28 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈജിപ്ത് ലോകകപ്പ് കളിക്കാനെത്തുന്നത്. ടീമിനെ ഫൈനല്‍ റൗണ്ടിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുഹമ്മദ് സല എന്ന 25-കാരന്‍ രണ്ടാഴ്ചമുമ്പ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരിക്കേറ്റുവീണത് ആരാധകരെ ഞെട്ടിച്ചു. സലയ്ക്ക് ലോകകപ്പില്‍ കളിക്കാനാകില്ലെന്ന ആശങ്ക പടര്‍ന്നു. ലോകമെങ്ങുമുള്ള ഫുട്ബോള്‍ സ്‌നേഹികള്‍ സലയ്ക്കുവേണ്ടി പ്രാര്‍ഥിച്ചു. എന്തായാലും ടീമിനൊപ്പം റഷ്യയിലെത്തിയ മുഹമ്മദ് സല ലോകകപ്പിനെക്കുറിച്ച് സംസാരിക്കുന്നു.

? ആദ്യ ലോകകപ്പ് കളിക്കുന്നതിന്റെ ആവേശം എത്രത്തോളം

-ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശം കുറച്ചൊന്നുമല്ല. ലോകകപ്പില്‍ കളിക്കുന്നത് ഏതൊരു ഫുട്ബോളറുടെയും സ്വപ്നമാണ്. 1990-നുശേഷം ആദ്യമായാണ് ഞങ്ങള്‍ ടൂര്‍ണമെന്റിനെത്തുന്നത്. അതും ഞങ്ങളെ ഉത്തേജിതരാക്കുന്നു.

? ഈജിപ്തിന്റെ മൂന്നാം ലോകകപ്പാണിത്. നേരത്തേ രണ്ടുതവണയും (1934, 1990) ഇറ്റലിയിലാണ് നിങ്ങള്‍ കളിച്ചത്. ഇക്കുറി റഷ്യയില്‍ കളിക്കാനെത്തുമ്പോള്‍ ആ ലോകകപ്പില്‍ ഇറ്റലി ഇല്ല.

- ഇറ്റലിയുടെ ആരാധകരെ സംബന്ധിച്ച് തികച്ചും ദുഃഖകരമാണത്. ഫുട്ബോളിലെ വമ്പന്‍മാരുടെ കൂട്ടത്തില്‍പ്പെടുന്ന ടീമാണ് ഇറ്റലി. ഹോളണ്ട്, ചിലി ടീമുകളെക്കുറിച്ചും ഇതേ വേദനയുണ്ട്. എന്തായാലും ഞങ്ങളുടെ ആരാധകര്‍ എന്തുവിലകൊടുത്തും റഷ്യയിലെത്തുമെന്ന് എനിക്കുറപ്പുണ്ട്.

? ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ നിങ്ങള്‍ കളി പൂര്‍ത്തിയാക്കാതെ പരിക്കേറ്റ് മടങ്ങിയത് ദാര്‍ഭാഗ്യകരമായി. നിങ്ങള്‍ക്ക് ലോകകപ്പ് കളിക്കാനാകില്ലെന്നുവരെ വാര്‍ത്തകള്‍ വന്നു.

- അത് അപകടകരമായിരുന്നു. എന്തായാലും, ലോകകപ്പ് കളിക്കാന്‍ ഞാന്‍ റഷ്യയിലെത്തിയിരിക്കുന്നു. അതാണ് പ്രധാനം. ഞങ്ങള്‍ യോഗ്യത നേടിയിട്ടും എനിക്ക് കളിക്കാനായിരുന്നില്ലെങ്കില്‍ അത് വല്ലാത്ത വിധിയായേനെ. ദൈവത്തിന് നന്ദി, ലോകകപ്പില്‍ കളിക്കാന്‍ അവസരം തന്നതിന്.

? സൗദി അറേബ്യയ്ക്കും യുറഗ്വായ്ക്കുമൊപ്പം ഗ്രൂപ്പ് 'എ'യിലാണ് ഈജിപ്ത് കളിക്കേണ്ടത്. രണ്ടാം റൗണ്ടിലെത്താനുള്ള സാധ്യത എത്രത്തോളം

- നോക്കൗട്ടിലേക്ക് കടക്കുന്നതിനെപ്പറ്റിയൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. ലോകകപ്പിലെ ഓരോ മത്സരത്തിലും ടീമിന്റെ ഏറ്റവും മികച്ച കളി പുറത്തെടുക്കണം എന്നതാണ് ലക്ഷ്യം. ഞങ്ങള്‍ നന്നായി തയ്യാറെടുത്തിട്ടുണ്ട്. അതിന്റെ ഫലം ആദ്യ മൂന്നു മത്സരങ്ങളില്‍ കാണണം. അങ്ങനെ സംഭവിച്ചാല്‍ ബാക്കിയെല്ലാം താനേ നടന്നോളും

? ലോകകപ്പില്‍ വലിയ പ്രതീക്ഷയുള്ള യുറഗ്വായുമായാണ് നിങ്ങളുടെ ആദ്യ കളി

- അവര്‍ രണ്ടുതവണ ലോകകപ്പ് ജയിച്ചു, 2010-ല്‍ സെമിയിലെത്തി. ലൂയി സുവാരസ്, എഡിന്‍സന്‍ കവാനി തുടങ്ങിയ മികച്ച താരങ്ങളുണ്ട്. എതിരാളികള്‍ക്ക് ഒട്ടും ഇടംകൊടുക്കാതെ കളിക്കുകയാണ് അവരുടെ രീതി. അതുകൊണ്ടുതന്നെ യുറഗ്വായ്ക്കെതിരേ ശക്തമായ മത്സരമായിരിക്കും. അതിന് ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഇനി ഞങ്ങള്‍ ആദ്യം സ്‌കോര്‍ ചെയ്യുകയാണെങ്കില്‍, തിരിച്ചടിക്കാന്‍ അവരും വിഷമിക്കും.

? റഷ്യയിലെ ഫേവറിറ്റ് ടീം

- സമീപകാലത്ത് ഞങ്ങളുടെ കളിയിലും തയ്യാറെടുപ്പിലും മുഴുകിയിരിക്കുകയായിരുന്നു. പിന്നെ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ പ്രവചനങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല.

? ലയണല്‍ മെസ്സി, നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇനിയേസ്റ്റ തുടങ്ങിയവര്‍ക്കൊപ്പം ഈ ലോകകപ്പിലെ ആകര്‍ഷണങ്ങളിലൊന്നാണ് മുഹമ്മദ് സല

- ഇപ്പറഞ്ഞവരെല്ലാം ഇതിഹാസങ്ങളാണ്. അന്താരാഷ്ട്ര തലത്തില്‍ കളിയിലും ജയത്തിലും താരമൂല്യത്തിലുമൊന്നും ഞാന്‍ അവരുടെ അടുത്തില്ല. ദൈവാനുഗ്രഹത്താല്‍ പ്രൊഫഷണല്‍ തലത്തില്‍ യൂറോപ്യന്‍ ഫുട്ബോളില്‍ കളിക്കാനായി. അവിടെ കുറച്ചുകാലം കൂടി തുടരണമെന്നാണ് എന്റെ ആഗ്രഹം. മുമ്പുപറഞ്ഞവരെല്ലാം നേരത്തേതന്നെ ലോകോത്തര താരങ്ങളായി പേരെടുത്തവരാണ്. മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍ കിരീടം ലക്ഷ്യമിട്ടാണ് എത്തുന്നത്. ഇനിയേസ്റ്റയാകട്ടെ, ഒരിക്കല്‍ കിരീടം നേടിയ താരവും. ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കാനെത്തുന്ന എന്നെ നിങ്ങളെങ്ങനെ അവരുടെ കൂട്ടത്തില്‍പ്പെടുത്തും.

Content Highlights: Mohamed Salah Interview On Egypt Team and World Cup 2018