ർമനിയുടെ മധ്യനിര താരം ടോണി ക്രൂസിന് ഇത് മൂന്നാം ലോകകപ്പാണ്. 2010 ലോകകപ്പിൽ സെമിയിലെത്തി. 2014-ൽ കിരീടം. ചാമ്പ്യൻടീമിന്റെ നായകനായിരുന്ന ഫിലിപ്പ് ലാമും ടോപ് സ്‌കോറർ മിറോസ്ലാവ് ക്ലോസെയും അടക്കം പലരും ഇക്കുറി ജർമൻ ടീമിലില്ല. അതുകൊണ്ടുതന്നെ റഷ്യയിൽ ഈ മിഡ്ഫീൽഡ് ജനറലിന് ഏറെ ചെയ്യാനുണ്ട്...

ടോണി ക്രൂസ് സംസാരിക്കുന്നു...

? നിലവിലെ ചാമ്പ്യൻമാരായ ജർമനി റഷ്യയിൽ കിരീടം നിലനിർത്താൻ സാധ്യതയുണ്ടെന്ന് കരുതുന്നവരേറെ. നിങ്ങൾക്ക് എന്തുതോന്നുന്നു

- അങ്ങനെ കേൾക്കുന്നതിൽ സന്തോഷമുണ്ട്. എന്നാൽ അതുപോലെ എളുപ്പമല്ല കിരീടം നിലനിർത്തുന്നത്. 20 ലോകകപ്പുകളിൽ നടന്നതിൽ രണ്ടേരണ്ടു ടീമുകളേ കിരീടം നിലനിർത്തിയിട്ടുള്ളൂ എന്നോർക്കണം. ആ കണക്കുകളിൽ എല്ലാമുണ്ട്. ലോകകപ്പ് നിലനിർത്തുക എന്നത് ഏറ്റവും കടുപ്പമേറിയ കാര്യങ്ങളിലൊന്നാണ്. 2014-ലേതുപോലെ ഏറ്റവും മികച്ച കളി പുറത്തെടുക്കുക എന്ന ഒരേയൊരു മാർഗമേ ഞങ്ങളുടെ മുന്നിലുള്ളൂ.

? ജർമനി ഏതൊക്കെ മേഖലയിലാണ് ഇനി മെച്ചപ്പെടാനുള്ളത്

- എപ്പോഴും ഏത് ടീമിനും കൂടുതൽ മെച്ചപ്പടാനുണ്ടാകും. അതിന് പരിധിയില്ല. പന്ത് പിടിക്കുന്നതിലും റിലീസ് ചെയ്യുന്നതിലും പ്രതിരോധത്തിലും ആക്രമണത്തിലുമെല്ലാം കൂടുതൽ നന്നായി കളിക്കാനാകും. കളി മാറിയിരിക്കുന്നു, ഞങ്ങളുടെയും മറ്റു ടീമുകളുടെയും. സമീപകാലത്ത് മുൻനിര ടീമുകളുമായി കളിച്ചപ്പോൾ ഞങ്ങൾക്ക് അത്രവലിയ മേധാവിത്തമൊന്നുമുണ്ടായിരുന്നില്ല. നാലു വർഷത്തിനിടെ മറ്റു ടീമുകളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്.

? ബെലോ ഹൊറിസോണ്ടെയിൽ ജർമനി ബ്രസീലിനെ 7-1 ന് തോൽപ്പിച്ചപ്പോൾ ക്രൂസിന്റെ പേരിൽ രണ്ടുഗോളുണ്ടായിരുന്നു. ഈയിടെ സൗഹൃദമത്സരത്തിൽ നിങ്ങളെ അവർ തോൽപ്പിച്ചു. അത് സൂചിപ്പിക്കുന്നത്....

- അവർ ഏറെ മെച്ചപ്പെട്ടിരിക്കുന്നു. റയൽ മഡ്രിഡിൽ എന്റെ സഹതാരമായ കസെമിറോയെപ്പോലെ ഒരുപാട് മികച്ച താരങ്ങൾ ബ്രസീലിലുണ്ട്. കഴിഞ്ഞ ലോകകപ്പിലേതിനേക്കാൾ എത്രയോ മികച്ച ടീമാണ് അവരിപ്പോൾ. മറ്റു ടീമുകളും മാറിയിട്ടുണ്ട്. ഞങ്ങൾ അത് മനസ്സിൽവെക്കണം. ഞങ്ങൾ ഫേവറിറ്റുകളാണ്, സംശയമില്ല. എന്നാൽ പലരിൽ ഒരു ടീം മാത്രം.

? കപ്പ് നേടുന്നതിൽ പ്രധാന എതിരാളി ആര്

-സ്‌പെയിനും ബ്രസീലുമാണ് ഏറ്റവും ശക്തരായ രണ്ടു ടീമുകൾ. റയലിൽ കളിക്കുന്നതിനാൽ എനിക്ക് പലരേയും വ്യക്തിപരമായി അറിയാം. അസെൻസിയോ, ഇസ്‌കോ, വാസ്‌ക്വസ് തുടങ്ങിയ മികച്ചതാരങ്ങൾ സ്‌പെയിനിനെ അപകടകാരികളാക്കുന്നു. ആന്ദ്രേ ഇനിയേസ്റ്റ, ക്യാപ്റ്റൻ സെർജിയോ റാമോസ് എന്നിവരുടെ പരിചയസമ്പത്തും കണക്കിലെടുക്കേണ്ടതുണ്ട്. ബ്രസീൽ നിരയിൽ കസെമിറോ, മാഴ്‌സലോ തുടങ്ങിയവരുടെ മികവ് എനിക്ക് നന്നായി അറിയാം.

? മറ്റു ടീമുകൾ

- ഫ്രാൻസ്, പോർച്ചുഗൽ, ബെൽജിയം, ഇംഗ്ലണ്ട്, അർജന്റീന. ചരിത്രപരമായി, പാരമ്പര്യമുള്ള ടീമുകൾ ലോകകപ്പിൽ പൊതുവേ നന്നായി കളിക്കാറുണ്ട്. ഇറ്റലിയുടെ അഭാവവും ശ്രദ്ധിക്കണം. ലോകകപ്പും ഇറ്റലിയും തമ്മിൽ വലിയ ബന്ധമുണ്ട്. നാലുതവണ കിരീടം നേടിയ അസൂറികൾ റഷ്യയിലില്ല എന്നത് നിരാശ പകരും.

? കഴിഞ്ഞ മൂന്നുതവണയും കിരീടം യൂറോപ്പിലായിരുന്നു. ഇക്കുറിയും അങ്ങനെയാകുമോ

- പ്രവചിക്കാൻ ബുദ്ധിമുട്ടുണ്ട്. എങ്കിലും എന്റെ കണക്കുകൂട്ടലിൽ കിരീടം യൂറോപ്പിൽ തുടരാനാണ് സാധ്യത. മറ്റൊരു ഭൂഖണ്ഡത്തിലെത്തി കിരീടവുമായി മടങ്ങുന്നത് എപ്പോഴും ബുദ്ധിമുട്ടാണ്. രണ്ടേരണ്ടു ടീമുകളേ (സ്വീഡനിൽ ബ്രസീൽ-1958, ബ്രസീലിൽ ജർമനി-2014) അത് നേടിയിട്ടുള്ളൂ. മറ്റൊരു കാലാവസ്ഥയിൽ അപരിചിത ദേശത്ത് ഏറ്റവും നന്നായി കളിക്കാൻ പലർക്കും കഴിയില്ല. ഇതൊക്കെയാണെങ്കിലും ബ്രസീലിനും അർജന്റീനയ്ക്കും എന്നും എതിരാളികളെ ഞെട്ടിക്കാനുള്ള കരുത്തുണ്ട്.

? 2014 ലോകകപ്പ് വിജയിച്ച ജർമൻ ടീമിലുണ്ടായിരുന്ന ഫിലിപ്പ് ലാം, മിറോസ്ലാവ് ക്ലോസെ, ബാസ്റ്റിൻ ഷ്വെയ്ൻസ്റ്റീഗർ എന്നിവർ ഇപ്പോൾ നിങ്ങൾക്കൊപ്പമില്ല. അത് ടീമിനെ ബാധിക്കുമോ

- ഇതിഹാസങ്ങൾ വിരമിക്കുമ്പോൾ അത് ടീമിനെ ബാധിക്കും. ഓരോ ടീമും അത്തരം സന്ദർഭങ്ങളെ നേരിടാൻ തയ്യാറാകേണ്ടതുണ്ട്.

ആ മാറ്റം എളുപ്പമാകില്ല. എത്രയോ വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഓരോരുത്തരും ആ നിലവാരത്തിലെത്തിയതും ദേശീയ ടീമിൽ സ്ഥാനമുറപ്പിച്ചതും. അവർക്ക് പകരക്കാരെ കണ്ടെത്താനാകില്ല. എന്നാൽ ഞങ്ങൾക്ക് പുതിയ താരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും വ്യക്തമായ പദ്ധതിയുണ്ട്. കുറച്ചുസമയമെടുത്താലും, ഞങ്ങൾ അതുമായി പൊരുത്തപ്പെടും.

? ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി മൂന്നാം കിരീടം.

അത് ലോകകപ്പിൽ ഗുണകരമാകുമോ

- സത്യത്തിൽ ബയറൺ മ്യൂണിക്കിനൊപ്പവും ഞാൻ ഒരുതവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്. നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ പങ്കാളിയാവുകയെന്നാൽ അത് മഹത്തരമാണ്.

റയലിൽ ഞങ്ങൾക്ക് ഇത് നേട്ടങ്ങളുടെ കാലമായിരുന്നു. ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിലെത്തുമ്പോൾ ഈ കിരീടങ്ങൾ പകർന്നുനൽകിയ ഊർജം നമ്മളിലുണ്ടാകും. ക്ലബ്ബിലെ മികവ് ഇനിയും തുടരണം എന്ന ചിന്തയുണ്ടാകും.

Content Highlights: Toni kroos interview and Expectations Of Germany In World Cup