ബെലെ ഹൊറിസോണ്ടയിലെ ശപിക്കപ്പെട്ട ആ രാത്രിക്കുശേഷം ശരിക്കൊന്ന് ഉറങ്ങാന്‍ പോലും കഴിയാത്ത ബ്രസീലുകാര്‍ വീണ്ടും കിനാവു കണ്ടു തുടങ്ങിയിരിക്കുന്നു. നെയ്മറെന്ന സൂപ്പര്‍നായകന്‍ റഷ്യയില്‍ ടീമിനെ വിജയാകാശത്തിലേക്ക് നയിക്കുമെന്ന് അവര്‍ കരുതുന്നു. പരിക്കിന്റെ തടവറയില്‍നിന്ന് മുക്തനായെത്തിയ നെയ്മറും പ്രതീക്ഷയിലാണ്. റഷ്യയിലെ പ്രതീക്ഷകള്‍ ബ്രസീല്‍ സൂപ്പര്‍താരം പങ്കുവെക്കുന്നു

? എങ്ങനെയാണ് ബ്രസീലിന് താങ്കള്‍ വലിയ സാധ്യതകള്‍ കല്‍പ്പിക്കുന്നത്

റഷ്യയിലേക്കുള്ള ഞങ്ങളുടെ വരവ് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ. ലാറ്റിനമേരിക്കയില്‍നിന്ന് റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ച ആദ്യരാജ്യം ബ്രസീലായിരുന്നു. പത്തുരാജ്യങ്ങള്‍... 18 മത്സരങ്ങള്‍. അതില്‍ പകുതിയും വ്യത്യസ്ത രാജ്യങ്ങളില്‍, വ്യത്യസ്ത അന്തരീക്ഷത്തില്‍, വ്യത്യസ്ത കാലാവസ്ഥയില്‍ കളിച്ചതാണ്. ശരിക്കും വലിയൊരു പരീക്ഷണമായിരുന്നു ലോകകപ്പ് യോഗ്യതാറൗണ്ട്. എന്നിട്ടും മികവോടെ ഒന്നാമന്‍മാരായാണ് ഞങ്ങള്‍ ഫിനിഷ് ചെയ്തത്. അര്‍ജന്റീന അടക്കമുള്ളവരെ ഞങ്ങള്‍ പിന്നിലാക്കിയെന്നോര്‍ക്കണം. ഈ മികവ് റഷ്യയിലും തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

? പരിക്കിനെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മവരുന്നത് കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയക്കെതിരേ കളിക്കുമ്പോള്‍ താങ്കള്‍ക്കേറ്റ പരിക്കാണ്. അതോടെ ബ്രസീല്‍ ടീംതന്നെ തകര്‍ന്ന് തരിപ്പണമായി. ഓര്‍മകളിലേക്ക് തിരിഞ്ഞുനടക്കുമ്പോള്‍ എന്തു തോന്നുന്നു

ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മത്സരമാണത്. ജുവാന്‍ സുനിഗയുടെ ആ ഫൗളില്‍ എന്റെ കരിയര്‍തന്നെ തീര്‍ന്നെന്ന് കരുതിയതാണ്. കരിയറിനുതന്നെ ഭീഷണിയുയര്‍ത്തിയ പരിക്കായിരുന്നു അത്. എനിക്ക് കളിക്കാന്‍ കഴിയാതെവന്നത് ടീമിനെയും ബാധിച്ചെന്നറിഞ്ഞപ്പോള്‍ സങ്കടവും വേദനയും ഇരട്ടിയായി. ആ പരിക്ക് എന്റെ ജീവിതം വീല്‍ചെയറില്‍വരെ എത്തിച്ചതാണ്. ദൈവത്തിന് നന്ദി... വേദനകള്‍ നിറഞ്ഞ ആ കാലത്തില്‍നിന്ന് എനിക്ക് തിരിച്ചുവരാനായി. വീണ്ടുമൊരു ലോകകപ്പ് മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ അതിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മനസ്സും ശരീരവും തയ്യാറായിക്കഴിഞ്ഞു.

? താങ്കള്‍ ലയണല്‍ മെസ്സിക്കൊപ്പവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എതിരായും കളിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരായ അവരുടെ ടീമിന്റെ സാധ്യതകള്‍ എങ്ങനെ കാണുന്നു

ഇരുവരും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍മാരാണ്. മെസ്സിക്കൊപ്പം കളിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നായി ഞാന്‍ കരുതുന്നു. എനിക്ക് മെസ്സിയെ ഒരുപാടിഷ്ടമാണ്, ഫുട്ബോളറെന്ന നിലയിലും വ്യക്തിയെന്ന നിലയിലും. മെസ്സിക്കൊപ്പം കളിക്കാന്‍ കഴിയുന്നത് സ്വപ്നസമാനമായ നേട്ടമായി കരുതുന്നു. മെസ്സിയെ ഇഷ്ടപ്പെടുമ്പോള്‍ തന്നെ ക്രിസ്റ്റ്യാനോയുടെ ഗെയിമും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ശക്തിമാനായ ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ. മെസ്സിയും ക്രിസ്റ്റ്യാനോയും ലോകകപ്പിന്റെ സൗഭാഗ്യങ്ങളാണ്.

? റഷ്യന്‍ ലോകകപ്പിലെ ഫേവറിറ്റ് ടീം

തീര്‍ച്ചയായും ബ്രസീല്‍... ഞങ്ങളുടെ ഭൂഖണ്ഡത്തില്‍നിന്ന് തന്നെയുള്ള അര്‍ജന്റീനയും യുറുഗ്വായും ശക്തരാണ്. യൂറോപ്പിലേക്ക് നോക്കുകയാണെങ്കില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി, സ്പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, പോര്‍ച്ചുഗല്‍ എന്നിവരൊക്കെ ശക്തമായ ടീമുകളാണ്. ഇവരില്‍നിന്ന് ഒരു ടീമിനെ തിരഞ്ഞെടുക്കുന്നത് പ്രയാസമുള്ള കാര്യമാണ്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം സ്‌പോര്‍ട്‌സ് മാസികയില്‍ വായിക്കാം

(ലോകകപ്പിനോടനുബന്ധിച്ച് പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖം. വിവിധ ഭാഷകളില്‍ നല്‍കുന്ന അഭിമുഖം മലയാളത്തില്‍ മാതൃഭൂമിക്ക് മാത്രം)

Content Highlights: Neymar Interview On Russia World Cup and Brazil Team