2014 ബ്രസീല്‍ ലോകകപ്പ് ഫൈനല്‍. ലോകകിരീടം മെസ്സിയുടെ കൈയെത്തുംദൂരെ. രണ്ടു പതിറ്റാണ്ടുനീണ്ട അര്‍ജന്റീനയുടെ കാത്തിരിപ്പിനും വര്‍ഷങ്ങള്‍നീണ്ട മെസ്സിയുടെ കഠിനാധ്വാനത്തിനും അവസാനമായെന്ന് എല്ലാവരും കരുതി. പക്ഷേ, റിയോ ഡി ജനെയ്റോയിലെ ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ മെസ്സിയുടെ കണ്ണീരുപ്പുകലര്‍ന്നു. ഒരു പതിറ്റാണ്ടിലേറെയായി ലോകത്തെ ഫുട്ബോള്‍ പ്രണയികളെ ആനന്ദത്തില്‍ ആറാടിച്ച അര്‍ജന്റീനയുടെ രാജകുമാരന്‍, ജര്‍മന്‍ നായകന്‍ ഫിലിപ്പ് ലാം കിരീടം ഏറ്റുവാങ്ങുന്നത് വേദനയോടെ കണ്ടുനിന്നു.

? മാരക്കാനയിലെ തോല്‍വി ഇപ്പോഴും നിങ്ങളെ അലട്ടുന്നുണ്ടോ

ഉണങ്ങാത്ത മുറിവാണത്, എല്ലാകാലവും അത് അങ്ങനെതന്നെ അവശേഷിക്കും. സ്വപ്നം യാഥാര്‍ഥ്യമാകുന്ന അവസാന പടവുവരെ ഞങ്ങള്‍ എത്തി. പക്ഷേ, ഇത് ഫുട്ബോളാണ്. മികച്ച ടീമുകള്‍ എപ്പോഴും ജയിക്കണമെന്നില്ല. ഞങ്ങള്‍ അത് ഉള്‍ക്കൊള്ളേണ്ടതുണ്ട്. അത് മനസ്സിലാക്കി മുന്നോട്ടുപോകേണ്ടതുണ്ട്. ഞങ്ങളെപ്പോലെ ആ കിരീടം ആഗ്രഹിച്ച അര്‍ജന്റീനയിലെ ജനങ്ങളെല്ലാം, ടീമിന്റെ ആരാധകരെല്ലാം അന്ന് കരഞ്ഞു. ടീം ഒന്നടങ്കം കരഞ്ഞു, ഞാനും കരഞ്ഞു. അതിന്റെ വേദന ഇന്നും മാറിയിട്ടില്ല.

?മറ്റൊരു ലോകകപ്പ് അടുത്തെത്തിയിരിക്കുന്നു. ഇപ്പോഴും ടീമിനെക്കുറിച്ച് വലിയ പ്രതീക്ഷ നിലനില്‍ക്കുന്നു

ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ, ഞങ്ങളുടെ കാലത്ത് അര്‍ജന്റീനയ്ക്കുവേണ്ടി ഒരു കിരീടം ജയിക്കാനായില്ല. 1986-നുശേഷം ഒരു ലോകകപ്പും നേടിയിട്ടില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷകള്‍ ഏറെയുണ്ടാകും. അതിനെ കുറ്റംപറയാനാകില്ല. എല്ലാ അര്‍ജന്റീനക്കാരെയുംപോലെ, രാജ്യത്തിനുവേണ്ടി കിരീടം ഉയര്‍ത്തി പരമമായ ആനന്ദം അനുഭവിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. അതിനുവേണ്ടി ടീമിലെ ഓരോരുത്തരും അവരുടെ പരമാവധി കഷ്ടപ്പെടുന്നു. എന്നിട്ടും ഞങ്ങള്‍ക്ക് അവിടെ എത്താനായില്ല.

argentina
അര്‍ജന്റീനയുടെ പരിശീലനം വീക്ഷിക്കുന്ന കുട്ടികള്‍  ഫോട്ടോ: ട്വിറ്റര്‍

? റഷ്യന്‍ ലോകകപ്പില്‍ അത് സംഭവിക്കുമോ

ഫൈനലിലെത്തുന്നതും കിരീടമുയര്‍ത്തുന്നതുമാണ് എന്നും ഞാന്‍ സ്വപ്നം കാണുന്നത്. 2014-ല്‍ ആ സ്വപ്നത്തിന്റെ ഏറിയപങ്കും യാഥാര്‍ഥ്യമായി, കിരീടം ഉയര്‍ത്തുന്നത് ഒഴികെ! ഇക്കുറി അവസാനഫലവും മാറ്റിമറിക്കണം. എന്റെ തലമുറയ്ക്ക് മറ്റൊരു ലോകകപ്പ് കളിക്കാന്‍ അവസരമുണ്ടാകില്ലെന്ന് ഉറപ്പ്. അതുകൊണ്ടുതന്നെ ഇത് ജയിച്ചേ മതിയാകൂ.

? രാജ്യത്തിനുവേണ്ടി കളിച്ച് ഓരോതവണ തോല്‍ക്കുമ്പോഴും അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ ടീമിനെ, പ്രത്യേകിച്ച് നിങ്ങളെ നിശിതമായി വിമര്‍ശിച്ചു. അതിനെ എങ്ങനെ അതിജീവിച്ചു

തീര്‍ച്ചയായും അതെല്ലാം സങ്കടകരമായിരുന്നു. എന്നാല്‍, ഞങ്ങള്‍ അനുഭവിക്കുന്ന അതേ വേദനയില്‍നിന്നാണ് അവരും വിമര്‍ശിക്കുന്നത്. ഫുട്ബോള്‍ ആരാധകരുടെ രാജ്യമാണ് അര്‍ജന്റീന. ആ രീതിയില്‍ മാധ്യമങ്ങളുടെ സ്വാഭാവിക പ്രതികരണമാണിത്. നാലുവര്‍ഷത്തിനിടെ മൂന്നുഫൈനലുകളില്‍ ഞങ്ങളെത്തി. അത് ചെറിയ കാര്യമല്ല. ഇതൊന്നും ആരും കാണുന്നില്ലേ എന്ന് സംശയിച്ചിട്ടുണ്ട്. പക്ഷേ, അര്‍ജന്റീന അങ്ങനെയാണ്, റണ്ണര്‍ അപ്പുകള്‍ക്ക് അവിടെ സ്ഥാനമില്ല.

?ഐസ്ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നിവര്‍ക്കൊപ്പം കഠിനമായ ഗ്രൂപ്പിലാണ് അര്‍ജന്റീന പ്രാഥമികറൗണ്ടില്‍ കളിക്കേണ്ടത്

വലിയ ടൂര്‍ണമെന്റുകളില്‍ ഏറ്റവും മികച്ച ടീമുകളെ അതിലും മികച്ച കളികൊണ്ടേ നിങ്ങള്‍ക്ക് നേരിടാനാകൂ. ഇത് ലോകകപ്പാണ്, ഓരോ ടീമും അദ്ഭുതപ്രകടനങ്ങള്‍ക്ക് തയ്യാറായിട്ടാണ് വരുന്നത്. അപ്രതീക്ഷിതമായ വെല്ലുവിളികളുണ്ടാകും. ഇവിടെ ഏറ്റവും മികച്ച ടീമുകളേ കളിക്കാനെത്തുന്നുള്ളൂ, ഓരോ എതിരാളിയും ശക്തരായിരിക്കും. ഏതു ടീമിനേയും നേരിടാന്‍ തയ്യാറായാലേ മുന്നേറാനാകൂ. ഞങ്ങള്‍ അതിന് തയ്യാറായിക്കഴിഞ്ഞു.

? യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന ശരിക്കും ബുദ്ധിമുട്ടി. ഇക്വഡോറിനെതിരേ നിങ്ങളുടെ ഹാട്രിക്കാണ് ടീമിനെ രക്ഷിച്ചത്

ആ കളി ജയിക്കേണ്ടത് അനിവാര്യമായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ഞങ്ങള്‍ പിന്നിലായിരുന്നു. അവസാനം എല്ലാം ഞങ്ങള്‍ വിചാരിച്ചപോലെ നടന്നു. ഗോള്‍ നേടിയത് ഞാനാണെന്നല്ല, ടീം യോഗ്യതനേടി എന്നതാണ് പ്രധാനം. ലോകകപ്പിനെത്താന്‍ ഞങ്ങള്‍ അദമ്യമായി ആഗ്രഹിച്ചു. ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ മത്സരത്തില്‍ ഞങ്ങളുണ്ടാകണം. അതായിരുന്നു ലക്ഷ്യം. പ്ലേ ഓഫിന്റെ സമ്മര്‍ദങ്ങളിലേക്ക് പോകാതെ ടീമിന് യോഗ്യത ഉറപ്പിക്കാനുള്ള ഗോളുകള്‍ നേടാനായതില്‍ എനിക്ക് സന്തോഷമുണ്ട്.

(ലോകകപ്പിനോടനുബന്ധിച്ച് പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖം. വിവിധ ഭാഷകളില്‍ നല്‍കുന്ന അഭിമുഖം മലയാളത്തില്‍ മാതൃഭൂമിക്ക് മാത്രം)

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഈ ലക്കം സ്‌പോര്‍ട്‌സ് മാസികയില്‍ വായിക്കാം

 

Content Highlights: Lionel Messi Interview and World Cup Dreams Of Argentina