ഷ്യയില്‍ ജര്‍മനി കിരീടം നിലനിര്‍ത്തുകയാണെങ്കില്‍ അതില്‍ മെസ്യൂട്ട് ഓസിലിന് വലിയ പങ്കുണ്ടാകും. ഗോള്‍ അടിക്കുന്നതില്ല, അടിപ്പിക്കുന്നതിലാണ് കളി എന്നു വിശ്വസിക്കുന്ന ഓസിലിനൊപ്പോലൊരു മിഡ്ഫീല്‍ഡറെ ഏതുടീമും ആഗ്രഹിച്ചുപോകും. ഇനിയൊരു ലോകകപ്പിന് ഓസില്‍ ഉണ്ടായെന്നുവരില്ല. ജര്‍മനിയുടെ രഹസ്യായുധമായ ഓസില്‍ ലോകകപ്പിനെക്കുറിച്ച് സംസാരിക്കുന്നു.

ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായാണ് ജര്‍മനി റഷ്യയിലേക്ക് പോകുന്നത്?

അത് നല്ലകാര്യം തന്നെ. എന്നാല്‍ റാങ്കിങ് ഒന്നും ഉറപ്പു നല്‍കുന്നില്ല. ഒന്നാംനമ്പര്‍ ആയിരിക്കുക എന്നതിനര്‍ഥം തുടര്‍ച്ചയായി കുറെക്കാലം നന്നായി കളിച്ചെന്നും സ്ഥിരതയോടെ കളിക്കുന്നു എന്നുമാണ്. എന്തായാലും തുടര്‍ച്ചയായി ഏഴു കളികളില്‍ ഏറ്റവും നന്നായി കളിക്കുന്നവര്‍ക്കേ ലോകകപ്പ് ചാമ്പ്യന്‍മാരാകാനാകൂ. ആ ഏഴുദിവസത്തെ കളികളാണ് എല്ലാം നിശ്ചയിക്കുന്നത്. ഒരുദിവസത്തെ മോശംകളി, പ്രത്യേകിച്ച് നോക്കൗട്ടില്‍, അതുവരെയുള്ള എല്ലാ ശ്രമങ്ങളെയും ഇല്ലാതാക്കും.

2014 ലോകകപ്പ് ജയിച്ചശേഷം ജര്‍മന്‍ ടീമിന് പെട്ടെന്ന് ഫോം നഷ്ടമായി. ആത്യന്തികമായ ലക്ഷ്യം നേടിക്കഴിഞ്ഞു എന്ന തോന്നലാണോ അതിനുകാരണം?

അതല്ല. വര്‍ഷങ്ങളായി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഇതിഹാസതാരങ്ങള്‍ ലോകകപ്പിനുശേഷം വിരമിച്ചു. അതിനെ മറികടക്കാന്‍ കുറച്ചുസമയം വേണമായിരുന്നു. നാലുവര്‍ഷംകൊണ്ട്, മറ്റൊരു ലോകകപ്പ് അടുത്തുനില്‍ക്കേ ഞങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച ടീമായി തിരിച്ചെത്തിയിരിക്കുന്നു. ഒന്നാംറാങ്കിലെത്തി എന്നതില്‍ എല്ലാമുണ്ട്. വീണ്ടും ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.

2016 യൂറോ കപ്പില്‍ സെമിയില്‍ തോറ്റതോ?

എനിക്ക് ഇന്നും മറക്കാനാകാത്ത അനുഭവമാണത്. ശരിക്കും യൂറോപ്യന്‍ കിരീടം ഞങ്ങള്‍ക്ക് വേണമായിരുന്നു. കുറച്ചുവര്‍ഷംമുമ്പ് സ്പെയിന്‍ നേടിയത് (ലോകകപ്പ്, യൂറോകപ്പ്) ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വസിച്ചു. സെമി വരെയെത്തി. അതായത് അവസാന നാലുടീമുകളിലൊന്നായി. സെമിയില്‍ മടങ്ങി എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കുറച്ച് സമയമെടുത്തു. 

യൂറോ 2016 നിങ്ങളെ എന്തു പഠിപ്പിച്ചു?

നോക്കൗട്ട് ഘട്ടത്തില്‍ ഓരോ മത്സരത്തിലും ഏറ്റവും മികച്ച കളിതന്നെ പുറത്തെടുക്കണം. പിഴവുകള്‍ക്ക് എവിടെയും ഇടമില്ല, ഒരിക്കലും.

ലോകചാമ്പ്യന്‍മാരെന്ന അലസതയുണ്ടായിരുന്നോ?

ഒരിക്കലുമില്ല. യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകള്‍ കളിക്കുന്ന ടൂര്‍ണമെന്റില്‍ കിരീടം ഒട്ടും എളുപ്പമാകില്ലെന്ന് അറിയാമായിരുന്നു. അന്ന് ഫ്രാന്‍സ് നന്നായി കളിച്ചു. ഭാഗ്യവും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല. അതുപോട്ടെ, എന്നും ഭാവിയെക്കുറിച്ച് ചിന്തിക്കാനാണ് ജര്‍മന്‍ ഫുട്ബോള്‍ ടീമിന് ഇഷ്ടം.

ജോക്കിം ലോവിന്റെ കീഴില്‍ കളിച്ച എല്ലാ ടൂര്‍ണമെന്റിലും ജര്‍മനി സെമിയിലെത്തിയിട്ടുണ്ട്. 2010 ലോകകപ്പ്, യൂറോ 2012, 2016. യൂറോ 2008-ല്‍ ഫൈനലിലും. ഈ കണക്കുകള്‍ ലോവിനുകീഴില്‍ ജര്‍മനിയുടെ സ്ഥിരത വെളിപ്പെടുത്തുന്നു?

ജര്‍മന്‍ ഫുട്ബോളിന്റെ പ്രത്യേകത എന്താണെന്നുവച്ചാല്‍, ഞങ്ങള്‍ എപ്പോഴും ഏറ്റവും മികച്ചതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കും. യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ക്ക് കൃത്യമായ സംവിധാനമുണ്ട്. ദേശീയ ടീമിലേക്ക് കൃത്യമായ സപ്ലൈ ലൈനുണ്ട്. അതൊരു തുടര്‍ പ്രക്രിയയാണ്. ഞങ്ങള്‍ എപ്പോഴും സെമിഫൈനലില്‍ തോല്‍ക്കുന്നു എന്നുപറയുമ്പോള്‍, എപ്പോഴും മികച്ച നാലുടീമുകളില്‍ ഞങ്ങളുണ്ട് എന്നുകൂടി അര്‍ഥമുണ്ട്. ആ നാലുപേരില്‍ ഒരാളായാല്‍ പോരാ, ഏറ്റവും മികച്ചതാവണമെന്ന വാശിയുമുണ്ട്.

മെക്സിക്കോ, സ്വീഡന്‍, ദക്ഷിണകൊറിയ എന്നീ ടീമുകളാണ് ഗ്രൂപ്പില്‍ നിങ്ങള്‍ക്കൊപ്പം. ലോക ചാമ്പ്യന്‍മാരെ സംബന്ധിച്ച് എളുപ്പമുള്ള ഗ്രൂപ്പ്?

കണക്കുകളില്‍ അങ്ങനെയാണ്. എന്നാല്‍ മുന്നോട്ടുപോകണമെങ്കില്‍ ഏറ്റവും മികച്ചതുതന്നെ പുറത്തെടുക്കണമെന്ന് ഞങ്ങള്‍ക്കറിയാം. ഏതൊരു ടൂര്‍ണമെന്റിലും പ്രാഥമിക ഘട്ടം കടന്ന് നോക്കൗട്ടിലെത്തുക എന്നതാകും ടീമുകളുടെയെല്ലാം ആദ്യ ലക്ഷ്യം. പിന്നീട് ഓരോ കളിയും ഫൈനലാണെന്ന് കരുതുക. വലിയ ടൂര്‍ണമെന്റുകളില്‍ അതുതന്നെയാണ് ശരിയായ രീതി.

ക്ലബ്ബ് തലത്തില്‍ ഈ സീസണില്‍ നിങ്ങള്‍ക്ക് അത്ര തിളങ്ങാനായില്ല. കോച്ച് ആഴ്സന്‍ വെങ്ങര്‍ ടീം വിടുകയും ചെയ്തു?

എന്നെയും ആഴ്സനലിലെ സഹതാരങ്ങളെയും കോച്ച് ആഴ്സന്‍ വെങ്ങര്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹായം ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍കഴിയില്ല. ശരിയാണ്, ഞങ്ങള്‍ ആഗ്രഹിച്ചപോലെ നേട്ടങ്ങളുണ്ടാക്കാനായില്ല. അദ്ദേഹമാണെന്നെ ആഴ്സനലിലേക്ക് കൊണ്ടുപോയത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, രീതികള്‍, പരിശീലനം ഒന്നും മറക്കാനാകില്ല...

ഏത് പൊസിഷനില്‍ കളിക്കാനാണ് നിങ്ങള്‍ക്ക് ഇഷ്ടം?

ടീമിന്റെ ഓരോ മുന്നേറ്റങ്ങളിലും പങ്കാളിയാകാനും കളിയുടെ ഓരോ നിമിഷവും നിയന്ത്രിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു. സ്ട്രൈക്കര്‍മാരെ അസിസ്റ്റ് ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. ചിലപ്പോള്‍ ഞാനും സ്‌കോര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ടീമിന് ആവശ്യമായ രീതിയില്‍ കളിക്കുന്നതാണ് കൂടുതല്‍ ഇഷ്ടം. ഓരോ പരിശീലകര്‍ക്കും കളിയെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടാകും. അതിന് അനുയോജ്യമായിരിക്കുക എന്നതാണ് പ്രധാനം.

എന്നാല്‍ വിമര്‍ശകര്‍ പലപ്പോഴും നിങ്ങളുടെ അധ്വാനം കാണുന്നില്ല?

എന്നെ സംബന്ധിച്ചിടത്തോളം വിമര്‍ശകരും കണക്കുകളുമല്ല, എന്റെ കോച്ച് പറയുന്നതാണ് പ്രധാനം. എന്റെ കണക്കുകളും അത്ര മോശമല്ല! എന്റെ ജോലി നന്നായില്ലെങ്കില്‍ ആരെ കാണണമെന്നും എന്തു ചെയ്യണമെന്നും എനിക്ക് നന്നായറിയാം. കോച്ചുമാര്‍ക്ക് എന്നെക്കുറിച്ച് പരാതിയില്ലെങ്കില്‍ ഞാന്‍ ജോലി നന്നായി ചെയ്യുന്നു എന്നാണര്‍ഥം.

(ലോകകപ്പിനോടനുബന്ധിച്ച് പ്രൊഫഷണല്‍ മാനേജ്മെന്റ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖം. വിവിധ ഭാഷകളില്‍ നല്‍കുന്ന അഭിമുഖം മലയാളത്തില്‍ മാതൃഭൂമിക്ക് മാത്രം)

Content Highlights: Mesut Ozil Interview World Cup Expectations Of Germnay