ഴിഞ്ഞ ലോകകപ്പില്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടുമ്പോള്‍ പോള്‍ പോഗ്ബയ്ക്ക് 21 വയസ്സ്. അന്ന് ഒരു ഗോള്‍ മാത്രമേ നേടിയുള്ളൂവെങ്കിലും ഫ്രാന്‍സിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കുന്നതില്‍ പോഗ്ബയുടെ സ്വാധീനം വലുതായിരുന്നു. നാലുവര്‍ഷത്തിനു ശേഷം പരിചയസമ്പത്തും പക്വതയും കൂടിയ പോള്‍ പോഗ്ബ റഷ്യന്‍ ലോകകപ്പിനെത്തുമ്പോള്‍....

? ഫ്രാന്‍സ് ആദ്യമായും അവസാനമായും ലോകകപ്പ് വിജയിച്ചിട്ട് 20 വര്‍ഷം തികയുന്നു. റഷ്യയില്‍ നിങ്ങള്‍ക്ക് ആ കണക്ക് തിരുത്താനാകുമോ

-ഞങ്ങള്‍ കപ്പ് നേടും എന്ന് ഉറപ്പിച്ചുപറയാന്‍ എനിക്ക് കഴിയില്ല. എന്നാല്‍, ഞങ്ങള്‍ക്ക് ലോകകപ്പ് ജയിക്കാന്‍ ശേഷിയുള്ള ടീം ഉണ്ടെന്ന് ഉറപ്പിച്ചുപറയാനാകും.

? മികച്ച ടീം ഉണ്ടെങ്കില്‍ പിന്നെന്തുകൊണ്ട് കപ്പ് നേടിക്കൂടാ...

-ഒരു ടൂര്‍ണമെന്റ് വിജയിക്കുക എന്നത് സാങ്കേതികത്തികവിനേക്കാളേറെ മാനസികശക്തിയുടെ കൂടി കളിയാണ്. സാങ്കേതികമികവും മികച്ച ടീമും ഉണ്ടായിരിക്കണം, അതില്‍ തര്‍ക്കമില്ല. എന്നാല്‍ അതുമാത്രം പോരാ, അതിനപ്പുറത്തേക്ക് പോകേണ്ടതുണ്ട്. നല്ല ടീം എന്നതുപോലെ ടീം സ്പിരിറ്റും ഉണ്ടാകണമെന്ന് ഞാന്‍ കരുതുന്നു.

? 2016 യൂറോകപ്പ് ഫൈനലില്‍ നിങ്ങള്‍ക്ക് പിഴച്ചത് എവിടെയാണ്

- എതിരാളികള്‍ക്കെതിരേ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ നേടുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. സ്വന്തം കാണികള്‍ക്കു മുന്നിലായിരുന്നു കളി. പ്രതീക്ഷകളുടെ സമ്മര്‍ദവും ഒരുപരിധിവരെ ഞങ്ങള്‍ക്ക് വിനയായി. എന്നെ സംബന്ധിച്ച് റഷ്യയില്‍ ലോകകപ്പ് കളിക്കുന്നത് സന്തോഷകരമാണ്. കാരണം, നാട്ടിലല്ലല്ലോ കളി! സത്യം പറഞ്ഞാല്‍, ആ തോല്‍വിയില്‍നിന്ന് കരകയറാന്‍ കുറച്ചുസമയമെടുത്തു. രാജ്യത്തിനുവേണ്ടി ഒരു അന്താരാഷ്ട്ര കിരീടം നേടുക എന്നത് എന്നും ഞങ്ങളുടെ സ്വപ്നമാണ്. അതിന്റെ അടുത്തോളമെത്തി. പക്ഷേ, അത് യാഥാര്‍ഥ്യമായില്ല. ഒരവസരം കിട്ടിയപ്പോള്‍ പോര്‍ച്ചുഗല്‍ സ്‌കോര്‍ ചെയ്തു. ഞങ്ങള്‍ക്ക് അതിനു കഴിഞ്ഞില്ല.

? നിങ്ങളുടെ പ്രധാനതാരം ദിമിത്രി പയെറ്റ്  അവസാനനിമിഷം പരിക്കേറ്റ് പിന്‍മാറി..

-അത് ഞങ്ങള്‍ക്ക് വലിയ നഷ്ടമായി, പയെറ്റിനും. യൂറോയില്‍ ഞങ്ങള്‍ ഒന്നിച്ചുകളിച്ചതാണ്. ഞങ്ങള്‍ക്കിടയില്‍ നല്ല പൊരുത്തമുണ്ടായിരുന്നു. നല്ല കളിക്കാരനാണ് പയെറ്റ്. അദ്ദേഹത്തിന്റെ അഭാവം അറിയാനുണ്ടാകും. പക്ഷേ, യാഥാര്‍ഥ്യം നമ്മള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ. ഫുട്ബോളില്‍ എപ്പോഴും അപകടം സംഭവിക്കാവുന്നതേയുള്ളൂ. അത് എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കണം.

? യൂറോ ഫൈനലിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ടീം മെച്ചപ്പെട്ടോ

- ടീം എന്ന നിലയില്‍ ഞങ്ങള്‍ കൂടുതല്‍ കരുത്തരായിട്ടുണ്ടെന്നാണ് വിശ്വാസം. കളിക്കാര്‍ തമ്മിലുള്ള ബന്ധം ദൃഢമായി. ടീമിന് ഒത്തിണക്കം കിട്ടാന്‍ കുറേയേറെ മത്സരങ്ങള്‍ കളിച്ചു. എന്നാലും ഇനിയും മെച്ചപ്പെടാനുണ്ട്.

? റഷ്യയില്‍ കിരീടസാധ്യതയുള്ള മറ്റു ടീമുകള്‍

- ഒന്നല്ല, ഒരുപാടുണ്ട്. ജര്‍മനി, ബ്രസീല്‍, സ്പെയിന്‍ എന്നിവര്‍ക്ക് മികച്ച സംഘമുണ്ട്. ഇംഗ്ലണ്ടും ഇക്കുറി നല്ല ടീമാണ്. ഫുട്ബോളിലെ ശക്തി കളിക്കളത്തിലേ വ്യക്തമാകൂ. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ടീമുകള്‍ റഷ്യയിലെത്തുന്നത് അവരുടെ കരുത്ത് തെളിയിക്കാനാണ്. അതിലൊന്നാണ് ഫ്രാന്‍സ് എന്ന് എനിക്ക് ഉറപ്പുണ്ട്.

? റഷ്യയില്‍ അപാരമായ കഴിവുകളുമായി പല കളിക്കാര്‍ എത്തും.അവിടെ പോഗ്ബയെ എങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നു

- ലോകകപ്പ് ജയിക്കുക എന്നതുതന്നെ മനോഹരമായ സ്വപ്നമാണ്. അതിനൊപ്പം മികച്ച കളിക്കാരനുള്ള സുവര്‍ണ പാദുകവും നേടാനായാല്‍ ഇരട്ടി സന്തോഷമാകും. 2014 ലോകകപ്പില്‍, മികച്ച യുവതാരമായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ റഷ്യയില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടുക എന്നത് അസാധ്യമല്ല. അതിനുവേണ്ടി കഠിനാധ്വാനം വേണം. കിരീടം നേടുന്നത് ടീമുകളാണ്. അതിലേക്ക് പരമാവധി സംഭാവന നല്‍കുക എന്നേ ചെയ്യാനുള്ളൂ.

? ഡെന്‍മാര്‍ക്ക്, പെറു, ഓസ്ട്രേലിയ എന്നിവരാണ് ഗ്രൂപ്പില്‍ നിങ്ങളുടെ എതിരാളികള്‍

- ഫ്രാന്‍സിനു വേണ്ടിയാണ് കളിക്കുന്നത് എന്നതുകൊണ്ടുമാത്രം എല്ലാ കളികളും 5-0 ത്തിന് ജയിക്കുമെന്ന് പറയാനാകില്ലല്ലോ. ശ്രമിക്കുക, കഠിനമായി പരിശ്രമിക്കുക. എന്നാലും എപ്പോഴും എല്ലാ കളികളും ജയിക്കണമെന്നില്ല. അതാണ് ഫുട്ബോളിന്റെ രീതി. തിരിച്ചടികള്‍ നേരിടാനും തയ്യാറായിരിക്കണം. തിരിച്ചടികളിലും മുന്നേറാനുള്ള വഴി കണ്ടെത്തുമ്പോഴാണ് മികച്ച ടീമാകുന്നത്. ഗ്രൂപ്പില്‍ ഞങ്ങള്‍ക്ക് കനത്ത എതിരാളികളുണ്ട്. മുന്നോട്ടു പോകണമെങ്കില്‍ ആദ്യറൗണ്ട് തൊട്ടേ നന്നായി അധ്വാനിക്കേണ്ടിവരും. അങ്ങനെ പോയാല്‍ അവസാനം വരെ പോകാനുള്ള കരുത്തുണ്ടാകും.

Content Highlights: Paul Pogba Interview Ahead Of World Cup Football