുപ്പായമായിരുന്നു. അതും 92 കോടി രൂപയോളം നല്‍കിയാണ് സലാഹിനെ ബേസലില്‍ നിന്നും ചെല്‍സി സ്വന്തമാക്കിയത്. പക്ഷേ ചെല്‍സിയില്‍ കളി അത്ര സുഖകരമായിരുന്നില്ല. 13 മത്സരങ്ങള്‍ മാത്രം നീലക്കുപ്പായത്തില്‍ കളിച്ച സലാഹിനെ പിന്നീട് ചെല്‍സി ഫിയോറെന്റിനയ്ക്കും റോമയ്ക്കും വായ്പാടിസ്ഥാനത്തില്‍ കൈമാറി. 

ഫിയോറെന്റിനയില്‍ മികച്ച സ്വീകരണമാണ് സലാഹിനെ കാത്തിരുന്നത്. പോര്‍ട്ട് സയ്യിദ് സ്റ്റേഡിയം തകര്‍ന്ന് കൊല്ലപ്പട്ടവരോടുള്ള ആദരാസൂചകമായി 74 എന്ന നമ്പറുള്ള ജഴ്സിയണിഞ്ഞാണ് ഫിയോറെന്റിനയില്‍ സലാഹ് കളിച്ചത്. ഫിയോറെന്റിനയിലെ ആ പതിനെട്ട് മാസക്കാലം ആരാധകര്‍ സലാഹിനെ സ്നേഹംകൊണ്ടു മൂടി. സലാഹിന്റെ പേരില്‍ പിസ ബ്രാന്‍ഡ് വരെ ഇറക്കിയ ആരാധകര്‍ ഹോം ഗ്രൗണ്ടായ കര്‍വ ഫിയോസോലെയില്‍ നടക്കുന്ന മത്സരത്തിലെല്ലാം ഈജിപ്ഷ്യന്‍ താരത്തിനായി പ്രത്യേകം തയ്യാറാക്കിയ പാട്ട് പാടി. പിരമിഡിന്റെ നഗരത്തിലെ മെസ്സിയെന്നും പര്‍പ്പിള്‍ ഫറോവയെന്നും ആരാധകര്‍ സ്നേഹത്തോടെ സലാഹിനെ വിളിച്ചു. സലാഹുമായുള്ള കരാര്‍ ഫിയോറെന്റിനയ്ക്ക് നീട്ടണമെന്നുണ്ടായിരുന്നു. പക്ഷേ ഇറ്റാലിയന്‍ ക്ലബ്ബ് റോമയിലേക്ക് പോകാനായിരുന്നു സലാഹിന്റെ തീരുമാനം. 

Mohammed Salah
Photo:Twitter

റോമയിലെ ഒരൊറ്റ സീസണിന് ശേഷം റെക്കോഡ് തുകയ്ക്ക് ലിവര്‍പൂള്‍ സലാഹിനെ ആന്‍ഫീല്‍ഡിലെത്തിച്ചു. ഏകദേശം 300 കോടി രൂപ നല്‍കി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് ലിവര്‍പൂള്‍ സലാഹിനെ തട്ടകത്തിലെത്തിച്ചത്. അതും അഞ്ചു വര്‍ഷത്തേക്ക്. 

ജൂണില്‍ ലിവര്‍പൂളിലെത്തിയ സലാഹ് ഏഴു മാസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഗോള്‍നേട്ടം ഇരുപതിലെത്തിച്ചു. സീസണില്‍ ലയണല്‍ മെസ്സിയേയും പിന്തള്ളിയാണ് സൂപ്പര്‍ ഫോമിലുള്ള ഈജ്പിഷ്യന്‍ താരത്തിന്റെ കുതിപ്പ്. മെസ്സിയേക്കാള്‍ മൂന്നു ഗോള്‍ കൂടുതല്‍ സലാഹിന്റെ അക്കൗണ്ടിലുണ്ട്. 

ബൂട്ടുകള്‍ ഇനി റഷ്യയിലേക്ക്

റഷ്യയില്‍ ഈപ്ത് കളിക്കാനിറങ്ങുമ്പോള്‍ ആരാധകരുടെ കണ്ണുകളെല്ലാം സലാഹിലേക്കായിരിക്കും.  ഈജിപ്തിന്റെ ഒറ്റയാന് ഗാലറിയെ ചൂടുപിടിപ്പിക്കാനാകുമോ? അറിയില്ല. അതിന് കാത്തിരിക്കുക തന്നെ വേണം. അറബ് രാജ്യത്ത് നിന്നും നാല് ടീമുകള്‍ ഇത്തവണ ലോകകപ്പിനെത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് സലാഹിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. 'അറബ് രുചിയുളള ലോകകപ്പ്, ഈജിപ്ത്, ,സൗദി അറേബ്യ, മൊറോക്കോ, ടുണീഷ്യ, എല്ലാവര്‍ക്കും അഭിനന്ദനം'. ആ രുചി ലോകകപ്പില്‍ ഈജ്പ്തിന്റെ മധുരമാക്കുകയെന്ന വലിയ ദൗത്യമാണ് സലാഹിന് മുന്നിലുള്ളത്. ചിലപ്പോള്‍ വഴിയില്‍ തളര്‍ന്നുവീണേക്കാം. 

തളര്‍ന്നുവീണ് നിരാശയോടെ ഈജ്പിത് തിരിച്ചുനാട്ടിലേക്ക് വിമാനം കയറിയാലും സലാഹിനെ ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു ആരാധകനും മറക്കാനാകില്ല എന്നുറപ്പാണ്. അതിനുള്ള ഉത്തരം ആഫ്രിക്കന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങി സലാഹ് തന്നെ പറഞ്ഞിട്ടുണ്ട്. 'ഞാന്‍ ആരേയും പിന്തുടരുന്നില്ല. എന്റേതായ വഴിയിലൂടെ സഞ്ചരിക്കാനാണ് എനിക്ക് ഇഷ്ടം'. 

Content Highlights: Mohamed Salah Egyptian Footballer Life Story