ല്‍ മാസ്ട്രോ (അധ്യാപകന്‍ എന്നര്‍ഥം) എന്ന് വിളിപ്പേര്. കഴിഞ്ഞ 12 വര്‍ഷമായി യുറഗ്വായ് പരിശീലകന്‍. 2011-ല്‍ ടീമിനെ കോപ്പ അമേരിക്ക വിജയത്തിലേക്ക് നയിച്ചു. 2010 ലോകകപ്പില്‍ ടീമിനെ നാലാം സ്ഥാനത്തെത്തിച്ചു. രണ്ടുതവണ തെക്കേ അമേരിക്കയിലെ മികച്ച പരിശീലകനായി. ടീമിനെ 191 കളിയില്‍ ഒരുക്കിയിറക്കി. 93 ജയവും 48 സമനിലയും 50 തോല്‍വിയുമുണ്ട്.

ക്ലബ്ബ് തലത്തില്‍ ബൊക്കാ ജൂനിയേഴ്സിനെ അര്‍ജന്റീന ലീഗ് ചാമ്പ്യന്‍മാരാക്കി. പെനാറോളിനെ കോപ്പ ലിബര്‍ട്ടഡോറസ് കപ്പ് വിജയത്തിലേക്ക് നയിച്ചു. 13 സീസണുകളില്‍ വിവിധ ക്ലബ്ബുകളില്‍ പ്രതിരോധനിര താരമായിരുന്നു. അതിനുശേഷം പ്രൈമറി സ്‌കൂള്‍ അധ്യാപകനായി. തുടര്‍ന്നാണ് 1980-ല്‍ പരിശീലകനാകുന്നത്. യുറഗ്വായ് അണ്ടര്‍-20 ടീം, പെനാറോള്‍, ബൊക്ക ജൂനിയേഴ്സ്, കാഗ്ലിയാരി തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചു. ലോകകപ്പിന് മുന്നോടിയായി ഉറുഗ്വെ പരിശീലകന്‍ ഓസ്‌കാര്‍ ടബരേസുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്...

റഷ്യ ലോകകപ്പില്‍ ഉറുഗ്വായ് എളുപ്പമായ ഗ്രൂപ്പിലാണല്ലേ?

ഈ ചോദ്യത്തോട് സന്തോഷപൂര്‍വം വിയോജിക്കട്ടെ. ആതിഥേയരായ റഷ്യയുടെ ഗ്രൂപ്പിലാണ് ഞങ്ങള്‍. ആരാധകരുടെ പിന്തുണയോടെ ആതിഥേയര്‍ക്ക് മറ്റ് ടീമുകളെ വിഷമിപ്പിക്കാന്‍ കഴിയും. സ്വന്തം ടീമിനായി അവരുടെ ആരാധകര്‍ ആരവമുയര്‍ത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവില്ല.

ഈജിപ്തും സൗദി അറേബ്യയും കൂടി ഉള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ പ്രീക്വാര്‍ട്ടറിലേക്കുള്ള പ്രവേശനം അനായാസമെന്നല്ലേ കരുതേണ്ടത്?

ലോകകപ്പിനെത്തുന്ന 32 മികച്ച ടീമുകളില്‍ ഒന്നുമാത്രമാണ് ഞങ്ങള്‍. ഇതില്‍ പകുതിയേ അടുത്ത റൗണ്ടിലെത്തൂ. കടലാസില്‍ കാണുന്നതുപോലെ എളുപ്പമല്ല അടുത്ത ഘട്ടത്തിലേക്കുള്ള മുന്നേറ്റം. ഞങ്ങളുടെ ആദ്യലക്ഷ്യം രണ്ടാം റൗണ്ടാണ്. ഇത് ലോകകപ്പാണ്. അവിടെ ഒന്നും എളുപ്പമല്ല.

ബ്രസീലിലെപ്പോലെ കടുത്ത ഗ്രൂപ്പിലല്ല നിങ്ങള്‍ എന്നത് ശരിയല്ലേ. അന്ന് ഇറ്റലിയും ഇംഗ്ലണ്ടുമുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും രണ്ടാം റൗണ്ടിലെത്തിയല്ലോ?

ബ്രസീലില്‍ ആദ്യ കളിയില്‍ കോസ്റ്ററീക്കയോട് തോറ്റ ഞങ്ങള്‍ക്ക് അടുത്ത റൗണ്ടിലെത്താന്‍ രണ്ട് യൂറോപ്യന്‍ ടീമുകളെ തോല്പിക്കേണ്ടിയിരുന്നു. കോസ്റ്ററീക്ക ഒന്നും ഞങ്ങള്‍ രണ്ടും സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്തി. ഇംഗ്ലണ്ടും ഇറ്റലിയും ആദ്യ റൗണ്ടില്‍ പുറത്താവുമെന്ന് ആരെങ്കിലും കരുതിയോ? അതേ, ലോകകപ്പ് അങ്ങനെയാണ്.

ആദ്യ മത്സരം ഈജിപ്തുമായാണ്. അവരുടെ മുഹമ്മദ് സല നല്ല ഫോമിലും. എങ്ങനെ കാണുന്നു?

സല നന്നായി കളിക്കുന്നുണ്ട്. അതിവേഗ നീക്കങ്ങളിലൂടെ ആശിച്ചപോലെ ഗോള്‍ നേടാനും സമര്‍ഥന്‍. ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയത് അവന്റെ മികവിലാണ്. ഇത് വലിയൊരു നേട്ടം തന്നെ. പക്ഷേ, ഒന്നുണ്ട്. ഫുട്‌ബോള്‍ ഒരു ടീം ഗെയിമാണ്. ടീമംഗങ്ങളില്‍ നിന്നുള്ള പിന്തുണ അവനുണ്ടാവണം. ഈ ടൂര്‍ണമെന്റിലെ കറുത്തകുതിരകളാവും ഈജിപ്ത് എന്നാണ് എന്റെ അഭിപ്രായം. എതിരാളികളെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരാക്കുന്നു. ഏതു ടീമിനും ആദ്യ കളി വെല്ലുവിളിയാണ്. അതില്‍ ജയിക്കാനായാല്‍ നിങ്ങളുടെ ആത്മവിശ്വാസമുയരും.

വമ്പന്മാരെ വീഴ്ത്തിയിട്ടും കഴിഞ്ഞ തവണ രണ്ടാം റൗണ്ടില്‍ കൊളംബിയയോട് തോറ്റ് പുറത്താകേണ്ടിവന്നു. ലൂയീസ് സുവാരസിന്റെ സസ്‌പെന്‍ഷനല്ലേ ടീമിനെ ഉലച്ചത്?

ഒരു കളിക്കാരന്റെ അസാന്നിധ്യം ടീമിന് വലിയൊരു തിരിച്ചടിയാവില്ലെന്നുറപ്പാക്കും വിധമാകണം ടീമിനെ ഒരുക്കേണ്ടത്. പരിശീലകനെന്ന നിലയ്ക്ക് എന്റെ ഉത്തരവാദിത്തമാണത്. അന്ന് കൊളംബിയ നന്നായി കളിച്ചു. സുവാരസ് സംഭവവും മറ്റും വേണ്ടാത്ത വിവാദങ്ങള്‍ക്ക് ഇടയാക്കി. അതൊക്ക കഴിഞ്ഞ കാര്യം. വരാനിരിക്കുന്നതിലാണ് എന്റെ ശ്രദ്ധ.

ടീമിന്റെ മുഖ്യപരിശീലകനെന്ന നിലയില്‍ രണ്ടാമൂഴവും നിങ്ങളുടെ മൂന്നാം ലോകകപ്പുമാണിത്. കഴിഞ്ഞ രണ്ടുതവണയും കുറഞ്ഞത് പ്രീക്വാര്‍ട്ടര്‍ വരെയെത്തി. റഷ്യയില്‍ ടീമിന്റെ സാധ്യതകള്‍?

നോക്കൗട്ട് റൗണ്ടിലെത്തുകയാണ് ആദ്യ ലക്ഷ്യം. തൊട്ടുമുന്നിലുള്ള മത്സരത്തിനായി തയ്യാറെടുക്കുകയെന്നതാണ് എന്റെ രീതി. ഗ്രൂപ്പ് റൗണ്ടില്‍ മൂന്ന് കളിയുണ്ട്. അതില്‍ മാത്രമാണ് എന്റെ ശ്രദ്ധ. നോക്കൗട്ടിന് യോഗ്യത നേടിയാല്‍ മാത്രമേ ആ മത്സരത്തെക്കുറിച്ച് ആലോചിക്കൂ.

2010-ല്‍ ടീം സെമിയിലെത്തി. 2006-ല്‍ രണ്ടാം തവണ പരിശീലകനായി തിരിച്ചെത്തിയശേഷമുള്ള ഈ നേട്ടത്തെക്കുറിച്ച്?

തീര്‍ച്ചയായും അതൊരു വലിയ നേട്ടമായിരുന്നു. ലോകകപ്പിന് യോഗ്യത നേടുകയെന്നതുതന്നെ ഓരോ രാജ്യവും വലിയ ബഹുമതിയായാണ് കാണുന്നത്. 32 ടീമുകളില്‍ നിന്നും അവസാന നാലിലൊന്നാവുന്നത് വലിയകാര്യം തന്നെ. അതിലും മികച്ചതാവാന്‍ ഏതൊരു കോച്ചും ആശിക്കും.

ജര്‍മന്‍ കോച്ച് ജോക്കിം ലോവിനെപ്പോലെ ഒരു ടീമിന്റെ പരിശീലകനെന്ന നിലയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചയാളാണ് നിങ്ങള്‍. ലോവിനും ഇത് മൂന്നാം ലോകകപ്പാണ്..?

ലോവ് സമര്‍ഥനായ പരിശീലകനാണ്. ലോകകപ്പ് നിലനിര്‍ത്താനാണ് അദ്ദേഹം റഷ്യയിലെത്തുന്നത്. 2010-ല്‍ അവര്‍ മൂന്നാമതായിരുന്നു. ബ്രസീലില്‍ അവര്‍ രണ്ടുപടികൂടി കടന്ന് തെക്കേയമേരിക്കയില്‍ കിരീടം ചൂടുന്ന ആദ്യ യൂറോപ്യന്‍ ടീമായി. ഈ വമ്പന്‍ നേട്ടം ആവര്‍ത്തിക്കാനുള്ള സംഘം ഇക്കുറിയും അദ്ദേഹത്തിനുണ്ട്. 

കിരീടം നേടാന്‍ സാധ്യതയുള്ള ടീം?

ജര്‍മനി ഫിഫ റാങ്കിങ്ങില്‍ ഒന്നാമതാണ്. ബ്രസീല്‍ രണ്ടാമതും. യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന ശരിക്കും വിയര്‍ത്തു. ലയണല്‍ മെസ്സി ടീമിലുള്ളിടത്തോളം അവര്‍ ഒരു ഭീഷണി തന്നെയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന്റെ കാര്യവും അതുപോലെത്തന്നെ. യൂറോപ്യന്‍ ടീമുകളില്‍ സ്‌പെയിനും ഫ്രാന്‍സും മാറ്റിനിര്‍ത്താനാവാത്തവയാണ്. കഴിവിനൊത്ത് കളിക്കാന്‍ ഞങ്ങളും തയ്യാര്‍. ആര് നേടുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. ഒന്നുണ്ട്്, ലോകകപ്പ് എപ്പോഴും നിങ്ങളെ അതിശയിപ്പിക്കും.

 

(ലോകകപ്പിനോടനുബന്ധിച്ച് പ്രൊഫഷണല്‍ മാനേജ്മെന്റ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖം. വിവിധ ഭാഷകളില്‍ നല്‍കുന്ന അഭിമുഖം മലയാളത്തില്‍ മാതൃഭൂമിക്ക് മാത്രം).

Content Highlights: Uruguay Coach Oscar Tabarez Interview FIFA World Cup 2018