ഷ്യന്‍ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തത് പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ്. 10 മത്സരങ്ങളില്‍ 16 ഗോളുകള്‍.  മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമെല്ലാം കളിച്ച യോഗ്യതാറൗണ്ടില്‍ ലെവന്‍ഡോവ്സ്‌കി ടോപ് സ്‌കോറര്‍ ആയപ്പോള്‍ സമീപകാല ഫുട്ബോളിനെക്കുറിച്ച് അറിയുന്നവരൊന്നും അദ്ഭുതപ്പെട്ടില്ല. കാരണം, ലെവന്‍ഡോവ്സ്‌കിയുടെ കാലടികള്‍ യൂറോപ്പിന്റെ വല കുലുക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ജര്‍മന്‍ ലീഗില്‍ വോള്‍ഫ്സ്ബര്‍ഗിനെതിരേ ബയറണ്‍ മ്യൂണിക്കിനുവേണ്ടി ഒമ്പതു മിനിറ്റില്‍ അഞ്ചുഗോള്‍ നേടിയത് മറക്കാനായിട്ടില്ല.   

ലോകകപ്പില്‍ ഇക്കുറി പോളണ്ടിന് എന്തെങ്കിലും സാധ്യതകള്‍ കല്പിക്കുന്നുണ്ടെങ്കില്‍ അത് ലെവന്‍ഡോവ്സ്‌കിയുടെ ടീം എന്ന നിലയില്‍ മാത്രമാകും. പോളണ്ടിന്റെ എക്കാലത്തെയും വലിയ ഗോള്‍ സ്‌കോറര്‍ രാജ്യത്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ പങ്കിടുന്നു.

റഷ്യന്‍ ലോകകപ്പില്‍ കളിക്കാനെത്തുന്ന 'വണ്‍മാന്‍ ആര്‍മി'കളിലൊന്നാണ് പോളണ്ട് എന്നുപറഞ്ഞാല്‍ സമ്മതിക്കുമോ?

അതെങ്ങനെ ശരിയാകും? പതിനൊന്നു പേര്‍ക്കെതിരേ പതിനൊന്നുപേര്‍ കളിക്കുന്ന ടീം ഗെയിമാണ് ഫുട്ബോള്‍. ഒരു കളിക്കാരന് ചിലപ്പോള്‍ ചില അദ്ഭുതങ്ങള്‍ കാണിക്കാനായേക്കും. അത് താത്കാലികമാണ്. ലോകകപ്പിനുള്ള യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പ് ഇ-യിലെ ചാമ്പ്യന്‍മാരായാണ് ഞങ്ങള്‍ റഷ്യയിലേക്ക് വരുന്നത്. ഡെന്‍മാര്‍ക്ക്, റുമാനിയ തുടങ്ങിയ ടീമുകളെ നേരിടേണ്ടിയിരുന്നു. വണ്‍ മാന്‍ ആര്‍മിക്ക് ഒരിക്കലും പത്തില്‍ എട്ടുകളികളും ജയിച്ച് മുന്നേറാനാകില്ല.

യോഗ്യതാ റൗണ്ടില്‍ പോളണ്ടിന്റെ പേരിലുള്ള 28 ഗോളുകളില്‍ പതിനാറും നിങ്ങളുടെ വകയായിരുന്നു. നിങ്ങള്‍ യോഗ്യതാ റൗണ്ടിലെ ടോപ്സ്‌കോററുമായി?

ഞാന്‍ അത്രയും ഗോള്‍ നേടി എന്നത് ശരിതന്നെ, പക്ഷേ, ഗോളുകള്‍ വരുന്നത് ടീം വര്‍ക്കില്‍ നിന്നാണ്. പന്തിനെ ഗോള്‍വലയത്തിനുള്ളിലേക്ക് തട്ടിയിടാന്‍ അപ്പോള്‍ അവിടെ ആ വേഷത്തില്‍ ഞാന്‍ ഉണ്ടായി എന്നത് സത്യം തന്നെ. എന്നാല്‍, അതെല്ലാം ടീം വര്‍ക്കിന്റെ ഭാഗമാണ്. റഷ്യയിലും ആ കളി തുടരാനാണ് ഞങ്ങള്‍ വരുന്നത്.

lewandowski
ലെവന്‍ഡോവ്‌സ്‌കിക്കൊപ്പം പോളണ്ട് ടീമിന്റെ വിജയാഘോഷം   ഫോട്ടോ: റോയിട്ടേഴ്‌സ്‌

ഫിഫ റാങ്കിങ്ങില്‍ പോളണ്ടിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്ഥാനമായ ആറാം റാങ്കോടെയാണ് നിങ്ങള്‍ ലോകകപ്പിന് യോഗ്യത നേടിയത്?

അതെ, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ ടീം എന്ന നിലയില്‍ ഞങ്ങള്‍ കാട്ടിയ മികവിന്റെ പ്രതിഫലനമാണത്. 2016 യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനോട് പെനാല്‍ട്ടിയിലാണ് തോറ്റത്. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഒരു കളി മാത്രമേ തോറ്റുള്ളൂ. കോച്ച് ആദം നവാല്‍ക്കയുടെ കീഴില്‍ രാജ്യത്തിനുവേണ്ടി കൂടുതല്‍ മികച്ച ഫലം ഉണ്ടാക്കാനാണ് ഞങ്ങള്‍ റഷ്യയിലേക്ക് വരുന്നത്.

ഗ്രൂപ്പ് എച്ചില്‍ നിങ്ങളുടെ എതിരാളികള്‍ കൊളംബിയ, സെനഗല്‍, ജപ്പാന്‍ എന്നിവര്‍. പോളണ്ടിന് രണ്ടാം റൗണ്ടിലേക്കുള്ള വഴി സുഗമായിരിക്കും അല്ലേ?

അങ്ങനെ ചിന്തിക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. അതുപോലെ സംഭവിച്ചാല്‍ സന്തോഷമാകും. എന്നാല്‍, അങ്ങനെയാകണമെന്നില്ലെന്ന് ഞാന്‍ ഓര്‍മിപ്പിക്കട്ടെ. റാങ്കിങ്ങ്  പട്ടികയിലെ സ്ഥാനം കളി ജയിപ്പിക്കില്ല. പ്രത്യേകിച്ചും ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍. 2002-ല്‍ ആദ്യമായി ലോകകപ്പിനെത്തിയ സെനഗല്‍ ക്വാര്‍ട്ടറിലെത്തിയത് ഓര്‍മയില്ലേ. അതുപോലെ ഇക്കുറിജപ്പാന്‍  നിങ്ങളെ അമ്പരപ്പിക്കും. എല്ലാം അതതു ദിവസത്തെ കളിപോലിരിക്കും. ഒന്നും നേരത്തേ ഉറപ്പിക്കാനാകില്ല.

ബയറണ്‍ മ്യൂണിക്കിലെ നിങ്ങളുടെ സഹതാരവും കൊളംബിയയുടെ സൂപ്പര്‍താരവുമായ ഹാമിഷ് റോഡ്രിഗസിനെപ്പറ്റി?

കളിക്കളത്തില്‍ താന്‍ എന്താണെന്ന് 2014 ലോകകപ്പില്‍ ഹാമിഷ് ലോകത്തിനു കാണിച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹം മികച്ച ഫുട്ബോളറാണ്, സ്വന്തം കളികൊണ്ട് മത്സരഫലം മാറ്റാന്‍ ശേഷിയുള്ളയാള്‍. ടീം എന്ന നിലയിലും കൊളംബിയയ്ക്ക് വലിയ പൈതൃകമുണ്ട്. ജൂണ്‍ 24-ന് നടക്കുന്ന മത്സരം (പോളണ്ട് Xകൊളംബിയ) കളിക്കാര്‍ക്കും കാണികള്‍ക്കും അവേശകരമായിരിക്കും.

2006-നുശേഷം ആദ്യമായാണ് പോളണ്ട് ലോകകപ്പിനെത്തുന്നത്?

അതെ. കഴിഞ്ഞ രണ്ടുതവണയും ഞങ്ങള്‍ക്ക് യോഗ്യത നേടാനായില്ല. കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു. ലോകകപ്പില്‍ എന്റെ രാജ്യം അവസാന 32 ടീമുകളില്‍ ഒന്നാകണമെന്നും ആ ടീമില്‍ കളിക്കണമെന്നും ഓരോ ഫുട്ബോളറും ആഗ്രഹിക്കും. ലോകകപ്പിനപ്പുറം മറ്റൊന്നുമില്ലല്ലോ... അതു കണ്ടാണ് ഞാന്‍ ഫുട്ബോളിലെത്തിയത്. അവിടെ കളിക്കുക എന്ന സ്വപ്നത്തിനൊപ്പമാണ് വളര്‍ന്നത്. ആ സ്വപ്നം എന്നെ നയിച്ചു. അതുകൊണ്ടുതന്നെ ലോകകപ്പില്‍ കളിക്കുന്നത് സ്വപ്ന സാഫല്യം തന്നെയാണ്.

പോളണ്ട് അവസാന എട്ടില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് നിങ്ങളുടെ പരിശീലകന്റെ കണക്കുകൂട്ടല്‍. നിങ്ങളും അങ്ങനെ കരുതുന്നുണ്ടോ?

എന്നെ സംബന്ധിച്ചിടത്തോളം അവസാന പതിനാറില്‍ എത്തുക എന്നതാണ് ആദ്യ ലക്ഷ്യം. അതുനേടിക്കഴിഞ്ഞാല്‍, നോക്കൗട്ട് ഘട്ടത്തില്‍, ഞങ്ങളുടേതായ ദിവസം എന്തും സംഭവിക്കാം. പ്രാഥമിക ഘട്ടത്തിലെ മൂന്നു കളികളില്‍ മാത്രമാണ് ഇപ്പോള്‍ എന്റെ ശ്രദ്ധ.

ക്ലബ്ബ് തലത്തില്‍ സീസണിന്റെ അവസാന ഘട്ടത്തില്‍ നിങ്ങളുടെ ഫോമിനെപ്പറ്റി ചില വിമര്‍ശനങ്ങളുണ്ടായിരുന്നു. ലോകകപ്പില്‍ നല്ല ആത്മവിശ്വാസത്തിലാണോ?

അതുശരി, ക്ലബ്ബിനുവേണ്ടി സീസണില്‍ ഞാന്‍ നാല്‍പ്പതിലേറെ ഗോളുകള്‍ നേടി! ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലിനെതിരേ കൂടുതല്‍ ഗോളുകള്‍ നേടാമായിരുന്നു എന്നത് ശരിതന്നെ. ഞങ്ങള്‍ നന്നായി കളിച്ചെങ്കിലും കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഫുട്ബോള്‍ അങ്ങനെയാണ്. നിങ്ങളുടെ എല്ലാ ശേഷിയും പുറത്തെടുത്താലും ചില ദിവസങ്ങളില്‍ അര്‍ഹിച്ച റിസള്‍ട്ട് കിട്ടിയില്ലെന്നുവരും. ഒരു ദശകത്തോളമായി ഞാന്‍ പോളണ്ടിനുവേണ്ടി കളിക്കുന്നു. ഇത് അപൂര്‍വമായ ഒരു മുഹൂര്‍ത്തമാണെന്ന് ഞങ്ങളെല്ലാം തിരിച്ചറിയുന്നു. ടീം ഒന്നടങ്കം റഷ്യയില്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

(ലോകകപ്പിനോടനുബന്ധിച്ച് പ്രൊഫഷണല്‍ മാനേജ്മെന്റ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖം. വിവിധ ഭാഷകളില്‍ നല്‍കുന്ന അഭിമുഖം മലയാളത്തില്‍ മാതൃഭൂമിക്ക് മാത്രം).

 

Content Highlights: Robert Lewandowski Interview and Possibilities of Poland In World Cup