ര്‍ജന്റീന ടീം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പതറിനില്‍ക്കുമ്പോഴാണ് യോര്‍ഗെ സാംപോളി പരിശീലകനായി എത്തിയത്. പരീക്ഷണങ്ങള്‍ക്കൊടുവില്‍ അര്‍ജന്റീന റഷ്യന്‍ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചു. നേരത്തേ ചിലിക്ക് കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്ത യോര്‍ഗെ സാംപോളി ലോകകപ്പില്‍ അര്‍ജന്റീനയുടെ സാധ്യതകള്‍ പങ്കിടുന്നു.

? അര്‍ജന്റീനയുടെ പരിശീലകന്‍ എന്ന റോള്‍ അധിക സമ്മര്‍ദം നല്‍കുന്നുണ്ടോ

- അര്‍ജന്റീന ടീമിന്റെ പരിശീലകനാകുമ്പോള്‍ സമ്മര്‍ദം സ്വാഭാവികമാണ്. ടീമിനെയും പ്രതീക്ഷകളുടെ ഭാരത്തെയും ഒരേസമയം കൈകാര്യം ചെയ്യേണ്ടതുണ്ട്. 1986-ലാണ് അര്‍ജന്റീന അവസാനമായി ലോകകപ്പ് നേടിയത് എന്നതുകൊണ്ട് പ്രത്യേകിച്ചും. അതിനിടെ രണ്ടുതവണ ഫൈനലിലെത്തിയെങ്കിലും, കിരീടം നേടിയിട്ട് 32 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

അര്‍ജന്റീനയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം റണ്ണറപ്പാകുന്നതും 32-ാംസ്ഥാനത്തെത്തുന്നതും എല്ലാം ഒരുപോലെയാണ്. അതെനിക്ക് നന്നായറിയാം.

? നിങ്ങള്‍ക്കും അര്‍ജന്റീനയ്ക്കുംവേണ്ടി ലയണല്‍ മെസ്സി അതുനേടുമോ

- മെസ്സിക്ക് അസാധ്യമായി ഒന്നുമില്ല. ഞങ്ങളെല്ലാം മെസ്സിയില്‍ വിശ്വസിക്കുന്നു, അദ്ദേഹം ഞങ്ങളുടെ നായകനാണ്, നായകന്‍ വഴികാട്ടും. അദ്ദേഹത്തിന് സ്വാഭാവികമായി കളിക്കാനുള്ള വഴിതുറക്കുകയാണ് ഞങ്ങള്‍ ചെയ്യേണ്ടത്. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ മെസ്സിയെ ആര്‍ക്കും തടുക്കാനാകില്ല.

? അര്‍ജന്റീന ടീമിന് ചില ദൗര്‍ബല്യങ്ങളുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. പ്രത്യേകിച്ചും പ്രതിരോധത്തില്‍

- ഈ ടീമിന്റെ ശേഷിയില്‍ ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. ഏതറ്റംവരെയും പോകാന്‍ ഞങ്ങള്‍ക്ക് ശേഷിയുണ്ട്. ഈ വിഭവശേഷിവച്ച് എന്തും ചെയ്യാനാകും. അതുകൊണ്ടുതന്നെയാണ് മറ്റു ടീമുകള്‍ ഞങ്ങളെ ബഹുമാനിക്കുന്നത്. സധൈര്യം കളിച്ചാല്‍ മാത്രംമതി.

? ലോകകപ്പ് യോഗ്യതയ്ക്കുവേണ്ടി അര്‍ജന്റീന ശരിക്കും കഷ്ടപ്പെട്ടു. ഇക്വഡോറിനെതിരേ അവസാന മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക്കാണ് ടീമിനെ രക്ഷിച്ചത്.

- അദ്ദേഹം ചെയ്യേണ്ടത് ചെയ്തു. ഒരു പ്രതിഭയ്ക്കുമാത്രം ചെയ്യാനാകുന്ന കാര്യം. അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. ഇപ്പോള്‍ ജൂണായി. ടീമിനെ ജയിപ്പിക്കാന്‍ എന്തുചെയ്യണം എന്നതാണ് ഇപ്പോഴത്തെ ആലോചന. മറ്റെല്ലാം കഴിഞ്ഞ കാര്യങ്ങള്‍.

? ലോകകപ്പ് ജയിക്കാന്‍ നന്നായി കളിച്ചാല്‍ മാത്രം പോരാ...

- അത് ശരിയാണ്. ലോകകപ്പിന്റെ പ്രത്യേകത അതിന്റെ അപ്രവചനീയതയാണ്. കളിയുടെ ഗതിയും ഫലവും മാറ്റിമറിക്കാന്‍ ഒരുനിമിഷം മതി. നമ്മുടെ കളിക്കാര്‍ക്കെല്ലാം അതറിയാം. രാജ്യത്തിനുവേണ്ടി കിരീടം നേടാന്‍ എന്തും സഹിക്കാന്‍ അവര്‍ തയ്യാറാണ്.

? നിങ്ങള്‍ പരിശീലകനായി എത്തിയശേഷം അര്‍ജന്റീന ടീമിലുണ്ടായ പ്രധാനമാറ്റം എന്താണ്

- ഞങ്ങള്‍ ലോകകപ്പിനെത്തി എന്നതാണ് പ്രധാന മാറ്റം. ടീം മാറ്റത്തിന്റെ ഘട്ടത്തിലൂടെ കടന്നുപോകുന്നു. യോഗ്യതയെക്കുറിച്ച് ആശങ്ക നിലനിന്നിരുന്ന കാലത്താണ് ഞാന്‍ എത്തിയത്. യോഗ്യത ഉറച്ചത് ചെറിയ കാര്യമല്ല. അതുനല്‍കിയ ആത്മവിശ്വാസം ടീമിനെ ഉണര്‍ത്തി.

? യോഗ്യത നേടിയശേഷം ഈയിടെ സ്‌പെയിനിനോട് 6-1ന് തോറ്റു

- അതേക്കുറിച്ച് എന്തുപറയാന്‍, അത് ഞങ്ങളുടെ മോശം ദിവസമായിരുന്നു. ഒന്നും ഞങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല. എല്ലാ മേഖലയിലും സ്പെയിന്‍ മുന്നിലായിരുന്നു. അതില്‍നിന്ന് ഒട്ടേറെ പാഠങ്ങള്‍ പഠിച്ചു. സ്പെയ്ന്‍ അത്രത്തോളം കരുത്തരാണെന്ന് ഞങ്ങള്‍ കരുതിയില്ല. തെറ്റില്‍നിന്ന് പാഠം പഠിച്ചു.

? ഗോള്‍കീപ്പര്‍ റോമേറോ പരിക്കേറ്റ് പിന്‍മാറിയത് ടീമിനെ ബാധിക്കുമോ

- ഞങ്ങളുടെ ഒന്നാം നമ്പര്‍ ഗോളിയുടെ പരിക്ക് ദൗര്‍ഭാഗ്യകരമായി. അതില്‍ ഒന്നും ചെയ്യാനാകില്ല. പരിക്കുകള്‍ വരും, അത് നമ്മള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സ്ഥാനത്ത് അതിനേക്കാള്‍ കരുത്തരായ ഒരാള്‍ ഉയര്‍ന്നുവരും.

? അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറെ പരിചയസമ്പത്തുള്ള ഒട്ടേറെ കളിക്കാര്‍ ഉണ്ടായിട്ടും യോഗ്യത റൗണ്ടില്‍ 18 കളിയില്‍ 19 ഗോളാണ് ടീം നേടിയത്.

- ഗോളുകള്‍ കുറഞ്ഞതോടെ ഞങ്ങള്‍ പ്രതിസന്ധിയിലായി. ആദ്യ 17 കളിയില്‍ 16 ഗോളാണ് നേടിയത്. 16 എണ്ണം വഴങ്ങുകയും ചെയ്തു. പ്രകടനങ്ങളെക്കുറിച്ച് പിന്നീട് വിശദമായി പരിശോധിച്ചു. അതെല്ലാം പരിഗണിച്ച് വേണ്ട തയ്യാറെടുപ്പിനുശേഷമാണ് റഷ്യയിലെത്തിയത്. ലോകകപ്പില്‍ മറ്റൊരു അര്‍ജന്റീനയായിരിക്കും

? ക്രൊയേഷ്യ, ഐസ്ലന്‍ഡ്, നൈജീരിയ എന്നിവര്‍ക്കൊപ്പം കടുത്ത ഗ്രൂപ്പിലാണ് അര്‍ജന്റീ

- ഇക്കുറി ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പ് എന്നുതന്നെ പറയേണ്ടിവരും. എന്നാല്‍ ഞങ്ങളുടെ കളി പുറത്തെടുക്കാനായാല്‍ നോക്കൗട്ടിലെത്താന്‍ ഒരു പ്രയാസവുമില്ലെന്ന ആത്മവിശ്വാസമുണ്ട്.

(ലോകകപ്പിനോടനുബന്ധിച്ച് പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖം. വിവിധ ഭാഷകളില്‍ നല്‍കുന്ന അഭിമുഖം മലയാളത്തില്‍ മാതൃഭൂമിക്ക് മാത്രം)

Content Highlights: Jorge Sampaoli Interview On Argentina Team and World Cup Football