സ്പാനിഷ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ വീട്ടിലെ സ്വീകരണമുറി നേട്ടങ്ങളുടെ മ്യൂസിയം പോലെയാണ്. പല കാലങ്ങളില്‍ നേടിയ കിരീടങ്ങള്‍ അവിടെ അലങ്കരിച്ചു വെച്ചിരിക്കുന്നു. അതോടൊപ്പം 2010 ലോകകപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ ധരിച്ച ജേഴ്‌സിയും 2012 യൂറോ ഫൈനലില്‍ ഉപയോഗിച്ച ബൂട്ടും ഉണ്ട്. ഒരിക്കല്‍ ലോകകപ്പ് നേടിയ റാമോസ് എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം ടീമിന്റെ നായകനായി റഷ്യയിലെത്തുന്നു. നേടാന്‍ ഇനി ഒന്നേയുള്ളൂ, ക്യാപ്റ്റന്‍ എന്നനിലയില്‍ ഒരു ലോകകപ്പ്...

? പോര്‍ച്ചുഗലിന്റെയും സ്പെയിനിന്റെയും ക്യാപ്റ്റന്‍മാര്‍ അടുത്ത സുഹൃത്തുക്കളാണെന്ന് പറയപ്പെടുന്നു. റഷ്യ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്പെയിന്‍ പോര്‍ച്ചുഗലിനെ നേരിടുമ്പോള്‍ നിങ്ങള്‍ ക്രിസ്റ്റ്യാനോയെ എങ്ങനെ സ്വീകരിക്കും

- തീര്‍ച്ചയായും ഞങ്ങള്‍ പരസ്പരം ആലിംഗനം ചെയ്യും. അതിനുശേഷം അദ്ദേഹത്തിന്റെ മുന്നേറ്റങ്ങളെ എങ്ങനെയെല്ലാം തടയാമോ അതെല്ലാം ചെയ്യും. തിരിച്ച് അദ്ദേഹം എന്നോടും അതേ സമീപനമായിരിക്കും. അതാണ് ഫുട്‌ബോള്‍. ക്രിസ്റ്റ്യാനോ എന്റെ വളരെയടുത്ത ചങ്ങാതിയാണ്. കളിക്കളത്തിലും പുറത്തും ഞങ്ങള്‍ക്ക് ഓര്‍ക്കാന്‍ ഏറെയുണ്ട്. പക്ഷേ, നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ആ ദിവസം എതിരാളിയെ തോല്‍പ്പിക്കാനാകും ഞങ്ങള്‍ രണ്ടുപേരും ശ്രമിക്കുക, കാരണം ഞങ്ങള്‍ രണ്ടുപേരും ജയം ആഗ്രഹിക്കുന്നു.

? 2010 ലോകകപ്പിലും 2012 യൂറോ കപ്പിലും സ്പെയിന്‍ പോര്‍ച്ചുഗലിനെതിരേ കളിച്ചിട്ടുണ്ട്. രണ്ടുതവണയും സ്പെയിന്‍ കിരീടമുയര്‍ത്തി

- അത് രസകരമായ പോയന്റാണ്. എന്നാല്‍, പണ്ട് അങ്ങനെ ജയിച്ചു എന്നതുകൊണ്ട് റഷ്യയില്‍ കാര്യമൊന്നുമില്ല. പോര്‍ച്ചുഗല്‍ ഇപ്പോള്‍ യൂറോ ചാമ്പ്യന്‍മാരാണ്. ഞങ്ങളെ പ്രതിസന്ധിയിലാക്കാന്‍ അവര്‍ക്ക് കഴിയും. ഞങ്ങള്‍ വേണ്ട തയ്യാറെടുപ്പ് നടത്തണം. അയല്‍ക്കാര്‍ തമ്മിലുള്ള പോരാട്ടം ആരാധകര്‍ക്ക് വലിയ ആവേശം പകരും.

? കൗതുകകരമായ ഒരുപാട് കണക്കുകളുണ്ട് സ്പെയിനിനെപ്പറ്റി. 2010 ലോകകപ്പ് ഫൈനലില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചുകൊണ്ടാണ് നിങ്ങള്‍ കിരീടമുയര്‍ത്തിയത്. അടുത്ത ലോകകപ്പില്‍ (2014 ബ്രസീല്‍) ആദ്യമത്സരത്തില്‍ ഹോളണ്ടിനോട് തോറ്റു.

- അതോടെ ആ ലോകകപ്പിലെ പ്രതീക്ഷകളും അസ്തമിച്ചു എന്നും അതോടൊപ്പം കൂട്ടിച്ചേര്‍ക്കണം. ഒരു ലോകചാമ്പ്യന്മാരും തൊട്ടടുത്ത ലോകകപ്പില്‍ അതുപോലെ മോശമായി കളിച്ചിട്ടുണ്ടാകില്ല. രണ്ടു രാത്രികളും ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നുമുണ്ടാകും. ഒന്ന് ഏറ്റവും മധുരമേറിയതും ഒന്ന് ഏറ്റവും കയ്‌പ്പേറിയതും. ബ്രസീല്‍ ലോകകപ്പില്‍ രാത്രി എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. രണ്ടാമത്തെ കളിയില്‍ ചിലിയോടും തോറ്റു. അതോടെ ലോകകപ്പില്‍നിന്ന് മടങ്ങി.

? 2010 ലോകകപ്പിലും ആദ്യത്തെ കളിയില്‍ നിങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റിരുന്നു. പിന്നീട് തുടര്‍ച്ചയായ ആറു കളികള്‍ ജയിച്ച് കിരീടമുയര്‍ത്തി. 2014-ലും ആദ്യമത്സരം തോറ്റു. റഷ്യയില്‍ എന്താണ് സംഭവിക്കുക

- ഐബീരിയന്‍ ഡെര്‍ബിയില്‍ (പോര്‍ച്ചുഗല്‍-സ്പെയിന്‍) എന്താണ് സംഭവിക്കുകയെന്ന് ഇപ്പോള്‍ പറയാനാകില്ല. ഫുട്‌ബോളില്‍ എന്തും സംഭവിക്കാം. ഞങ്ങള്‍ അനുഭവത്തില്‍നിന്ന് പാഠംപഠിച്ചു. അത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിച്ചു.

? ശക്തരായ എതിരാളിക്കെതിരേ തുടങ്ങുന്നത് നല്ലതാണോ

- വലിയ ടീം ആണെന്നുമാത്രമല്ല, യൂറോ ചാമ്പ്യന്‍മാര്‍ എന്ന നിലയില്‍ ലോകകപ്പിലെ ഫേവറിറ്റുകളാണവര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളി ജയിക്കാനായി കഴിവിന്റെ പരമാവധി ഉപയോഗിക്കും. ഹൈ വോള്‍ട്ടേജ് മത്സരം ടീമിനെ മൊത്തത്തില്‍ ഉത്തേജിപ്പിക്കും. ടീമിനെ പ്രത്യേകിച്ച് ഉണര്‍ത്തേണ്ട ആവശ്യമില്ല.

? ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ദേശീയ ടീമിനെ നയിക്കുന്ന അനുഭവം എങ്ങനെ

- ഞാന്‍ ഇതുവരെ അത് അനുഭവിച്ചിട്ടില്ല. എങ്കിലും ലോകകപ്പില്‍ രാജ്യത്തെ നയിക്കുക എന്നത് കളിക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. തീര്‍ച്ചയായും വളരെ വളരെ വലുത്. ലോകകപ്പ് ജയിക്കുക എന്നത് സമാനതകളില്ലാത്ത അനുഭവമാകും. ഈ ലോകത്ത് അല്ലാതായതുപോലെ തോന്നും.

? റൗള്‍ ഗോണ്‍സാലസ്, കസിയസ് ഇപ്പോള്‍ റാമോസും... സ്പെയിനിന്റെ ക്യാപ്റ്റന്‍സി എപ്പോഴും റയല്‍ മഡ്രിഡ് താരങ്ങളെ തേടിയെത്തുന്നു.

- ഹ, ഞാന്‍ എന്തുപറയാന്‍. സ്പാനിഷ് ഫുട്‌ബോള്‍ അധികൃതര്‍ എന്നെ ക്യാപ്റ്റനായി നിയോഗിക്കുന്നു. ലോ റോജയെ നയിക്കുകയെന്നത് ഞാന്‍ സന്തോഷത്തോടെ ഏറ്റെടുക്കുന്നു. എന്നെ സംബന്ധിച്ച് അതൊരു അംഗീകാരമാണ്. റഷ്യയില്‍ ആ 31 ദിവസം, നഷ്ടപ്പെട്ടുപോയ കിരീടം തിരിച്ചെടുക്കാന്‍ എന്നാലാവുന്നതെല്ലാം ചെയ്യും. കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കി. കളിക്കാരന്‍ എന്നനിലയില്‍ ലോകകപ്പ് നേടുന്ന ടീമില്‍ അംഗമായി. നേടാന്‍ ഇനി കുറച്ചുകാര്യങ്ങള്‍ മാത്രം. ക്യാപ്റ്റന്‍ എന്നനിലയില്‍ കിരീടം ഉയര്‍ത്തുക എന്ന സ്വപ്നംമാത്രം.

? 2010 ലോകകപ്പിലെ സ്പെയിന്‍ ടീമുമായി താരതമ്യപ്പെടുത്തുമ്പോള്‍

-ജെറാര്‍ഡ് പിക്വെ, ഇനിയേസ്റ്റ, ഡേവിഡ് സില്‍വ, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് എന്നിവര്‍ ഇപ്പോഴും എന്റെകൂടെയുണ്ട്. എങ്കിലും രണ്ടുടീമുകളെയും താരതമ്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍, ഒരുകാര്യം ഉറപ്പിച്ചുപറയാം, അന്ന് കിരീടം നേടിയ ടീമിന്റെ പ്രതിഭയും വൈവിധ്യവും ഈ ടീമിനുമുണ്ട്. കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റുകളില്‍ (2014 ലോകകപ്പ്, 2016 യൂറോ കപ്പ്) ലോകമെങ്ങുമുള്ള സ്പാനിഷ് ആരാധകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ടീമിന് ഉയരാനായില്ല. ഈ ടീമിന് അതെല്ലാം തിരുത്താന്‍ ശേഷിയുണ്ട്. അന്ന് ഞങ്ങള്‍ ചെറുപ്പമായിരുന്നു. ഇപ്പോള്‍ പാകത വന്നിരിക്കുന്നു. ഒപ്പം ചെറുപ്പക്കാരുടെ ഒരു നിരയുമുണ്ട്. ടീം പൂര്‍ണമായും സന്തുലിതമാണ്.

(ലോകകപ്പിനോടനുബന്ധിച്ച് പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖം. വിവിധ ഭാഷകളില്‍ നല്‍കുന്ന അഭിമുഖം മലയാളത്തില്‍ മാതൃഭൂമിക്ക് മാത്രം)

Content Highlights: Sergio Ramos Interview on Spain Team and World Cup 2018 Expectations