പാലക്കാട്: ഖസാക്കിന്റെ ഇതിഹാസഭൂമിയിൽ ലോകകപ്പ് ആവേശം കിണറിന് ഇഷ്ടടീമിന്റെ പെയിന്റടിക്കുന്നതിൽ വരെയെത്തി. തസ്രാക്കിലെ കിണറിന്റെ ചുറ്റുമതിലിന് ബ്രസീൽടീമിന്റെ പതാകയുടെ നിറമാണ്. അർജന്റീനയുടെയും പോർച്ചുഗലിന്റെയും ജർമനിയുടെയും ആരാധകരും കുറവല്ല. ഈ ടീമുകളുടെ പോസ്റ്ററുകളും കുറച്ചകലെയായുണ്ട്. പോസ്റ്ററുകളിലെ ക്രിസ്റ്റ്യാനോയുടെയും മെസിയുടെയും ചിത്രങ്ങൾ കണ്ടാലറിയാം ഇവരുടെ ആവേശം. ഖസാക്ക് ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബിൽ 32 അംഗങ്ങളാണുള്ളത്. 10 വയസ്സുമുതൽ 25 വയസ്സുവരെയുള്ളവർ ഇവിടെ കളിക്കുന്നുണ്ട്. മുതിർന്നവർ പിന്തുണയ്ക്കുന്നത് ജർമനിയെയാണ്. ആവേശവും തർക്കവുമൊക്കെയുണ്ടെങ്കിലും അതൊന്നും സൗഹൃദത്തിന് തടസ്സമാകരുതെന്ന് ഈ കൂട്ടായ്മയ്ക്ക് നിർബന്ധമുണ്ട്. ഏതുടീം തോറ്റാലും ജയിക്കുന്നത് ഫുട്ബോളാണ് എന്നുപറയുന്നത് പോർച്ചുഗലിന്റെ കടുത്ത ആരാധകനായ ഹക്കീം.

ലോകകപ്പ് തുടങ്ങുന്നതിനുമുമ്പായി വിളംബര ഘോഷയാത്ര നടത്തണമെന്ന് ആഗ്രഹമുണ്ട്. എല്ലാ കളിയും കാണുന്നതിനായി സംവിധാനമൊരുക്കും. ഏതെങ്കിലും വീട്ടിൽ വലിയ സ്‌ക്രീൻ വെക്കും.

ക്ലബിന് മൈതാനമില്ല. മുമ്പ് കളിച്ചിരുന്നിടത്ത് കെട്ടിടമായി. ഇപ്പോൾ കൃഷിയില്ലാതെ കിടക്കുന്ന പാടത്താണ് കളി. മഴക്കാലത്ത് പാടത്ത് വെള്ളമുണ്ടാകും. അപ്പോഴും ആവേശംവിടാതെ ഈ സംഘം ചെളിയിൽ കളിക്കും.

Content Highlights: Fifa World Cup Soccer 2018 Kattafan Thasrak Khasakkinte Itihasam