മിലാന്‍: ഇതാ ലോകകപ്പില്‍ നിന്നുള്ള ഏറ്റവും ഞെട്ടുന്നു വാര്‍ത്ത. അടുത്ത ലോകകപ്പ് ഫൈനല്‍ റൗണ്ട് കളിക്കാന്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലി ഉണ്ടാവില്ല. അറുപത് വര്‍ഷത്തിനുശേഷമാണ് ഇതിഹാസങ്ങള്‍ ഏറെ പിറന്ന അസൂറികളില്ലാത്ത ഒരു ലോകകപ്പിന് പന്തുരുളാന്‍ പോകുന്നത്. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ ഇറ്റാലിയന്‍ ഫുട്ബോള്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടി തന്നെയാണ് ഇത്. സ്വന്തം മണ്ണില്‍ നടന്ന യൂറോപ്പ്യന്‍ മേഖലാ രണ്ടാംപാദ പ്ലേഓഫില്‍ സ്വീഡനോട് ഗോള്‍രഹിത സമനില വഴങ്ങിയതാണ് നാലുവട്ടം ചാമ്പ്യന്മാരായ അസൂറികളുടെ വഴിയടച്ചത്.

ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയിരുന്ന ഇറ്റലി മിലാനില്‍ നടന്ന രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ലോകകപ്പില്‍ നിന്ന് പുറത്തായത്. ഈ ജയത്തോടെ സ്വീഡന്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുകയും ചെയ്തു.

1934, 38, 82, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ചാമ്പ്യന്മാരായത്. 1970ലും 94ലും റണ്ണറപ്പുകളായി. രണ്ടു തവണ സെമിയിലും പുറത്തായി. എന്നാല്‍, കഴിഞ്ഞ രണ്ടു തവണയും, ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ഗ്രൂപ്പ്റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

1958ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പിലാണ് ഇറ്റലി ഇതിന് മുന്‍പ് യോഗ്യത നേടാതിരുന്നത്. 1930ല്‍ യുറുഗ്വായില്‍ നടന്ന പ്രഥമ ലോകകപ്പിലും അവര്‍ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള എല്ലാ ലോകകപ്പിലും നീലപ്പട തങ്ങളുടെ സാന്നിധ്യം അറിയിച്ചിരുന്നു. 2006ലെ ജര്‍മന്‍ ലോകകപ്പിനുശേഷം പന്ത്രണ്ടു വര്‍ഷത്തിനുശേഷമാണ് സ്വീഡന്‍ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുന്നത്.

 രണ്ടാംപാദ പ്ലേഓഫില്‍ വ്യക്തമായ മേല്‍ക്കൈ ലഭിച്ചിട്ടും ഗോള്‍ നേടാന്‍ കഴിയാതെ പോയതാണ് ഇറ്റലിക്ക് തിരിച്ചടിയായത്. സ്വീഡിഷ് ഗോളി റോബിന്‍ ഓള്‍സനും ക്യാപ്റ്റന്‍ ആന്ദ്രെ ഗ്രാങ്ക്വിസ്റ്റും അസൂറികളുടെ വഴി തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. സാന്‍ സിരോയിലെ  എഴുപതിനായിരത്തിലേറെവരുന്ന കാണികളുടെ നിര്‍ലോഭമായ പിന്തുണ ഉണ്ടായിട്ടും ഗോള്‍ നേടാനാവാതെ പോയതിന് ഇറ്റാലിയന്‍ സ്ട്രൈക്കര്‍മാരുടെ പിടിപ്പുകേട് തന്നെയാണ് മുഖ്യ കാരണം. അന്റോണിയോ കാന്‍ഡ്രെവയ്ക്കും അലെസ്സാന്‍ഡ്രോ ഫ്ളോറന്‍സിക്കും നേരിയ വ്യത്യാസത്തിനാണ് ഗോളവസരങ്ങള്‍ നഷ്ടമായത്.

Content Highlights: Italy Sweden, Fifa World Cup, World Cup Qualifying, Russia world Cup World cup 2018 Russia 2018, Italian Football, italian Football Team, Soccer World Cup 60 years missing world cup